Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ നിന്ന്...

കണ്ണൂരിൽ നിന്ന് ആകെയുള്ളത് നാല് വിമാനം, അതിൽ മൂന്നും ഇൻഡിഗോ; ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം

text_fields
bookmark_border
There are a total of four flights from Kannur, three of which are IndiGo; Travel misery awaits Jayarajan
cancel
Listen to this Article

കണ്ണൂർ: യാത്രാവിലക്കിൽ കുപിതനായി ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്കരിക്കുമെന്ന് ശപഥം ചെയ്തത് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് വിനയായി. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവിസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണ്. ഇൻഡിഗോയെ ബഹിഷ്കരിച്ചാൽ കണ്ണൂരുകാരനായ ഇ.പി. ജയരാജന് വേഗത്തിൽ തിരുവനന്തപുരത്തെത്താനും തിരിച്ചുവരാനും വഴി അടയും. മാധ്യമങ്ങൾക്കു മുന്നിൽ ശപഥം പ്രഖ്യാപിച്ച തിങ്കളാഴ്ച രാവിലെ 11.20ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ഇൻഡിഗോ 6E 7329 വിമാനത്തിൽ ഇ.പി. ജയരാജൻ ടിക്കറ്റെടുത്തിരുന്നു.

ശപഥത്തിനു പിന്നാലെ വിമാന ടിക്കറ്റ് റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ട്രെയിൻ മാർഗമാണ് തിങ്കളാഴ്ച വൈകീട്ട് കണ്ണൂരിലേക്ക് പുറപ്പെട്ടത്. കണ്ണൂർ -തിരുവനന്തപുരം റൂട്ടിലെ വിമാനയാത്രക്കാരിൽ ഏറെയും നേതാക്കളും ജനപ്രതിനിധികളുമാണ്. വിമാനത്താവളം നിലനിൽക്കുന്ന മട്ടന്നൂർ മണ്ഡലത്തിലെ മുൻ എം.എൽ.എ കൂടിയായ ഇ.പി. ജയരാജൻ പതിവ് യാത്രക്കാരിൽ ഒരാളാണ്. എൽ.ഡി.എഫ് കൺവീനർ പദവി ഏറ്റെടുത്തതോടെ യാത്രയുടെ എണ്ണം കൂടി. ചിലപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും തവണ ഇദ്ദേഹവും കുടുംബവും യാത്ര ചെയ്തിട്ടുണ്ട്. നേരിട്ടുള്ള സർവിസ് ഇൻഡിഗോ മാത്രമായതിനാൽ എല്ലാ യാത്രകളും ഇൻഡിഗോയിൽ തന്നെ. കണ്ണൂരിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് താനും കുടുംബവുമാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞതും അതുകൊണ്ടാണ്.

ഇനി കുടുംബവും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നാണ് ശപഥം. അത് പാലിക്കപ്പെട്ടാൽ എൽ.ഡി.എഫ് കൺവീനറുടെ കുടുംബത്തിനും കണ്ണൂർ -തിരുവനന്തപുരം വിമാനയാത്രയുടെ എളുപ്പവഴി അടയും. കണ്ണൂരിൽനിന്ന് രണ്ട് അല്ലെങ്കിൽ മൂന്ന് സർവിസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഒന്ന് നേരിട്ടും രണ്ടെണ്ണം ബംഗളൂരു വഴിയുമാണ്. നേരിട്ടുള്ള വിമാനം 1.20 മണിക്കൂറിലും മറ്റുള്ളവ 3.45 മുതൽ 4.45 മണിക്കൂർ വരെ സമയമെടുത്തുമാണ് തിരുവനന്തപുരത്ത് എത്തുക.

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം കോഴിക്കോട് -ഡൽഹി വഴിയാണ്. 8.45 മണിക്കൂറിനടുത്ത് സമയമെടുക്കും. ട്രെയിൻ വഴി തിരുവനന്തപുരത്തെത്താൻ 10 മുതൽ 12 മണിക്കൂർ വരെയും. റോഡുവഴി ഓടിയാലും അത്രയും സമയം വേണം. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ഇ.പി. ജയരാജന് തുടർച്ചയായ റോഡ്, ട്രെയിൻ യാത്രകൾ എളുപ്പമാകില്ല. ചുരുക്കത്തിൽ, ഇൻഡിഗോ ബഹിഷ്കരണം പ്രഖ്യാപിച്ച് കുടുങ്ങിയ നിലയിലാണ് ഇ.പി. ജയരാജൻ.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ജയരാജന് ഇൻഡിഗോ എയർലൈൻസ് മൂന്നാഴ്ച യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

'ഇന്‍ഡിഗോ ഏവിയേഷൻ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാന കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒമ്പതിന് ഇന്‍ഡിഗോ കമ്പനിയിൽനിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു. 12ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണ്'-ജയരാജൻ പറയുന്നു.

'അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും എനിക്ക് അവാർഡ് നൽകേണ്ടതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്. താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം' -ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigoJayarajan
News Summary - There are a total of four flights from Kannur, three of which are IndiGo; Travel misery awaits Jayarajan
Next Story