ചുടുവാലത്തൂർ ശിവക്ഷേത്രത്തിൽ മോഷണം; നാല് ഭണ്ഡാരങ്ങൾ ഇളക്കി കൊണ്ടുപോയി
text_fieldsഷൊർണൂർ: ചുടുവാലത്തൂർ മഹാശിവക്ഷേത്രത്തിൽ മോഷണം. തിങ്കളാഴ്ച പുലർച്ച 1.20നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചിട്ടുള്ളതെന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻവശത്ത് കൂടി ചുറ്റമ്പലത്തിനകത്ത് കടന്ന മോഷ്ടാക്കൾ ശ്രീകോവിലിന് മുമ്പിലുള്ളതടക്കം നാല് ഭണ്ഡാരങ്ങൾ ഇളക്കി പുറത്തേക്ക് കൊണ്ടുപോയി.
രണ്ട് പേരുള്ളതായാണ് ദൃശ്യങ്ങളിൽനിന്നും പ്രാഥമികാന്വേഷണത്തിൽനിന്നും വ്യക്തമാകുന്നത്. ക്ഷേത്രത്തിനോട് ചേർന്ന പാടത്ത് കൊണ്ടുപോയി പൊളിച്ച ഭണ്ഡാരങ്ങളിൽനിന്ന് നോട്ടുകൾ മാത്രം എടുത്ത് നാണയങ്ങൾ ഉപേക്ഷിച്ച നിലയിലാണ്.
പുലർച്ച ക്ഷേത്രം തുറക്കാനെത്തിയവരാണ് മോഷണം വിവരം അറിയുന്നത്. ഷൊർണൂർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐ അജിതന്‍റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭണ്ഡാരത്തിലേതായതിനാൽ നഷ്ടപ്പെട്ട തുക കണക്കാക്കാനാകില്ല. ക്ഷേത്രത്തിനടുത്ത് തലേ ദിവസം മുതൽ ഒരു ബൈക്ക് നിർത്തിയിട്ടിരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.