പള്ളിയിൽ മോഷണം
text_fieldsതലശ്ശേരി: ഒ.വി. റോഡ് സംഗമം കവലയിലെ തെക്യാവ് ജുമാ മസ്ജിദിൽ പട്ടാപ്പകൽ മോഷണം. പള്ളി ഖത്തീബ് മലപ്പുറം ചെമ്മാട് സ്വദേശി ഇ. സിദ്ദീഖ് സഖാഫിയുടെ 45,000 രൂപയും റാഡോ വാച്ചും അപഹരിച്ചു. പള്ളിയിൽ ഖത്തീബ് താമസിക്കുന്ന മുറിയിൽ അതിക്രമിച്ചു കയറിയാണ് മോഷണം. മുറിയുടെ ഫൈബർ വാതിൽ തകർത്ത നിലയിലാണ്.
ഞായറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലുളള സമയത്താണ് മോഷണം നടന്നത്. സുബഹി നമസ്കാരത്തിന് ശേഷം ഖത്തീബ് പുറത്തേക്ക് പോയതായിരുന്നു. മസ്ജിദിൽ മറ്റാരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. മുറിയിൽ തൂക്കിയിട്ട ഖത്തീബിന്റെ വസ്ത്രത്തിൻ സൂക്ഷിച്ച പണവും വാച്ചുമാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ നിർമാണത്തിനായി കുറിവെച്ച് കിട്ടിയ പണമാണ് മോഷണം പോയതെന്ന് പള്ളി അധികൃതർ പറഞ്ഞു. തലശ്ശേരിയിൽ പള്ളികൾ കേന്ദ്രീകരിച്ച് അടുത്തകാലത്തായി മോഷണം വർധിച്ചിട്ടുണ്ട്. പള്ളികമ്മിറ്റി പ്രസിഡന്റ് ടി.എം. സൈനുദ്ദീൻ നൽകിയ പരാതിയിൽ തലശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ വി.വി. ദീപ്തി, എസ്.ഐ സജേഷ് സി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി അന്വേഷണം നടത്തി. പരിസരത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു. വിരലടയാള വിദഗ്ധരും പള്ളിയിലെത്തി തെളിവുകൾ ശേഖരിച്ചു.
തലശ്ശേരിയിൽ മോഷണം തുടർക്കഥ
തലശ്ശേരി: നഗരത്തിൽ മോഷണം തുടർക്കഥയാവുന്നു. അടച്ചിട്ട വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് പുറമെ ആരാധനാലയങ്ങളിലും മോഷ്ടാക്കൾ അഴിഞ്ഞാടാൻ തുടങ്ങി. ഒ.വി റോഡ് സംഗമം കവലയിലെ തെക്യാവ് ജുമാ മസ്ജിദിൽ ഞായറാഴ്ച പട്ടാപ്പകൽ നടന്ന മോഷണമാണ് ഒടുവിലത്തേത്. പള്ളി ഖത്തീബ് മലപ്പുറം ചെമ്മാട് സ്വദേശി എരഞ്ഞിക്കൽ സിദ്ദീഖ് സഖാഫിയുടെ 45,000 രൂപയും റാഡോ വാച്ചുമാണ് ഇവിടെ നിന്ന് കവർന്നത്. പള്ളി പരിസരത്ത് നിന്ന് മണം പിടിച്ച പൊലീസ് നായ് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് ഓടിയത്. കഴിഞ്ഞയാഴ്ച ചിറക്കര മോറക്കുന്നിലെ എം.കെ. മുഹമ്മദ് നവാസിന്റെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ മോഷണംപോയ സംഭവത്തിന്റെ നടുക്കം മാറും മുമ്പാണിത്.
കഴിഞ്ഞ മാസം തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽ വ്യൂ മസ്ജിദിൽ മഗ് രിബ് നമസ്കാരത്തിനെത്തിയ യുവാവിന്റെ ഒന്നര ലക്ഷം രൂപയും മോഷണം പോയിരുന്നു. ചിറക്കര അയ്യലത്ത് പള്ളി, കണ്ണോത്ത് പള്ളി, നാരങ്ങാപ്പുറം പള്ളി എന്നിവിടങ്ങളിലും നേരത്തേ കവർച്ച നടന്നിരുന്നു. അയ്യലത്ത് പള്ളിയിൽ നിന്ന് ഖത്തീബ് സഫ് വാൻ അമാനിയുടെ പണമാണ് കവർന്നത്. കണ്ണോത്ത് പള്ളിയിൽ നിന്ന് റിസീവറായ കോഴിക്കോട് കൊടുവള്ളി സ്വദേശി മൊയ്തീൻ കുഞ്ഞി സൂക്ഷിച്ച പണവും രണ്ട് തവണ അപഹരിക്കപ്പെട്ടു. പള്ളികളിൽ കയറിയുള്ള മോഷണത്തിന് പിന്നിൽ ഒരേയാളാണെന്നാണ് പൊലീസിന്റെ നിഗമനം.
നഗരത്തിലെ മൊബൈൽ ഷോപ്പ്, ബേക്കറി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും കവർച്ചക്കിരയായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 17ന് തലായി ബാലഗോപാല ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്തും പണം മോഷ്ടിച്ചിരുന്നു. നഗരത്തിലും പരിസരങ്ങളിലും അടിക്കടി മോഷണം ആവർത്തിക്കുമ്പോഴും മിക്ക സംഭവങ്ങളിലും കേസ് തെളിയിക്കാൻ പൊലീസിനാവുന്നില്ല. കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തനക്ഷമമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.