തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ വിലക്ക് നീക്കി
text_fieldsതൃശൂർ: ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. കലക്ടർ അധ്യക്ഷനായ നാട്ടാന പരിപാലന ജില്ല മോണിറ്ററിങ് കമ്മിറ്റിയാണ് എഴുന്നള്ളിക്കാൻ അനുമതി നൽകിയിരിക്കുന്നത്. രണ്ടുമാസം എഴുന്നള്ളിപ്പ് നടത്തി തൃപ്തികരമെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ട ശേഷമാകും തുടരനുമതി നൽകുക. ഈ രണ്ട് മാസവും തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമേ എഴുന്നള്ളിക്കാവൂ.
രണ്ടുദിവസം ഇടവിട്ട് മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടുപോകാവൂ. എന്നാൽ, തൃശൂർ പൂരത്തിന് തീരുമാനം ബാധകമല്ല. എഴുന്നള്ളിപ്പ് പൂർണമായും മോണിറ്ററിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും. നാല് പാപ്പാന്മാർ കൂടെ വേണം. ആഴ്ചതോറും പരിശോധന നടത്തണം. എഴുന്നള്ളിപ്പ് സംബന്ധിച്ച ഷെഡ്യൂൾ തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ മുൻകൂട്ടി മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാൽ ഉണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനാകും.
ആനക്ക് ഒരുതരത്തിലുള്ള സമ്മർദവും സൃഷ്ടിക്കരുത്. പടക്കം ആനയുടെ അടുത്ത് പൊട്ടിക്കരുത്. എഴുന്നള്ളിക്കുന്ന പ്രദേശത്തെ ഡി.എഫ്.ഒ, വെറ്ററിനറി ഡോക്ടർ എന്നിവരെ വിവരമറിയിക്കണം. ആഴ്ചയിൽ ഒരിക്കൽ ചികിത്സിക്കുന്ന വെറ്ററിനറി ഡോക്ടർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം. ഭേദപ്പെട്ടുവരുന്ന മുറിവുകൾ ഉണങ്ങാതെ വരുകയാണെങ്കിൽ എഴുന്നള്ളിപ്പിന് അനുവാദമില്ല എന്നിവയാണ് വ്യവസ്ഥകൾ. വ്യവസ്ഥകൾ അംഗീകരിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം, കലക്ടർക്ക് സത്യവാങ്മൂലം നൽകിയശേഷമാണ് മേൽനടപടികൾ സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.