സർക്കാർ അനുമതി നൽകിയെങ്കിലും തിയറ്ററിൽ സിനിമ കാണാൻ ഇനിയും കാത്തിരിക്കണം
text_fieldsകോട്ടയം: സർക്കാർ അനുമതി നൽകിയെങ്കിലും തിയറ്ററിൽ സിനിമ കാണാൻ ഇനിയും കാത്തിരിക്കണം. ഒ.ടി.ടി റിലീസിനെച്ചൊല്ലിയുള്ള തർക്കവും കോവിഡ് പ്രതിരോധ സജ്ജീകരണങ്ങളൊരുക്കുന്നതിലെ കാലതാമസവും സർക്കാരിൽ നിന്നും സഹായപ്രഖ്യാപനം വരാത്തതുമാണ് തിയറ്ററുകൾ തുറക്കുന്നത് വൈകാനിടയാക്കുന്നത്.
കഴിഞ്ഞവർഷം മാർച്ച് 13നാണ് തിയറ്ററുകൾ അടച്ചത്. മാർച്ച് 31വരെ അടച്ചിടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം കൈവിട്ടതോടെ തിയറ്ററുകൾ തുറക്കലും സിനിമകളുടെ റിലീസിങ്ങും അടക്കം അനിശ്ചിതത്വത്തിലായി.
ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും. ഫിയോക് യോഗത്തിന് പിന്നാലെ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനി എക്സിബിറ്റേവ്സ് അസോസിയേഷൻ എന്നിവരുമായും ചർച്ച നടത്തും. നാളെ ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ സിനിമ സംഘടനകളും യോഗം ചേരും.
ഒ.ടി.ടി റിലീസ് സംബന്ധിച്ച തർക്കവും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയും യോഗത്തിൽ ചർച്ചയാവും. അമ്മ പ്രസിഡൻറ് കൂടിയായ മോഹൻലാലിൻെറ ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്തതിൽ തിയറ്റർ ഉടമകൾ വ്യാപക പ്രതിഷേധത്തിലാണ്. തിയറ്റർ തുറക്കുന്നതിനൊപ്പം ഈ സിനിമ എത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായകമായേനെ എന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്.
എന്നാൽ, തിയറ്റർ തുറക്കാൻ തീരുമാനിക്കുന്നതിന് മുമ്പുതന്നെ ഒ.ടി.ടി റിലീസിന് കരാർ ആയെന്നും ഇനി പിൻവലിയാൻ ആവില്ലെന്നുമാണ് ദൃശ്യം 2 ൻെറ അണിയറപ്രവർത്തകരുടെ നിലപാട്. തിയറ്ററുകൾ അടച്ചിട്ടിരുന്നെങ്കിലും മെയ്ൻറനൻസ്, തൊഴിലാളികളുടെ വേതനം, കറൻറ് ചാർജ് എന്നിവക്ക് പണം കണ്ടെത്തേണ്ടിയിരുന്നു. അതിൻെറ പ്രതിസന്ധി തിയറ്റർ ഉടമകൾക്കുണ്ട്.
തിയറ്ററുകൾ തുറന്നാലും പകുതി സീറ്റിലേ ആളുകളെ പ്രവേശിപ്പിക്കാൻ കഴിയൂ. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കോവിഡ് പ്രതിരോധമാർഗങ്ങളും പാലിക്കണം. തിയറ്റർ പൂർണമായി അണുമുക്തമാക്കുകയും വേണം. 80ഓളം സിനിമകളാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലി കഴിഞ്ഞ് റിലീസ് കാത്തിരിക്കുന്നത്.
തമിഴ്നടൻ വിജയ്യുടെ മാസ്റ്റർ, മമ്മൂട്ടിയുടെ പ്രീസ്റ്റ്, മോഹൻലാലിൻെറ മരക്കാർ: അറബിക്കടലിൻെറ സിംഹം, നിവിൻ പോളിയുടെ തുറമുഖം, ഫഹദ് ഫാസിലിൻെറ മാലിക്, ജയസൂര്യയുടെ വെള്ളം തുടങ്ങിയ സിനിമകളാണ് തിയറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന പ്രധാന സിനിമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.