ബഹുസ്വര സമൂഹത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുന്നത് അപ്രായോഗികം - മാർത്തോമ്മാ മെത്രാപ്പൊലീത്താ
text_fieldsതിരുവല്ല: ഇന്ത്യയെപോലുളള ബഹുസ്വരാത്മക സമൂഹത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് മാർത്തോമ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. ഏക സിവിൽകോഡ് പ്രത്യക്ഷത്തിൽ സ്വീകാര്യമായി തോന്നാം. എന്നാൽ ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഇതിനെ പിന്തുണയ്ക്കാനാവില്ല.
ഭരണഘടനാ രൂപീകരണ സമയത്ത് യുസിസിയെക്കുറിച്ച് ആലോചിച്ചെങ്കിലും ഇക്കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. അതിനാൽ ആർട്ടിക്കിൾ 44ൽ യുസിസി വേണമെന്ന ആഗ്രഹം മാത്രമേ പരാമർശിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യലബ്ധി മുതലുള്ള ആദ്യകാല ചർച്ചകളും ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, യുസിസി ഒരിക്കലും യാഥാർത്ഥ്യമായില്ല എന്ന വസ്തുത ഇന്ത്യയിൽ വ്യക്തി നിയമങ്ങൾക്ക് പകരം വയ്ക്കുന്ന ഒരു ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നതിലെ സങ്കീർണ്ണതകളെ തുറന്നു കാട്ടുന്നു.
ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്. ഇന്ത്യയുടെ ഭരണഘടനയിൽ വംശം, മതം, ലിംഗഭേദം തുടങ്ങിയവയുടെ ബഹുത്വം അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ അസംഖ്യം സാംസ്കാരിക വൈവിധ്യം ഇഴചേർന്ന് നിലകൊള്ളുന്ന രാജ്യമാണ് ഭാരതം. അത്തരത്തിൽ വിവിധ സാംസ്കാരിക, മത, രാഷ്ട്രീയ മേഖലകൾക്ക് ഇതിനകം തന്നെ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നാളിതുവരെ നാം കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സാംസ്കാരിക വൈവിദ്ധ്യവും ഭരണഘടന ഉറപ്പാക്കുന്ന മത സ്വാതന്ത്യവും ഹനിക്കപ്പെടരുത്.
2018ലെ ലോ കമ്മീഷൻ ഏക സിവിൽകോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്നാണ് പ്രഖ്യാപിച്ചത്. ഭാവിയിൽ ഒരു പാർലമെൻ്റിൽ ഏക സിവിൽകോഡ് അവതരിപ്പിക്കുകയാണെങ്കിൽ, “തങ്ങൾ അതിന് വിധേയരാകാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ കോഡ് ബാധകമാകൂ” എന്ന വ്യവസ്ഥ ഉണ്ടാക്കണമെന്ന് ഭരണഘടനാ അസംബ്ലി ചർച്ചകളിൽ ഡോ. ബി. ആർ. അംബേദ്കർ നിലപാട് സ്വീകരിച്ചിരുന്നു.
രാജ്യത്ത് സാമ്പത്തിക അസമത്വം നിലനിൽക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് ചില പ്രത്യേകാവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. ജനങ്ങളുടെ ഇടയിൽ ഏക സിവിൽ കോഡിനെപ്പറ്റി ചർച്ചകൾ ആവാം, പക്ഷേ മുകളിൽ നിന്നും ഏകപക്ഷീയമായും നിർബന്ധപൂർവ്വവും നടപ്പാക്കരുതെന്നും ഡോ തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.