വിലങ്ങുമായി ഓടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്
text_fieldsകൊടുങ്ങല്ലൂർ: വിലങ്ങുമായി ഓടി രക്ഷപ്പെട്ട മോഷണ കേസ് പ്രതിയെ മണിക്കൂറുകൾക്കകം നേരം പുലരും മുൻപേ പൊലീസ് പിടികൂടി. പെരിഞ്ഞനം വെസ്റ്റ് സ്വദേശി പുഴങ്കരയില്ലത്ത് അനീസ് (18) ആണ് പോത്ത് മോഷണക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് പോലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രി മണിയോടെ സംഭവം. രക്ഷപ്പെട്ട പ്രതിയെ തേടി തിരുവോണത്തലേന്ന് തലങ്ങും വിലങ്ങും പാഞ്ഞ പൊലീസ് തിങ്കളാഴ്ച പുലർച്ചെ മതിലകം പടിഞ്ഞാറ് കളരി പറമ്പിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മതിലകം പൊലീസിന് ഉറക്കമില്ലാത്ത തിരുവോണ രാത്രി സമ്മാനിച്ച പ്രതിയെ കൊണ്ടുവന്നതോടെ സ്റ്റേഷന് മുമ്പിൽ നാട്ടുകാരുമെത്തിയിരുന്നു.
കഴിഞ്ഞ 27നാണ് മതിലകം തട്ടുങ്ങൽ സ്വദേശി കുന്നത്തുപടി ബഷീറിെൻറ 100 കിലോയോളം തൂക്കമുള്ള പോത്ത് മോഷണം പോയത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. സമീപത്തെ സി.സി.ടി.വി പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് അനീസിനെ പെരിഞ്ഞനത്തെ വീട്ടിൽ നിന്ന് പിടികൂടി. മോഷണം നടത്തിയ പോത്തിനെ 15000 രൂപക്ക് വിറ്റതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. തുടർന്ന് പൊലീസ് പോത്തിനെ കണ്ടെത്തി നടപടികൾ പൂർത്തിയാക്കി ഉടമക്ക് കൈമാറി.
അറസ്റ്റ് നടപടികൾ പൂർത്തിയാക്കി റിമാൻഡിലായ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ മോഷണ കേസ് കൂടാതെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മോഷണ കേസിലെ മറ്റ് മൂന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മതിലകം എസ്.എച്ച്.ഒ അനന്തകൃഷ്ണൻ, എസ്.ഐ കെ.എസ്.സൂരജ്, എ.എസ്.ഐമാരായ നൗഷാദ്, ജിജിൽ, പൊലീസുകാരായ മനോജ്, ഹരി കൃഷ്ണൻ, ഷിജു, വിപിൻ, രമേഷ്, ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.