മോഷണക്കേസ് പ്രതിക്ക് കോവിഡ്: കുറ്റിപ്പുറത്തെ അഞ്ച് വാർഡുകളിൽ നിയന്ത്രണം; ഒമ്പത് പൊലീസുകാർ നിരീക്ഷണത്തിൽ
text_fieldsകുറ്റിപ്പുറം (മലപ്പുറം): മോഷണക്കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിലെ നാല് വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച കുറ്റിപ്പുറം പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. 14 ,15, 16, 17, 18 വാർഡുകളിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
ഇവിടങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെ കടകൾ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളൂ. കടകൾക്ക് മുന്നിൽ സാനിെറ്റെസർ, ഹാൻഡ് വാഷ് സൗകര്യങ്ങൾ നിർബന്ധമാണ്, ഹോട്ടലുകളിൽ തുറന്ന് പ്രവർത്തിക്കാൻ പാടില്ല, പാഴ്സൽ നൽകാം. ആളുകൾ അനവശ്യമായി പുറത്തിറങ്ങിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുറ്റിപ്പുറം പുഴനമ്പ്രം സ്വദേശിക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് വ്യക്തമായത്. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച ഒമ്പത് പൊലീസുകാർ നിരീക്ഷണത്തിലാണ്. ഇയാൾക്ക് സമ്പർക്കത്തിലൂടെ രോഗം വന്നതെന്നാണ് കരുതുന്നത്.
ജൂണിന് രണ്ടിന് അറസ്റ്റ് ചെയ്ത ഇയാൾ എവിടെയൊക്കെ പോയി എന്ന് വ്യക്തമല്ല. നഗരത്തിലെ പല കച്ചവട സ്ഥാപനങ്ങളിലും ഇയാൾ കയറിയിറങ്ങിയതായി നാട്ടുകാർ പറയുന്നുണ്ട്. രോഗവ്യാപനം തടയുന്നതിന് ഭാഗമായാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.പഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ പ്രവർത്തകർ, പൊലീസ്, റവന്യു, ഉദ്യോഗസ്ഥർ, വാർഡ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.