ചൂരൽമലയിൽ ആളൊഴിഞ്ഞ വീടുകളിൽ മോഷണം പതിവ്
text_fieldsമേപ്പാടി: ദുരന്തത്തെത്തുടർന്ന് ആൾ താമസമില്ലാത്ത ചൂരൽമല വില്ലേജ് ഓഫിസ് സമീപപ്രദേശത്തെ വീടുകളിൽ മോഷണം പതിവായതായി പരാതി.
വാസയോഗ്യമല്ലാതായ വീടുകളിൽനിന്ന് പുറത്തേക്ക് മാറ്റിയിട്ട വീട്ടുപകരണങ്ങളും ഫർണിച്ചർ, പാത്രങ്ങൾ എന്നിവയുമാണ് മോഷ്ടിക്കുന്നത്.
ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ഉരുൾപൊട്ടലിൽ മണ്ണും ചെളിയും കല്ലുകളും വന്നടിഞ്ഞ് പ്രദേശത്തെ വീടുകൾ വാസയോഗ്യമല്ലാതായി കിടക്കുകയാണ്. ഇവ നീക്കംചെയ്ത് വാസയോഗ്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വീടിന്റെ അകം വൃത്തിയാക്കാനായി ഫർണിച്ചറും മറ്റു വീട്ടുപകരണങ്ങളുമെല്ലാം പലരും വെളിയിലെടുത്തിട്ടിട്ടുണ്ട്. അവയാണ് രാത്രി കാലങ്ങളിൽ മോഷ്ടിക്കപ്പെടുന്നത്.
ദുരന്തം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ പ്രദേശത്തെ വീടുകളിൽ മോഷണംനടന്നസംഭവങ്ങൾ നിരവധിയാണ്. ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽനിന്ന് മോഷണം തുടർക്കഥയായതിനെത്തുടർന്ന് പരാതികൾ ഉയർന്നിരുന്നു. പുറമെ നിന്നെത്തിയ മോഷണ സംഘങ്ങൾ പ്രദേശത്ത് സജീവമാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, ഇതിനെതിരെ നടപടിയുണ്ടായില്ല. മോഷ്ടാക്കളെ കണ്ടെത്താൻ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.