Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാഹസികരുടെ ഇഷ്ടഭൂമി;...

സാഹസികരുടെ ഇഷ്ടഭൂമി; കാലെടുത്തുവെക്കുന്നത് അപകടത്തിലേക്ക്

text_fields
bookmark_border
സാഹസികരുടെ ഇഷ്ടഭൂമി; കാലെടുത്തുവെക്കുന്നത് അപകടത്തിലേക്ക്
cancel

തൊടുപുഴ: കാൽ തെറ്റിയാൽ പതിക്കുന്നത്​ വൻ കൊക്കയിലേക്ക്​, പുലിയും കാട്ടുപോത്തുകളുമടക്കം വന്യമൃഗങ്ങൾ. കാഴ്​ചയിൽ മനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന പ്രദേശമാണ്​ ഞായറാഴ്​ച ദുരന്തമുണ്ടായ കൊരങ്ങിണി വനമേഖലയും കൊളുക്കുമലയും. സമുദ്രനിരപ്പിൽനിന്ന്​ 8600 അടിയോളം ഉയരത്തിലാണിവിടം. സാഹസിക സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രമായ ഇവിടേക്ക്​ അംഗീകൃത ട്രക്കിങ്​ സംഘങ്ങളെ കൂടാതെ നിരവധി പേർ അനധികൃതമായും എത്തുന്നതായാണ്​ വനം വകുപ്പ്​ നൽകുന്ന സൂചന. 

തമിഴ്​നാട്ടിലെ തേനിയിൽനിന്ന്​ ചെങ്കുത്തായ കൊരങ്ങിണിമല വഴിയാണ്​ കേരള-തമിഴ്​നാട്​ അതിർത്തിയിലെ കൊളുക്കുമലയിലേക്ക്​ സാഹസിക യാത്രക്കാരെത്തുന്നത്​. അപകടസാധ്യത കൂടുതലായതിനാൽ തമിഴ്​നാട് വനം വകുപ്പ് ഇതുവഴി സഞ്ചാരികളെ വനത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. എന്നിട്ടും ഒ​േട്ടറെ പേരാണ്​ ഇതിലെയെത്തുന്നത്​. കൊളുക്കുമലയിലേക്ക്​ റോഡ്​ മാർഗം പ്രവേശിക്കാവുന്നത്​ കേരളത്തിൽനിന്ന്​ മാത്രം. മൂന്നാറിൽനിന്ന്​ 35 കിലോമീറ്റർ പിന്നിട്ട്​ അവിടെ നിന്ന്​ ഉരുളൻകല്ലും ചരലും നിറഞ്ഞ പാതയിലൂടെ വേണമിത്​. വഴുതിവീഴാൻ ഏറെ സാധ്യതയുള്ള കിഴുക്കാന്തൂക്കായ വഴിയിലൂടെയാണ്​ വരേണ്ടത്​. മീശപ്പുലിമലയടക്കം ഇൗ മേഖലയിലാണ്​. മീശപ്പുലിമല ദുൽഖൽ സൽമാൻ നായകനായ സിനിമയിൽ പരാമർശിക്കപ്പെട്ടതോടെയാണ്​ ഇങ്ങോട്ട്​ യുവതീയുവാക്കളുടെ ഒഴുക്ക്​ വർധിച്ചത്​.

 കൊളുക്കുമലയിലേക്ക്​ സഞ്ചാരികൾ എത്തുന്നത്​ ചന്ദനമോഷ്​ടാക്കളുടെ വിഹാര കേന്ദ്രങ്ങളിലൂടെയുമാണ്​. മൂന്നടി പാതയിലൂടെയാണ്​ യാത്ര. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടങ്ങൾക്ക്​ പേര്​ കേട്ട സ്ഥലം കൂടിയാണ്​ ​കൊളുക്കുമല. തമിഴ്​നാട്ടിൽനിന്ന്​ കൊരങ്ങിണി വനപാതയിലൂടെയാണ്​ ട്രക്കിങ്​ സംഘങ്ങൾ എത്തുന്നത്​. 
തമിഴ്​നാട്ടിൽനിന്ന്​ ട്രക്കിങ്ങിനെത്തിയവരിൽ പലരും കാട്ടുതീ അതിവേഗം പടർന്നതോടെ ചിതറിയോടി. കിഴു​ക്കാന്തൂക്കായ പാതയിലെ ഉരുളൻകല്ല്​ നിറഞ്ഞ പാതയിൽ വീണുപോയവരുടെ  വസ്​ത്രത്തിലും മറ്റും പിടിച്ച തീ വ്യാപിച്ചു. കനത്ത ​വെയിലിനെ തുടർന്ന്​  പുല്ലുകളിലേക്ക്​ തീ ആളിപ്പടർന്നു.  കാറ്റും ആഞ്ഞുവീശിയതോടെ പലരും അഗ്​നികുണ്​ഠത്തിൽ അകപ്പെടുകയായിരുന്നു. എല്ലാവരും ആത്മരക്ഷക്ക്​ പരക്കം പാഞ്ഞതോടെ രക്ഷപ്പെടുത്താൻ ആരുമില്ലെന്നായി. ഇവിടെ നിന്ന്​ 10 കിലോമീറ്ററോളം അകലെ കൊട്ടക്കുടി എന്ന പ്രദേശത്ത്​ മാത്രമാണ്​​ ജനവാസമുള്ളത്​. പൊള്ളലേറ്റവരെ ഇതുവഴി തേനിയിലെ ആശുപത്രിയിലെത്തിക്കുന്നത്​ അതിസാഹസമായിരുന്നു. ഇത്​ മരണസംഖ്യ ഉയരാൻ ഇടയാക്കി. 


ദുരന്തമായത്​ വനിതദിന സാഹസിക യാത്ര; സംഘത്തിലെ 28 പേരും വനിതകൾ
ബോഡിനായ്​ക്കന്നൂർ: കൊരങ്ങിണിയിലെ കാട്ടുതീയിൽപെട്ടത്​ ചെന്നൈ ആസ്ഥാനമായ ട്രക്കിങ് ക്ലബ് വനിത ദിനത്തോടനുബന്ധിച്ച്​ നടത്തിയ സാഹസികയാത്രയില്‍ പങ്കെടുക്കാന്‍ പോയ വനിതകളും വിദ്യാർഥികള​ും അടങ്ങുന്ന സംഘം. ചെന്നൈ ട്രക്കിങ് ക്ലബ് (സി.ടി.സി) തങ്ങളുടെ ഫേസ്​ബുക്ക് പേജിലാണ്​ കൊളുക്കുമലയിലേക്കുള്ള വനിതദിന സ്പെഷല്‍ ട്രക്കിങ് പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ പ്രധാന ട്രക്കിങ് ഗ്രൂപ്പുകളിലൊന്നാണ്​ സി.ടി.സി. മാര്‍ച്ച് ഒമ്പതിന്​ യാത്ര ആരംഭിച്ച് 11ന് രാത്രി ഒമ്പതോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി. 39 അംഗസംഘത്തിലെ 28 േപരും സ്ത്രീകളായിരുന്നു. തിങ്കളാഴ്​ച രാവിലെ ചെന്നൈയിൽ എത്താനിരിക്കെയാണ്​ ദുരന്തം.

അഗ്നി വിഴുങ്ങിയ ജീവനുകൾ; മരവിച്ച് രക്ഷാപ്രവർത്തകർ
​ബോഡിനായ്​ക്കന്നൂർ (തമിഴ്​നാട്​): സാഹസിക സഞ്ചാരികളുടെ സ്വർഗമെന്ന്​ വിശേഷിപ്പിക്കുന്ന കൊരങ്ങിണി വനം ദുരന്തശേഷം കരിഞ്ഞുണങ്ങിയ മൊട്ടക്കുന്നായി മാറി. രക്ഷാപ്രവര്‍ത്തനത്തിന്​ കാടുകയറിയവരെ കാത്തിരുന്നത്​ നെഞ്ചുപിളർത്തുന്ന കാഴ്​ചകളും ആർത്തനാദങ്ങളുമാണ്​. പരിക്കേറ്റവരുടെ മുടിയും ധരിച്ചിരുന്ന വസ്ത്രങ്ങളും കത്തിയമർന്നിരുന്നു. ശരീരം വെന്തുരുകി തിരിച്ചറിയാനാകാത്ത രൂപങ്ങൾ.​ എന്ത്​ ചെയ്യണമെന്നറിയാതെ രക്ഷാപ്രവർത്തകർ പകച്ചു. പിന്നെ കൈ​മെയ്യ്​​ മറന്ന്​ കമ്പുകൾ കൂട്ടിക്കെട്ടി തുണികൊണ്ട്​ സഞ്ചിയുണ്ടാക്കി പാറക്കെട്ടുകളില്‍ കുടുങ്ങിപ്പോയവരെ ആദ്യം താഴേക്കെത്തിച്ചു. മലമുകളിലേക്കുള്ള ചെങ്കുത്തായ കയറ്റവും തിരിച്ചുള്ള കുത്തിറക്കവും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. തങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം പുതപ്പിച്ചാണ്​ സ്ത്രീകൾ അടക്കമുള്ളവരെ നാട്ടുകാര്‍ പുറത്തെത്തിച്ചത്. കൊരങ്ങിണിവാസികള്‍ തങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പുതപ്പുകളും ടോര്‍ച്ചുകളും രക്ഷാപ്രവര്‍ത്തനത്തിന്​ നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിന്​ ആദ്യം ഓടിയെത്തിയത്​ കൊളുക്കുമല തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ്​. കാട്ടുതീയില്‍നിന്ന്​ രക്ഷപ്പെട്ടു പുറത്തെത്തിയ തിരുപ്പൂര്‍ സ്വദേശി വിജയലക്ഷ്മിയാണ്​ ദുരന്തവിവരം പുറത്തറിയിക്കുന്നത്. വിവരമറിഞ്ഞ ഉടന്‍ തൊഴിലാളികള്‍ കൊളുക്കുമലയില്‍നിന്ന്​ സംഭവസ്ഥലത്തേക്ക്​ കുതിച്ചു. തൊട്ടുപിന്നാലെ താഴ്‌വരയിലെ കുരങ്ങിണിയില്‍നിന്ന്​ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. ഞായറാഴ്ച രാത്രി വൈകി പിറ്റേന്ന്​ പുലരുംവരെ വിവിധ വകുപ്പുകള്‍ക്കൊപ്പം കൊരങ്ങിണിവാസികളും സജീവമായി രംഗത്തുണ്ടായിരുന്നു. മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍നിന്നുള്ള പൊലീസ് സേനയും വനംവകുപ്പ് വാച്ചര്‍മാരും രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചു. േതനി കലക്ടര്‍ പല്ലവി ബല്‍ദേവ്, ജില്ല പൊലീസ് മേധാവി വി. ഭാസ്കരന്‍ എന്നിവര്‍ ഞായറാഴ്ച രാത്രി മുഴുവന്‍ കൊരങ്ങിണിയില്‍ ക്യാമ്പ്​ ചെയ്തും നേതൃത്വം നല്‍കി.

ആരും ഉണ്ടായില്ല കൈപിടിക്കാൻ
മൂന്നാര്‍: ​നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ആവശ്യത്തിന് ഗൈഡു​മാരോ വേണ്ട സുരക്ഷ സംവിധാനമോ ഇല്ലാതെയാണ്​ കൊരങ്ങിണി വനത്തിലേക്ക്​ പതിവായി ട്രക്കിങ്​.​ ഞായറാഴ്​ച ദുരന്തമുണ്ടായപ്പോഴും ഇത്​ ആവർത്തിച്ചു. കൊരങ്ങിണി മലയിലുണ്ടായ തീയില്‍ അകപ്പെട്ട വിനോദസഞ്ചാര സംഘത്തിനൊപ്പവും പരിചയസമ്പന്നരായ ഗൈഡില്ലായിരുന്നെന്ന്  പരിക്കേറ്റവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് കൊളുക്കുമല സന്ദര്‍ശിച്ച ചെന്നൈ സ്വദേശിയായ ചെറുപ്പക്കാരനാണ് ഇവരെ മലയിലേക്ക്​ കൂട്ടിക്കൊണ്ടുപോയത്. മുന്‍പരിചയമില്ലാത്തതിനാല്‍ കാട്ടുതീ ഇരുവശത്തുനിന്ന്​ പടര്‍ന്നപ്പോള്‍ എവിടേക്കാണ് ഓടി രക്ഷപ്പെടേണ്ടതെന്ന് അറിയാതെപോയി. അപകടത്തിൽപെട്ടവർക്ക് നിലവിളിക്കാനല്ലാതെ ഒന്നിനുമായില്ല​. നിർദേശം നൽകാനോ കൈപിടിക്കാനോ ആരും ഉണ്ടായി​െല്ലന്ന്​ ഇരയായവർ സങ്കട​പ്പെടുന്നു. 

അപകടത്തില്‍ മരിച്ചവരുടെ എണ്ണവും വിവരങ്ങളുമടക്കം പുറത്തുവിടാതെ ആദ്യം തമിഴ്നാട് സര്‍ക്കാര്‍ മൂടി​െവച്ചതും കയറിപ്പോയത് എത്രപേരടങ്ങുന്ന സംഘമാണെന്ന് അറിയാത്തതിനാലാണ്. ട്രക്കിങ്ങിന് പങ്കെടുക്കുന്നവര്‍ക്ക് കാട്ടില്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ ഇവര്‍ക്കൊപ്പമെത്തുന്നവര്‍ സംവിധാനം ഒരു​ക്കേണ്ടതുണ്ട്​. എത്രദിവസമാണ്​ സന്ദര്‍ശകര്‍ കാട്ടില്‍ തങ്ങുന്നതെന്ന് ബന്ധപ്പെട്ടവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം. എന്നാല്‍, ഇത്തരം മുന്‍കരുതലുകള്‍ വിദ്യാർഥികളെ കൊണ്ടുപോയിരുന്നവര്‍ പാലിക്കാത്തതാണ് അപകടത്തി​​​െൻറ വ്യാപ്​തി കൂട്ടിയത്​.
 
കഴിഞ്ഞ സീസണില്‍ മാത്രം തമിഴ്‌നാട്ടില്‍നിന്ന്​ കൊളുക്കുമലക്ക്​ സമീപത്തെ മീശപ്പുലിമല സന്ദര്‍ശിക്കാന്‍ അനധികൃതമായി കയറിയവരുടെ എണ്ണം ഒരു ലക്ഷത്തിലും അധികമാണ്. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലാണ് തമിഴ്നാട് വനംവകുപ്പി​​​െൻറ പ്രവര്‍ത്തനം. കേരളത്തി​​​െൻറ ഭാഗത്തുനിന്ന്​ കര്‍ശന വിലക്കും സുരക്ഷമാനദണ്ഡങ്ങളും നിലനില്‍ക്കുമ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ സഞ്ചാരികളെ മലമുകളിലേക്ക്​ കയറ്റിവിടുന്ന തമിഴ്​നാട്​ നടപടിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യമാണ് നിലവിലെ ദുരന്തത്തിലേക്ക് നയിച്ചത്.

പാൽക്കുളം മേട്ടിലേക്ക് വിലക്ക് ലംഘിച്ച് സഞ്ചാരികളെത്തുന്നു
ചെറുതോണി: കാട്ടുതീയും കാട്ടാനയും ഭീതിവിതയ്ക്കുന്ന പാൽക്കുളം മേട്ടിലേക്ക് വിലക്ക് ലംഘിച്ച് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. പെട്ടെന്ന് എത്താൻ കഴിയാത്ത ഇവിടെ പ്രവേശിക്കുന്നത് വനം വകുപ്പ് വിലക്കിയതാണ്. കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിവിടം.
വളഞ്ഞുപുളഞ്ഞുകിടക്കുന്ന നാട്ടുവഴികളിലൂടെ അതിസാഹസികമായി കയറിച്ചെന്നാൽ നീണ്ടുപരന്നുകിടക്കുന്ന പാറക്കൂട്ടങ്ങളും ചെറുവെള്ളച്ചാട്ടങ്ങളും മനോഹരകാഴ്ചകളാണ്.  72 ഏക്കർ സ്ഥലമാണ് വനം വകുപ്പി​​െൻറ കണക്കുപ്രകാരം കണ്ണെത്താദൂരത്തോളം കിടക്കുന്നത്. അപൂർവ സസ്യങ്ങളും പക്ഷികളും വന്യമൃഗങ്ങളും ഇവിടെയുണ്ട്. കൗമാരക്കാരും യുവതീയുവാക്കളുമാണ് ഇവിടെയെത്തുന്നതിൽ ഭൂരിഭാഗവും. സദാ വീശിയടിക്കുന്ന തണുത്തകാറ്റാണ് മറ്റൊരു പ്രത്യേകത. ഉദയാസ്​തമയവും കൊച്ചിയിൽ കപ്പലുകൾ നങ്കൂരമിട്ട്​ കിടക്കുന്ന കാഴ്ചകളും ഇവിടെ നിന്നാൽ കാണാം. 

വേനൽക്കാലമായാൽ നിരന്തരം കാട്ടുതീ പടരുന്നതും ചൂട് സഹിക്കാനാകാതെ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിന്​ പുറത്തേക്ക് വരുന്നതും നിത്യസംഭവമാണ്. അകലെനിന്ന് വരുന്ന വിനോദസഞ്ചാരികളെ ഇത്​ പറഞ്ഞുമനസ്സിലാക്കാൻ ഗൈഡുകളോ തടയാൻ വനം വകുപ്പ് ഉദ്യോഗസ്ഥരോ ഇല്ല. നഗരംപാറ റേഞ്ചിൽപെട്ട സ്ഥലമാണ് പാൽക്കുളം മേട്. ഫോറസ്​റ്റ്​ ഗാർഡുമാരും വനസംരക്ഷണ സമിതി പ്രവർത്തകരും ഇവിടെയുണ്ടെങ്കിലും  അപകടഭീതികൊണ്ട് കാട്ടിൽ തങ്ങാറില്ല. വിശാലമായ 72 ഏക്കറോളം വരുന്ന ഈ വനപ്രദേശം കാക്കാൻ  ഒരു സന്നാഹവുമില്ലാതെ ഭയന്നുവിറച്ച് ഡ്യൂട്ടിക്ക് പോകേണ്ട അവസ്ഥയിലാണ് വനപാലകർ. ഏതാനും മാസം മുമ്പ് വിലക്ക് ലംഘിച്ച് പാൽക്കുളം മേട്ടിലേക്ക്  ഉൗടുവഴികളിലൂടെ കടന്നുവന്ന ജീപ്പ് മറിഞ്ഞ് ആലപ്പുഴ സ്വദേശികൾക്ക് പരിക്കേറ്റിരുന്നു. രണ്ടുമാസം മുമ്പ് പാൽക്കുളം മേട് കാണാനെത്തിയവരെ കാട്ടാന ഓടിച്ച സംഭവവുമുണ്ടായി. ഒരു അപകടം സംഭവിച്ചാൽ പുറംലോകത്തെത്താൻ കാൽനടയായി മണിക്കൂറുകൾ നടക്കണം. ഇവിടം ടൂറിസം മാപ്പിൽ ഉൾപ്പെടുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാം.

ട്രക്കിങ്​​ പരിപാടികൾക്ക്​ നിരോധം
മറയൂർ: തേനി ഡിവിഷനിലെ കൊരങ്ങിണി വനമേഖലയിൽ ഞായറാഴ്​ചയുണ്ടായ കാട്ടുതീ ദുരന്തത്തി​​​െൻറ സാഹചര്യത്തിൽ മൂന്നാർ വൈൽഡ്​ലൈഫ്​ ഡിവിഷന്​ കീഴിലുള്ള പ്രദേശങ്ങളിൽ ട്രക്കിങ്​​ വനം വകുപ്പ്​ താൽക്കാലികമായി നിരോധിച്ചു. പ്രദേശം തമിഴ്​നാട്​-കേരള അന്തർ സംസ്ഥാന അതിർത്തി പങ്കിടുന്നതാകയാൽ തമിഴ്​നാട്ടിൽനിന്ന്​ കാട്ടുതീ പടരാൻ സാധ്യത കണക്കിലെടുത്താണ്​ നടപടി. ശക്തമായ കാറ്റ്​ അനുഭവപ്പെടുന്നതിനാൽ കാട്ടുതീ ഉണ്ടായാൽ നിയന്ത്രണ വിധേയമാക്കാൻ ബുദ്ധമുട്ടാകുമെന്ന്​ മൂന്നാർ വൈൽഡ്​ലൈഫ്​ വാർഡൻ അറിയിച്ചു.

മുറിഞ്ഞപുഴ വനത്തിൽ കാട്ടുതീ; 200 ഹെക്ടറോളം വനം കത്തിനശിച്ചു
പീരുമേട്: പെരിയാർ ടൈഗർ റിസർവിലെ മുറിഞ്ഞപുഴ വനത്തിൽ കാട്ടുതീ. 200 ഹെക്ടറോളം വനം കത്തിനശിച്ചു. പ്ലാക്കത്തടം പട്ടികവർഗ കോളനിക്ക് സമീപം മുത്തൻമലയിലാണ് തീപടർന്നത്. അറബിക്കടലിൽ ന്യൂനമർദം രൂപം കൊണ്ടശേഷം ഹൈറേഞ്ചിൽ ശക്തമായ കാറ്റ് വീശുകയാണ്. വനമേഖലകളിലും കാറ്റ് വീശുന്നതിനാൽ തീപടരുന്ന സാഹചര്യമുണ്ട്​. മുത്തൻമല പൂർണമായും കത്തിനശിച്ചു. ഇവിടെനിന്ന്​ രണ്ട് കിലോമീറ്റർ ദൂരെ പുറക്കയത്തിന് സമീപം തീപടർന്ന് 500 ഹെക്ടററോളം വനം കഴിഞ്ഞദിവസം കത്തിനശിച്ചിരുന്നു.
നെടുങ്കണ്ടം: ചെമ്പകത്തുഴുവിൽ കാട്ടുതീപടർന്ന്​ 15 ഏക്കറോളം സർക്കാർ ഭൂമി കത്തിനശിച്ചു. ചിന്നക്കനാൽ പഞ്ചായത്ത് ഏഴാം വാർഡിലാണ് വൻ തീപിടിത്തം. വാണിവിലാസം ഗവ. ൈട്രബൽ എൽ.പി സ്​കൂളിന്​ സമീപത്താണ് തീപടർന്ന് യൂക്കാലി മരങ്ങളടക്കം കത്തിയത്. വളരെ ജാഗ്രത പുലർത്തിയതിനാൽ ജനവാസ മേഖലയിലേക്ക് തീകടക്കാതെ തടയാനായി. കഴിഞ്ഞദിവസം തമിഴ്നാട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തീപ്പൊരികൾ കാറ്റത്ത് പറന്നതാകാം തീപിടിത്തത്തിന്​ കാരണമെന്ന്​ കരുതുന്നു. രാവിലെ പത്തോടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. നെടുങ്കണ്ടത്തുനിന്നും അടിമാലിയിൽനിന്നും രണ്ട് യൂനിറ്റ് അഗ്​നിരക്ഷ സേന സ്ഥലത്തെത്തി രണ്ടുമണിക്കൂർകൊണ്ടാണ് തീയണച്ചത്. ലീഡിങ്​ ഫയർമാൻ അനിൽകുമാർ, ഫയർമാന്മാരായ റിൻറു ജോസഫ്, എം.ആർ. സന്തോഷ്, കെ.എസ്​. അരുൺ, സനോജ് , ഹോം ഗാർഡ് സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foresttrekkingmalayalam newskolukkumalaitheni fire accidentKerala News
News Summary - theni fire accident- Kerala news
Next Story