ആര്.ഡി.ഒ കോടതിയിലെ മോഷണം; വൻതട്ടിപ്പ് വ്യക്തമായത് തൊണ്ടിമുതൽ തേടിയുള്ള അപേക്ഷയിൽനിന്ന്
text_fieldsതിരുവനന്തപുരം: പുറംലോകമറിയാതെ പോകുമായിരുന്ന ആർ.ടി.ഒ കോടതിയിലെ വൻതട്ടിപ്പ് പുറത്തുവരാൻ കാരണമായത് തൊണ്ടിമുതൽ തിരികെ ചോദിച്ചുള്ള അപേക്ഷ. 2011ൽ മരിച്ച മുരുക്കുംപുഴ സ്വദേശിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണവും കൈവശമുണ്ടായിരുന്ന ബാങ്ക് പാസ്ബുക്കും തേടിയാണ് മരുമകളും കൊച്ചുമകനും അപേക്ഷ നൽകിയത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് പവൻ സ്വർണമായിരുന്നു മൃതദേഹത്തിലുള്ളതായി രേഖപ്പെടുത്തിയിരുന്നത്. ഈ സ്വർണം വിട്ടുനൽകുന്നതിൽ എതിർപ്പില്ലെന്ന് പൊലീസ് അറിയിച്ചതോടെ സബ് കലക്ടർ എം.എസ്. മാധവിക്കുട്ടി തൊണ്ടിമുതൽ ബന്ധുക്കൾക്ക് നൽകാമെന്ന് ഉത്തരവ് നൽകി.
എന്നാൽ, ചെസ്റ്റ് തുറന്ന് പരിശോധിച്ചപ്പോൾ ഈ സ്വർണം കണ്ടെത്താനായില്ല. ചെസ്റ്റിൽതന്നെയുണ്ടാകുമെന്ന് കരുതി രണ്ട് ദിവസത്തോളം പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. തൊണ്ടിമുതൽ നഷ്ടമായെന്ന് വ്യക്തമായതോടെയാണ് സബ് കലക്ടർ മുഴുവൻ തൊണ്ടിമുതലും പരിശോധിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയത്. തുടർന്ന് 1982 മുതലുള്ള തൊണ്ടിമുതലുകൾ പരിശോധിച്ചപ്പോഴാണ് വൻതോതിൽ സ്വർണവും വെള്ളിയും പണവും നഷ്ടമായെന്ന് കണ്ടെത്തിയത്.
കാലാകാലങ്ങളിൽ ജോലി ചെയ്യുന്ന സീനിയർ സൂപ്രണ്ടുമാരുടെ കൈവശമാണ് തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന ചെസ്റ്റിന്റെ താക്കോലുള്ളത്. മോഷണം നടന്ന കാലയളവിലുള്ള ഏതെങ്കിലും ഓഫിസർ ഒറ്റക്കോ മറ്റാരുടെയെങ്കിലും സഹായത്തോടെയോ മോഷണം നടത്തിയെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ 2012 മുതലുള്ള മുൻ സീനിയർ സൂപ്രണ്ടുമാരെയും മൂന്ന് ക്ലർക്കുമാരെയും വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ശ്രീകണ്ഠൻ നായരാകാം പ്രതിയെന്ന സൂചനകൾ കിട്ടി. ഇതിന്റെയടിസ്ഥാനത്തിൽ ഇയാളുടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചു. ഭാര്യയെയും മകളെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു.
പ്രതിയാരെന്ന് വ്യക്തമായതോടെ സബ് കലക്ടർ എം.എസ്. മാധവിക്കുട്ടി കലക്ടർ നവ്ജ്യോത് ഖോസക്ക് ഇടക്കാല റിപ്പോർട്ട് നൽകി. തെളിവുകളിലേക്ക് നയിക്കുന്ന രേഖകളുൾപ്പെടെയായിരുന്നു റിപ്പോർട്ട്. ഇത് പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണമാണ് മുൻ സീനിയർ സൂപ്രണ്ടായിരുന്ന കോട്ടുകാൽ വില്ലേജിൽ പതിനാറാം വാർഡ് മരുതൂർക്കോണം ശിവാലയം വീട്ടിൽ ശ്രീകണ്ഠൻ നായരുടെ (56) അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 105 പവൻ മോഷ്ടിച്ചെന്നാണ് സബ് കലക്ടർ കണ്ടെത്തിയതെങ്കിലും 140 പവനോളം മോഷ്ടിക്കപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം.
2020 മുതൽ 2021 വരെ ഒമ്പത് മാസ കാലയളവിലാണ് തൊണ്ടിമുതലുകളുടെ ചുമതലക്കാരനായിരുന്നു പ്രതി. കോവിഡ് സമയത്ത് ഓഫിസിൽ തിരക്കില്ലായിരുന്നതും സ്റ്റാഫുകൾ കുറവായിരുന്നതുമായ സാഹചര്യം മുതലെടുത്താണ് മോഷണം നടത്തിയിരുന്നത്. 2021ൽ ശ്രീകണ്ഠൻ നായർ ചുമതല ഒഴിയും മുമ്പ് കവർച്ച ചെയ്ത കുറച്ച് സ്വർണത്തിന് പകരം മുക്കുപണ്ടം മാറ്റിവെക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ ഇവ കണ്ടെത്തിയിട്ടുണ്ട്.
സമ്പാദിച്ച പണം ആഡംബര ജീവിതത്തിന്,സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് പ്രതി
തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണത്തിലൂടെ സമ്പാദിച്ച പണം പ്രതി ശ്രീകണ്ഠൻ നായർ ചെലവിട്ടത് ആഡംബര ജീവിതത്തിനായിരുന്നെന്ന് വ്യക്തമാകുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയിട്ടുള്ള മൊഴി. ലക്ഷക്കണക്കിന് രൂപയാണ് കവർച്ചയിലൂടെ നേടിയത്. 11 ലക്ഷം രൂപ പണയ ഇടപാടിലൂടെ മാത്രം സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണമായാണ് മിക്കവാറും ഇടപാടുകൾ നടത്തിയിരിക്കുന്നത്. സ്വന്തം അക്കൗണ്ടിൽ അനധികൃത സ്വത്ത് കാണാതിരിക്കാനാണ് കള്ളപ്പണം ഇടപാട് നടത്തിയതെന്നാണ് സൂചന.
ഇയാൾ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. അക്കൗണ്ടിലുണ്ടായിരുന്ന പണം കേസ് ഉയർന്നുവന്നയുടൻ പിൻവലിച്ചതായും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതേസമയം, മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം ചെലവിട്ടതായും മകളുടെ വിവാഹ ആവശ്യത്തിന് മാറ്റിവെച്ചതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. നിരവധി കടങ്ങൾ തനിക്കുണ്ടായിരുന്നെന്നും അതു തീർക്കാൻ കവർച്ച മുതൽ ഉപയോഗിച്ചതായും മൊഴി നൽകിയിട്ടുണ്ട്. പുറമെ, പലരെയും ഉപയോഗിച്ച് ബാങ്കുകളിൽനിന്നും വായ്പയെടുത്തതായും തിരിച്ചടക്കാതെ അവരെ കബളിപ്പിച്ചതായുമുള്ള ആരോപണവുമുണ്ട്.
ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച മറ നീക്കി പുറത്തുവന്നത് മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായർ വിരമിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ്. മേയ് 28നാണ് മോഷണം സ്ഥിരീകരിച്ച് സബ്കലക്ടർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതും അന്വേഷണ സമിതിയെ നിയോഗിച്ചതും. 2021 ജനുവരിയിലാണ് ശ്രീകണ്ഠൻ നായരെ ആർ.ഡി.ഒ ഓഫിസിൽനിന്ന് കിഫ്ബി യൂനിറ്റിലേക്ക് സ്ഥലം മാറ്റിയത്.
സ്പെഷൽ തഹസിൽദാറായാണ് മേയ് അവസാനം വിരമിച്ചത്. തൊണ്ടിമുതൽ മോഷണത്തിന് അറസ്റ്റിലായി തെളിവെടുപ്പിനായി മുമ്പ് ജോലി ചെയ്ത ഓഫിസിൽ കൈയിൽ വിലങ്ങണിയിച്ച് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും ഇയാൾക്ക് ഭാവവ്യത്യാസമുണ്ടായിരുന്നില്ല. താൻ മാത്രമല്ല ഈ തട്ടിപ്പ് നടത്തിയതെന്ന മൊഴിയും ഇദ്ദേഹം നടത്തിയിട്ടുള്ളതിനാൽ റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.
മോഷണം കോവിഡ്, തെരഞ്ഞെടുപ്പ് സമയം മുതലാക്കി
തിരുവനന്തപുരം: കോവിഡ് സമയത്ത് ഓഫിസുകൾ അടച്ചുപൂട്ടിയതും ആളുകൾ കുറവായിരുന്നതും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ മറ്റു ജീവനക്കാരുടെ തിരക്കും മുതലെടുത്താണ് ശ്രീകണ്ഠൻ നായർ ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 2020 മുതൽ 2021 ജനുവരി വരെയായിരുന്നു ഇയാൾ തൊണ്ടിമുതലുകളുടെ ചുമതലയിലുണ്ടായിരുന്നത്.
അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായി. അടച്ചുപൂട്ടൽ തുടങ്ങിയതോടെ ഓഫിസിൽ പൊതുജനങ്ങളും എത്താതായി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്നതോടെ മുറിയിൽ മറ്റു ജീവനക്കാർ എത്തുന്നതും കുറഞ്ഞു. ഇതു തൊണ്ടിമുതലുകൾ മോഷ്ടിക്കാനും മുക്കുപണ്ടങ്ങൾ തിരികെ വെക്കാനും സഹായകമായി. അഞ്ചു മാസത്തിനിടെയാണ് തന്റെ ഓഫിസ് മുറിയിലെ ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും വെള്ളിയും ശ്രീകണ്ഠൻ നായർ മോഷ്ടിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ രണ്ടു തവണയായി 11 ലക്ഷം രൂപയുടെ സ്വർണം പണയം വെച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ സ്വർണം പണയപ്പെടുത്തിയിട്ടുണ്ടോയെന്ന പരിശോധന വരും ദിവസങ്ങളിൽ നടക്കും.
ഓരോ തവണയും മോഷ്ടിച്ച സ്വർണം അതേപടിയാണ് ഇയാൾ പണയം വെക്കാനായി എത്തിച്ചത്. തൊണ്ടിമുതലുകളുടെ അളവും തൂക്കവും രൂപവും പണയപ്പെടുത്തിയ പണ്ടങ്ങളുമായി സാമ്യപ്പെട്ടതോടെ ശ്രീകണ്ഠൻ നായർക്ക് പിടിച്ചുനിൽക്കാൻ കഴിയാതായി. പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കാനോ പണം തിരിച്ചടക്കാനോ തയാറാകാതിരുന്നതും ഇയാളിലേക്കുള്ള സംശയം ശക്തമാക്കി.
മോഷ്ടിച്ച സ്വർണത്തിന്റെ അതേ തൂക്കത്തിലുള്ള മുക്കുപണ്ടങ്ങൾ നിർമിച്ച് തെളിവ് നശിപ്പിക്കാനുള്ള ശ്രമവും ശ്രീകണ്ഠൻ നായർ നടത്തിയിരുന്നു. 30 പവൻ പണ്ടം ഇത്തരത്തിൽ ചെസ്റ്റിലെത്തിച്ചിരുന്നു. ഇതിനിടെയാണ് ഇയാളെ ആർ.ഡി.ഒ ഓഫിസിൽനിന്ന് സ്ഥലം മാറ്റിയത്. ചട്ടപ്രകാരമല്ലാത്ത ഇടപെടലുകൾ നടത്തുന്നെന്ന് കണ്ടായിരുന്നു സ്ഥലംമാറ്റം. ഇതോടെ കൂടുതൽ മുക്കുപണ്ടം ചെസ്റ്റിൽ എത്തിക്കാനുള്ള സാധ്യത അടയുകയായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നീ തസ്തികകളിലിരുന്നും ഇയാൾ ഇത്തരം ക്രമക്കേടുകൾ നടത്തിയതായ ആക്ഷേപങ്ങളുണ്ട്. അക്കാര്യങ്ങളും പൊലീസ് പരിശോധിക്കും.
കുടുക്കായത് മൊഴികളിലെ വൈരുധ്യം
തിരുവനന്തപുരം: മൊഴികളിലെ വൈരുധ്യങ്ങളാണ് പ്രതിയായ ശ്രീകണ്ഠൻ നായർക്ക് വിനയായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സബ്കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ താൻ കഴിഞ്ഞ കുറച്ച് വർഷത്തിനിടെ പണയമിടപാട് നടത്തിയിട്ടില്ല എന്നായിരുന്നു മൊഴി. എന്നാൽ, ഇത് അന്വേഷണസംഘം വിശ്വസിച്ചില്ല. അതിന്റെ അടിസ്ഥാനത്തിൽ അവർ സമാന്തരമായ അന്വേഷണവും നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ട് ഘട്ടമായി 11 ലക്ഷം രൂപയുടെ സ്വർണം ഇയാൾ പണയം വെച്ചതിന്റെ രേഖകൾ ലഭിച്ചത്. ഈ രേഖകൾ കാണിച്ച് ചോദ്യം ചെയ്തതോടെ അയാൾ പരുങ്ങലിലായി.
പണയംവെച്ച വിവരം പുറത്തറിയുന്നത് മോശമായതിനാലാണ് പണയവിവരം മറച്ചുവെച്ചതെന്നായിരുന്നു ഇയാളുടെ മറുപടി. ഭാര്യയുടെയും മകളുടെയും സ്വർണമാണ് പണയപ്പെടുത്തിയതെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യയെയും മകളെയും ചോദ്യം ചെയ്തത്. താൻ ഉപയോഗിക്കുന്നത് സ്വർണാഭരണങ്ങളല്ലെന്നും പണയംവെച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും അവർ മൊഴി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. ശ്രീകണ്ഠൻനായരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതോടെ സബ്കലക്ടർ പൊലീസിന് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നഗരത്തിൽ താമസിക്കുന്ന പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണ് ഞായറാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.