ലിബര്‍ട്ടി ബഷീറിന്‍െറയും കൂട്ടാളികളുടെയും തിയറ്ററുകള്‍ക്ക് പുതിയ പടമില്ല
text_fieldsകൊച്ചി: തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്ത ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളുടെ തിയറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങളില്ല. പുതിയ സംഘടനയും അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന നിര്‍മാതാക്കളും വിതരണക്കാരും തങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
ബഷീറിന്‍െറ തലശ്ശേരിയിലെ ലിബര്‍ട്ടി പാരഡൈസ്, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്‍റുമാരായ സന്തോഷിന്‍െറ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപ്ളക്സ്, ജേക്കബിന്‍െറ കാഞ്ഞാണിയിലെ സിംല എന്നിവ ഉള്‍പ്പെടെ 25 തിയറ്ററുകള്‍ക്കാണ് പുതിയ സിനിമകള്‍ ഇല്ലാത്തത്. കഴക്കൂട്ടം, തൃപ്പൂണിത്തുറ, ഇടപ്പള്ളി, പരപ്പനങ്ങാടി, മഞ്ചേരി എന്നിവിടങ്ങളിലടക്കം ഫെഡറേഷന്‍ നിര്‍വാഹകസമിതി അംഗങ്ങളുടെ തിയറ്ററുകളിലും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ സംഘടനയുടെ പ്രസിഡന്‍റ് നടന്‍ ദിലീപ് ഫെഡറേഷന്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തി സംഘടനയില്‍ ചേര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, തങ്ങള്‍ ആര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് നിര്‍മാതാക്കളും വിതരണക്കാരും പൊതുവില്‍ പറയുന്നു. മലയാള സിനിമ ഏതൊക്കെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിക്കുമെന്ന് പുതിയ സംഘടനയുടെ രൂപവത്കരണ യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. സുരേഷ്കുമാര്‍ പറഞ്ഞിരുന്നു. ഏതാണ്ട് ഇതേരീതിയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കറും പ്രതികരിച്ചു. തങ്ങളുടെ പടങ്ങള്‍ എവിടെ കളിക്കണമെന്ന് തങ്ങളാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 19ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാടിന്‍െറ ‘ജോമോന്‍െറ സുവിശേഷങ്ങളും’ 20ന് മോഹന്‍ലാല്‍ നായകനായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള’ും റിലീസാകും. 25ന് തിരുവനന്തപുരത്ത് സിനിമപ്രവര്‍ത്തകരുടെ ചര്‍ച്ച മന്ത്രി എ.കെ. ബാലന്‍െറ സാന്നിധ്യത്തില്‍ നടക്കുകയും ചെയ്യും. ഈ ചര്‍ച്ചക്കുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബഷീര്‍ പറഞ്ഞു. അതിനിടെ, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ 26നാണ് റിലീസ് ചെയ്യുകയെന്ന പ്രചാരണം വ്യാജമാണെന്ന് നിര്‍മാതാവ് സോഫിയ പോള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 20നുതന്നെ റിലീസ് ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് സിയാദ് കോക്കറും വ്യക്തമാക്കി. 26ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ‘സിങ്ക’ത്തിന്‍െറ മൂന്നാം ഭാഗവും ഹിന്ദി മെഗാസ്റ്റാറുകളായ ഷാരൂഖ് ഖാന്‍, ഋതിക് റോഷന്‍ എന്നിവരുടെ പടങ്ങളും തിയറ്ററിലത്തെുകയാണ്. മറ്റുരണ്ട് തമിഴ് ചിത്രങ്ങള്‍കൂടി അതേ തീയതിയില്‍ റിലീസിങ്ങുണ്ട്. ഇക്കാരണത്താല്‍ തന്‍െറ പടത്തിന്‍െറ റിലീസിങ് 20ന് ആക്കണമെന്ന സോഫിയയുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.