തലശ്ശേരിയിൽ വീട്ടിൽ മോഷണം; നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു
text_fieldsതലശ്ശേരി: നഗരത്തിൽ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്. വീട്ടിലെ ബെഡ് റൂമിലെ ഷെൽഫിൽ സൂക്ഷിച്ച നാലരലക്ഷം രൂപയാണ് മോഷ്ടിച്ചത്. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷണം. രണ്ടുനില വീട്ടിന്റെ പിൻഭാഗത്തെ കിണറിന്റെ ആൾമറയിലൂടെയാണ് മോഷ്ടാവ് അകത്തു കയറിയത്. മാഹി പൂഴിത്തലയിൽ പെയിന്റ് ആൻഡ് പെയിന്റ്സ് സ്ഥാപനത്തിന്റെ പാർട്ണറാണ് നവാസ്.
വ്യാപാരിയായ നവാസ് കടയിലേക്കും തലശ്ശേരി എം.ഇ.എസ് സ്കൂൾ ജീവനക്കാരിയായ മസ്നയും ഇവരുടെ മൂന്ന് കുട്ടികളും സ്കൂളിലേക്കും വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. വൈകീട്ട് കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. മുറിയുടെയും മറ്റും ഭാഗങ്ങളിൽ മണ്ണെണ ഒഴിച്ച നിലയിലാണ്. ബെഡ് റൂമിന്റെ വാതിൽ ലോക്കും പണം സൂക്ഷിച് ഷെൽഫ് ലോക്കും തകർത്ത നിലയിലാണ്.
ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഒന്നും നഷ്ടമായില്ല. പണം മാത്രമാണ് മോഷ്ടാക്കൾ അപഹരിച്ചതെന്ന് നവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. നവാസിന്റെ പരാതിയിൽ തലശ്ശേരി എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ സി.സി.ടി.വി പ്രവർത്തിക്കാത്തതിനാൽ പൊലീസിന് മോഷണം സംബന്ധിച്ച് വലിയ തുമ്പൊന്നും ലഭിച്ചില്ല. പൊലീസ് നായ് മണം പിടിച്ച് ഏതാനും വാര അകലെ ഓടി നിന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. ഇതര സംസ്ഥാനക്കാരാവാം കവർച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.