തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച
text_fieldsതൃപ്പൂണിത്തുറ: വീട്ടുകാരെ മുഴുവൻ കെട്ടിയിട്ട് പതിനഞ്ചംഗ സംഘം 50 പവൻ ആഭരണങ്ങളും പണവും കവർന്നു. എരൂർ എസ്.എം.പി കോളജിന് സമീപം ശനിയാഴ്ച പുലർച്ചയാണ് സംഭവം. വീടിെൻറ മുൻവശത്തെ ജനലും ഗ്രില്ലും തകർത്ത് കയറിയ സംഘം ഗൃഹനാഥനെ തലക്കടിച്ച് വീഴ്ത്തി വൃദ്ധ മാതാവിനെയും ഭാര്യയെയും രണ്ട് മക്കളെയും മുറികളിൽ കെട്ടിയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സ്വർണവും 20,000 രൂപയും മൊബൈൽ ഫോണുകളും മറ്റും കൊള്ളയടിച്ചത്.
ആക്രമണത്തിൽ തലക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ എരൂർ എസ്.എം.പി കോളനി റെയിൽവേ ഗേറ്റിന് വടക്കുഭാഗത്ത് തത്തപ്പിള്ളിൽ വീട്ടിൽ ആനന്ദകുമാറിനെ (49) സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയിൽ ആറ് തുന്നലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്.
ഭാര്യ ഷാനിമോളെ (40) കവർച്ചസംഘം ആദ്യം കുളിമുറിയിൽ കെട്ടിയിട്ടു. ഇതിനിടെ ഇവരുെട കൈക്ക് പരിക്കേറ്റു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറ്റി കെട്ടിയിട്ടു. മക്കളായ ദീപക്, രൂപക് എന്നിവരെ മറ്റ് മുറികളിലും ബന്ധനസ്ഥരാക്കി. ആനന്ദകുമാറിെൻറ മാതാവ് സ്വർണമ്മയെ (75) വായിൽ തുണി തിരുകി വേറൊരു മുറിയിലും കെട്ടിയിട്ടു. കാറ്റാടിമരത്തിെൻറ കൊമ്പുകൊണ്ടാണ് മോഷ്ടാക്കൾ ഗൃഹനാഥനടക്കമുള്ളവരെ അടിച്ച് പരിക്കേൽപിച്ചത്. ദീപക്കിനെയും രൂപക്കിനെയും ക്രൂരമായി മർദിച്ചു. വയോധികയെ മാത്രം കാര്യമായി ഉപദ്രവിച്ചില്ല.
തുടർച്ചയായ രണ്ടാം ദിവസമാണ് കൊച്ചി നഗരത്തിലും പരിസരത്തുമായി വൻ കവർച്ച നടക്കുന്നത്. വെള്ളിയാഴ്ച പുലർച്ച നഗരത്തിലെ എറണാകുളം പുല്ലേപ്പടിയിൽ വയോധിക ദമ്പതികളെ ബന്ദിയാക്കി സ്വർണാഭരണങ്ങൾ കവർന്നിരുന്നു.
കാക്കനാട്ട് ഗോദ്െറജ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് ആനന്ദകുമാർ. 50 പവന് പുറമെ ഇദ്ദേഹത്തിെൻറ ഒാഫിസിൽ ഉപയോഗിക്കുന്ന ലാപ്ടോപ്, 20,000 രൂപ, എ.ടി.എം കാർഡ്, ക്രെഡിറ്റ് കാർഡ് ഏതാനും മൊബൈൽ ഫോണുകൾ എന്നിവയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച പുലർച്ച രണ്ട് മണിക്കുശേഷമാണ് കവർച്ചസംഘം വീട്ടിലെത്തിയത്. ഒരേക്കർ വരുന്ന വളപ്പിനുള്ളിലെ ഇരുനിലവീട്ടിൽ എല്ലായിടത്തും മോഷ്ടാക്കൾ കയറിയിറങ്ങി. ബി.കോം വിദ്യാർഥിയായ ദീപക് ഇടക്ക് ഉണർന്നപ്പോൾ അഞ്ചംഗ കവർച്ചസംഘം മാരകായുധങ്ങളുമായി നിൽക്കുന്നതാണ് കണ്ടത്. ഇവരുടെ ഭീഷണിയെത്തുടർന്ന് ദീപക്കിന് ഒന്നും ചെയ്യാനായില്ല.
പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ അധ്യാപികയായ ഷാനിമോളെ സ്വർണം സൂക്ഷിച്ച സ്ഥലം ചോദിച്ചാണ് ഉപദ്രവിച്ചത്. ഇവരെ കുളിമുറിയിലേക്ക് തള്ളിയിടുകയും പിന്നീട് കെട്ടിയിടുകയും ചെയ്തു. ഇതരസംസ്ഥാനക്കാരാണ് കവർച്ചസംഘമെന്ന് സംശയിക്കുന്നു.
ഇവർ വീട്ടിനുള്ളിൽ മോഷണം നടത്തുേമ്പാൾ പുറമെ നിരീക്ഷണത്തിനും സംഘാംഗങ്ങൾ ഉണ്ടായിരുന്നു. വീടിെൻറ മുകൾനിലയിൽനിന്ന് ശബ്ദകോലാഹലങ്ങൾ അയൽക്കാരിൽ ചിലർ കേെട്ടങ്കിലും ഭയം കാരണം ആരും പുറത്തിറങ്ങിയില്ല.
കവർച്ചസംഘം മൂന്ന് മണിക്കൂറിലേറെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്. മോഷ്ടാക്കൾ കെട്ടിയിട്ട കുടുംബാംഗങ്ങൾ നാല് മണിക്കൂേറാളം കഴിഞ്ഞാണ് രക്ഷപ്പെട്ടത്. ഏറെ പരിശ്രമിച്ചശേഷം കെട്ടഴിച്ച രൂപക്കാണ് എല്ലാവരെയും സ്വതന്ത്രരാക്കിയത്. തുടർന്ന് ബന്ധുക്കളെയും മറ്റും അറിയിച്ചു. ഇതിന് ശേഷമാണ് ആനന്ദകുമാറിനെയും ഷാനിയെയും വൃദ്ധമാതാവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് ഉൾപ്പെടെയുള്ള പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.