തേങ്കുറുശ്ശി ദുരഭിമാനക്കൊല: പ്രതികളുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി
text_fieldsകുഴൽമന്ദം: തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ റിമാൻഡിലായ പ്രതികളുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), ഭാര്യാസഹോദരൻ സുരേഷ് (45) എന്നിവരെയാണ് കോടതി ബുധനാഴ്ച രണ്ടുദിവസത്തേക്ക് അന്വേഷണ ഏജൻസിയായ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വിശദമായ ചോദ്യംചെയ്യലിനു ശേഷം വ്യാഴാഴ്ച കൊഴിഞ്ഞാമ്പാറ മേലേ പോക്കാൻതോട്, പ്രഭുകുമാറിെൻറ ഉടമസ്ഥതിയിലുള്ള കൊടുവായൂരിലെ തയ്യൽ മെഷീൻ സ്ഥാപനം, കൊലപാതകം നടന്ന മാനാംകുളമ്പ് സ്കൂളിനു സമീപം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
കൊടുവായൂരിലെ തയ്യൽ മെഷീൻ സ്ഥാപനത്തിൽ വെച്ചാണ് അനീഷിനെതിരെയുള്ള ഗൂഢാലോചന നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. മാനാംകുളമ്പ് സ്കൂളിന് സമീപത്തെ സംഭവം നടന്ന റോഡിൽ എത്തിച്ച പ്രതികൾ അനീഷിെൻറ തുടയിൽ കുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ചു. കുഴൽമന്ദം പൊലീസിൽ നൽകിയ മൊഴി പ്രതികൾ ക്രൈംബ്രാഞ്ചിനോടും ആവർത്തിച്ചു.
തേങ്കുറുശ്ശി ഇലമന്ദം കൊല്ലത്തറയിൽ ആറുമുഖെൻറ മകൻ അനീഷാണ് (അപ്പു -27) ഡിസംബർ 25ന് വൈകീട്ട് കൊല്ലപ്പെട്ടത്. മാനാംകുളമ്പ് സ്കൂളിന് സമീപത്തെ റോഡിലാണ് സംഭവം. അനീഷിെൻറ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ്, അച്ഛൻ പ്രഭുകുമാർ എന്നിവർ ചേർന്ന് കൊലപാതകം നടത്തിയെന്നാണ് കേസ്.
അനീഷും പ്രഭുകുമാറിെൻറ മകൾ ഹരിതയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിക്കാൻ പ്രഭുകുമാർ അനീഷിനെ നിർബന്ധിച്ചിരുന്നു. എന്നാൽ, ഹരിതയും അനീഷും വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം നടത്തി. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതികളുടെ ആദ്യ റിമാൻഡ് കാലാവധി ജനുവരി എട്ടിന് അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. സുന്ദരൻ, എസ്.ഐ അച്യുതാനന്ദൻ, എ.എസ്.ഐമാരായ പി.സി. പ്രഭാകരൻ, ബാലകൃഷ്ണൻ, സതീഷ് ബാബു, ജോൺസൺ ലോഗോ, സി.പി.ഒമാരായ സൂരജ്, അനിതാകുമാരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.