ഐ.എൻ.എസ് വിക്രാന്തിലെ മോഷണം: രണ്ട് പ്രതികൾ പിടിയിൽ
text_fieldsകൊച്ചി: കപ്പൽശാലയിൽ നിർമാണത്തിലിരുന്ന രാജ്യത്തെ ആദ്യ വൻകിട വിമാന വാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. ഏറെ വിവാദമുണ്ടാക്കിയ സംഭവത്തിൽ ഒമ്പത് മാസമാകുമ്പോഴാണ് രാജസ്ഥാൻ, ബിഹാർ സ്വദേശികളായ പ്രതികളെ പിടികൂടുന്നത്.
ഇവർ കപ്പലിൽ പെയിൻറിങ് ജോലി ചെയ്തിരുന്നവരാണെന്നാണ് സൂചന. കരാറുകാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. തുടർന്നാണ് കപ്പലിലെ ഹാർഡ് അടക്കം മോഷ്ടിച്ചത്. കൊച്ചിന്‍ ഷിപ്പ്യാഡില് നിര്‍മാണത്തിലിരിക്കുന്ന കപ്പലിലെ കമ്പ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്‌ക്കുകൾ, മൂന്ന് മൈക്രോ ചിപ്പുകൾ, ആറ് റാന്‍ഡം ആക്സസ് മെമ്മറി(റാം), മൂന്ന് സി.പി.യു എന്നിവയുമാണ് നഷ്ടപ്പെട്ടത്.
എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയും ചെയ്തു. ശേഷം കേന്ദ്ര ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന ദിവസങ്ങളിൽ കപ്പൽശാലയിലെ വിവിധ വിഭാഗങ്ങളിൽ ജോലി െചയ്ത അയ്യായിരത്തോളം ആളുകളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരുടെ വിരലടയാളവും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് അന്വേഷണം പുരോഗമിച്ചത്.
ഇതാണ് പ്രതികളിലേക്ക് വിരൽ ചൂണ്ടിയതെന്നാണ് വിവരം. രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടിരിക്കാമെന്നുള്ളതിനാൽ അതീവ പ്രാധാന്യത്തോടെയായിരുന്നു നടപടികളെങ്കിലും കേസന്വേഷണം നീണ്ടുപോകുകയായിരുന്നു.
വിക്രാന്തിെൻറ നിർമാണം ആരംഭിച്ച ശേഷം സ്ഥലത്തെ സുരക്ഷ കൂടുതൽ വർധിപ്പിച്ചിരുന്നു. എന്നിട്ടും മോഷണം നടന്നതിൽ അട്ടിമറി സാധ്യത സംശയിക്കപ്പെട്ടിരുന്നു. നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഷിപ്പിയാര്ഡിെൻറ ഉടമസ്ഥതയിലുള്ളതാണ്.
കൈമാറിയിട്ടില്ലാത്തതിനാൽ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ട ഹാർഡ് ഡിസ്കിലില്ലെന്നാണ് തുടർന്ന് അധികൃതർ അറിയിച്ചത്. നിർണായക വിവരങ്ങൾ എന്തെങ്കിലും ഇതിൽ നിന്ന് ചോർന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. 2019 സെപ്റ്റംബർ 14 നാണ് കപ്പൽശാല അധികൃതർ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.