ഉമ്മൻചാണ്ടിയെ ഒഴിവാക്കിയേക്കും, മുല്ലപ്പള്ളി എ.ഐ.സി.സി നേതൃത്വത്തിലേക്കെന്ന് സൂചന
text_fieldsന്യൂഡൽഹി: എ.ഐ.സി.സി പുനഃസംഘടനയിൽ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നൽകിയേക്കുമെന്ന് സൂചന. പദവിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് മുല്ലപ്പള്ളിയോട് സംസാരിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ഉമ്മൻചാണ്ടിയെ ആന്ധ്ര പ്രദേശിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. 77കാരനായ ഉമ്മൻചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2018ൽ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ഉമ്മന്‍ചാണ്ടിക്ക് അവിടെ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ രമേശ് ചെന്നിത്തല എ.ഐ.സി.സി നേതൃത്വത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ഇപ്പോള്‍ മുല്ലപ്പള്ളിക്കാണ് ഹൈക്കമാൻഡ് കൂടുതൽ മുൻഗണന നൽകുന്നത്. ഡി.സി.സി അധ്യക്ഷ പദവി സംബന്ധിച്ച് ഗ്രൂപുകള്‍ക്കിടയില്‍ അതൃപ്തിയുണ്ടായപ്പോഴും മുല്ലപ്പള്ളി പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. ഇതാണ് മുല്ലപ്പള്ളിക്ക് തുണയായത്.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. പുതിയ നേതൃത്വത്തിനെതിരെ എ,ഐ ഗ്രൂപുകളുടെ ഐക്യവും രൂപപ്പെട്ടിരുന്നു. ഇത് ഹൈക്കമാൻഡിന് കടുത്ത നീരസമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.