മെഡി. കോളജ് വികസന സമിതി ലോക്കറിലെ മോഷണം; ആ 15 ലക്ഷം രൂപ എവിടെ ?
text_fieldsകോഴിക്കോട്: രോഗികളിൽ നിന്ന് ഒ.പി ടിക്കറ്റിന് 10 രൂപ ഈടാക്കി മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) പുതിയ വരുമാനം വർധിപ്പിക്കുമ്പോൾ ലോക്കറിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ 15 ലക്ഷം രൂപ എവിടെ എന്ന ചോദ്യം വീണ്ടും ഉയരുന്നു.
പൊലിസും വിജിലൻസും അന്വേഷിച്ചിട്ടും ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് കാണാതായ പണം എവിടെയെന്നതിന് ഒരു തുമ്പും ഇതുവരെ ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പാവപ്പെട്ട രോഗികളിൽ നിന്ന് ഈടാക്കുന്ന ഫീസ് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും എന്ന അധികൃതരുടെ വാദം പ്രാവർത്തികമാവുമോ എന്നാണ് ആശങ്ക.
എച്ച്.ഡി.എസിന് കീഴിലെ ഇംപ്ലാന്റ് ഉപകരണങ്ങൾ വിൽക്കുന്ന സർജിക്കൽ ഷോപ്പിൽനിന്ന് 2018 ൽ 6 ലക്ഷവും 2019 ജൂലൈ നാലിന് 9,07,000 രൂപയും ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ട കേസിന്റെ അന്വേഷണമാണ് വഴിമുട്ടിയത്.
അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. 2017 ൽ 6 ലക്ഷം നഷ്ടപ്പെട്ടത് സംബന്ധിച്ച് കേസ് പോലും എടുത്തിട്ടില്ല. അതത് ദിവസത്തെ കലക്ഷൻ സീനിയർ ഫാർമസിസ്റ്റും അക്കൗണ്ടന്റും ബിൽ കലക്ടറും കൂടി ഓഫിസ് അലമാരയിലെ ലോക്കറിൽവെച്ച് പൂട്ടുന്നതാണ് രീതി. ലോക്കറിന്റെ ഓരോ താക്കോൽ വീതം ആശുപത്രിയിലെ ലേ സെക്രട്ടറിയും അക്കൗണ്ടന്റുമാണ് സൂക്ഷിക്കുന്നത്.
24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന ഷോപ്പിൽ പുറത്തുനിന്ന് ആരെങ്കിലും വന്ന് മോഷണം നടത്താനുള്ള സാധ്യത കുറവാണ്. 9 ലക്ഷം മോഷണം പോയ കേസിൽ സർജിക്കൽ ഷോപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അക്കൗണ്ടന്റ്, ബിൽ കലക്ടർ, സീനിയർ ഫാർമസിസ്റ്റ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
ആറുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാൻ കോടതി അനുമതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. അന്നത്തെ മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ സി.ആർ. മനോജ് കുമാറിനായിരുന്നു അന്വേഷണ ചുമതല. 2021 മാർച്ചിൽ, പ്രതികളെ കണ്ടെത്താനായില്ല എന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചു. സമാന്തരമായി നടത്തിയ വിജിലൻസ് അന്വേഷണവും എങ്ങും എത്തിയില്ല.
വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഉത്തരമേഖല കോഴിക്കോട് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ റിപ്പോർട്ടായി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. കേസ് റീ ഓപൺ ചെയ്ത് അന്വേഷണം നടത്തി പ്രതികൾ സർക്കാർ ജീവനക്കാരാണെങ്കിൽ വിജിലൻസും പുറത്തുള്ളവരാണെങ്കിൽ പൊലീസും അന്വേഷിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം.
എന്നാൽ ഇതിലും നടപടിയുണ്ടായില്ല. വിഷയത്തിൽ എച്ച്.ഡി.എസ്എസ് അധികൃതരും മെഡിക്കൽ കോളജും പൊലീസും ഒരുപോലെ നിസ്സംഗത പുലത്തുകയാണെന്ന് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.