കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം: മുൻ തടവുകാരെന്ന് സംശയം, ഡി.ജി.പി റിപ്പോർട്ട് തേടി
text_fieldsകണ്ണൂർ: ശക്തമായ സുരക്ഷസംവിധാനമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മോഷണത്തിനു പിന്നിൽ മുൻ തടവുകാരെന്ന് സംശയം. നേരത്തെ ജയിലിൽ തടവിൽ കഴിഞ്ഞ മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷണം നടത്തുന്നതിന് ഇവർക്ക് ജയിലിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. അതിസുരക്ഷയുള്ള ജയിലിൽ നടന്ന കവർച്ച ഇവിടത്തെ സുരക്ഷ സംവിധാനത്തിലെ പാളിച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജയിലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ജയിൽ ഡി.െഎ.ജിയുടെ നിർദേശ പ്രകാരം ഉത്തരമേഖല ഡി.െഎ.ജിയാണ് അന്വേഷണം നടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു ഒാഫിസിലെ മേശയിൽ സൂക്ഷിച്ച 1.92 ലക്ഷം രൂപ മോഷണം പോയത്. കണ്ണൂർ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ അന്നേ ദിവസം ഭക്ഷണ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ തുകയാണ് മേശയിൽ സൂക്ഷിച്ചിരുന്നത്.
തണ്ടർ ബോൾട്ട് ടീമിലെ രണ്ടുപേർ ഉൾപ്പെെടയുള്ള പൊലീസ് കാവൽ നിൽക്കുന്ന പ്രധാന ഗേറ്റിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ഒാഫിസിലായിരുന്നു മോഷണം നടന്നത്. കണ്ണൂർ ടൗൺ സി.െഎ വിഷ്ണു കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ജയിൽ ഡി.ജി.പി
കണ്ണൂർ സെൻട്രൽ ജയിലിലെ ഫുഡ് നിർമാണ യൂനിറ്റിൽനിന്ന് രണ്ട് ലക്ഷം രൂപ കളവുപോയ സംഭവത്തിലെ ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരമേഖല ഡി.െഎ.ജി വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയതായി ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ശ്രദ്ധക്കുറവ് ഇക്കാര്യത്തിൽ സംഭവിച്ചെന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ അവരെ പിൻവലിച്ച് പകരം ഉദ്യോഗസ്ഥരെ നിയമിക്കാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.