ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം; മുന്നു പേർ കസ്റ്റഡിയിൽ, പ്രതി ചേർത്തില്ല
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മൂന്നുപേർ പിടിയിലായെങ്കിലും പൊലീസ് പ്രതി ചേർത്തില്ല. ആസ്ട്രേലിയൻ പൗരത്വമുള്ള ഹരിയാന സ്വദേശിയായ ഡോക്ടറും ഭാര്യയും സുഹൃത്തുമാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്. മൂവരെയും ഹരിയാനയിൽനിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു.
ക്ഷേത്രത്തിൽ വെള്ളം തളിക്കുന്ന പാത്രം മോഷ്ടിക്കാൻ ഇവർക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 13നാണ് ക്ഷേത്രസന്ദർശനം നടത്തിയത്. ഇവർ കൊണ്ടുവന്ന പൂജാ സാധനങ്ങൾ ക്ഷേത്രത്തിനുള്ളിൽവെച്ച് താഴെ വീണു. അടുത്തു നിന്നയാൾ ഒരു പാത്രത്തിൽ ഇത് എടുത്തു നൽകി. പൂജ കഴിഞ്ഞ് പാത്രവുമായി മൂവരും പുറത്തേക്ക് പോയി. ആരും തടഞ്ഞില്ല. ആരെങ്കിലും തടഞ്ഞാല്‍ ഉരുളി മടക്കി നൽകുമായിരുന്നെന്ന് ഇവർ മൊഴി നൽകി.
പിന്നീട് ഇവർ സ്വദേശത്തേക്ക് മടങ്ങി. ഈ പാത്രം അമൂല്യമായ പുരാവസ്തുവാണ്. അതിസുരക്ഷാമേഖലയിൽനിന്ന് പാത്രം കാണാതായത് വിവാദമായി. പിന്നാലെ ഫോർട്ട് പൊലീസ് കേസെടുത്തു. സി.സി. ടി.വി പരിശോധിച്ചപ്പോൾ പാത്രവുമായി പോകുന്നത് കണ്ടു. ഇവരുടെ യാത്രാരേഖകൾ പരിശോധിച്ച് ഹരിയാന സ്വദേശികളാണെന്ന് ഉറപ്പാക്കി. ഗുരുഗ്രാം പൊലീസിന്‍റെ സഹായത്തോടെ ഹോട്ടൽ മുറിയിൽനിന്ന് മൂവരെയും കസ്റ്റഡിയിലെടുത്തു.
കാണാതായ പാത്രവും കണ്ടെത്തി.
ഓട്ടുരുളി തന്റേതല്ലെന്ന് അറിഞ്ഞിട്ടും ക്ഷേത്രമുതലാണെന്ന് ബോധ്യമുണ്ടായിട്ടും അതു സ്വന്തമാക്കികൊണ്ടു പോയതിനാൽ ഭാരതീയ ന്യായ സംഹിത 314ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണെന്നാണ് പൊലീസ് വാദം. ക്ഷേത്ര ജീവനക്കാരുടെ മൊഴിയെടുത്തു. കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും മൂവരും കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറഞ്ഞു.
പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച. അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ക്ഷേത്രത്തിൽ ഒരു എസ്.പിയും, ഡിവൈ.എസ്.പിയും, നാല് സി.ഐമാരടക്കം ഉന്നത പൊലീസുദ്യോഗസ്ഥരെയും ഇരുനൂറോളം പൊലീസുകാരെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ഇവരുടെ കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുണ്ടായിട്ടും സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. രണ്ടു ദിവസത്തിനു ശേഷമാണ് ക്ഷേത്രം അധികൃതർ മോഷണവിവരം സ്ഥിരീകരിച്ച് പൊലീസിൽ പരാതി നൽകിയത്.
തലസ്ഥാനത്ത് താമസിച്ച ഹോട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.