നിയമ മേഖലയിൽ മാറ്റങ്ങളേറെ
text_fields2024 എന്ന വർഷം നിയമമേഖലയിൽ നിരവധി മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു: 2023നെ അപേക്ഷിച്ച് കുറച്ചുകൂടി പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയ വർഷമാണ് 2024 എങ്കിലും നിയമമേഖലയിലെ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞിട്ടില്ല.
ഈ വർഷത്തെ ശ്രദ്ധേയമായ മാറ്റങ്ങളിൽ പുതിയ ക്രിമിനൽ നിയമങ്ങളും ഉൾപ്പെടുന്നു. - ഭാരതീയ ന്യായ സംഹിത, 2023 (ഇന്ത്യൻ പീനൽ കോഡ് റദ്ദാക്കൽ, 1860); ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 (ക്രിമിനൽ നടപടിച്ചട്ടം റദ്ദാക്കൽ, 1973); കൂടാതെ, ഭാരതീയ സാക്ഷ്യ അധീനിയം, 2023 (ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 റദ്ദാക്കൽ) - ഈ പുതിയ നിയമങ്ങൾ ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്നു.
അടിസ്ഥാനനിയമങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം എന്നത് നിയമമേഖലയിൽ മാത്രമല്ല സാധാരണക്കാർക്കും ആകുലത നൽകുന്നു.
നടപടിക്രമങ്ങളുടെ ഡിജിറ്റലൈസേഷൻ, സെർചിലും പിടിച്ചെടുക്കലിലും വിഡിയോഗ്രഫി, ഫോറൻസിക് സയൻസ് ഇന്റഗ്രേഷൻ തുടങ്ങിയ നടപടികൾ പുതിയ നിയമങ്ങൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. നിയമങ്ങൾ ആധുനീകരിച്ചപ്പോൾ ഉണ്ടായ ചില വിടവുകൾ ഇനിയും നികത്തപ്പെടേണ്ടതുണ്ട്. കോടതികളും സർക്കാറും തമ്മിലുള്ള അധികാര തർക്കങ്ങൾ പ്രകടമായ വർഷമായിരുന്നു 2024.
പല സർക്കാർ നടപടികളും കോടതികളുടെ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ജഡ്ജി നിയമനങ്ങളിൽപോലും ഇത്തരം തർക്കങ്ങൾ പ്രകടമായി. ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിച്ച ഒഴിവിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി.
വിവാദമായി വഖഫ് ബിൽ
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു 2024 ആഗസ്റ്റ് എട്ടിന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര വഖഫ് ഭേദഗതി ബിൽ 2024’ ഏറെ ചർച്ചയായി. മുസ്ലിംകളുടെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് ദൈവപ്രീതി കാംക്ഷിച്ചു നൽകുന്ന ദാനമാണത്.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് നിലവിൽ അനുവർത്തിച്ചുവരുന്ന രീതി അപ്പാടെ പൊളിച്ചെഴുതുന്ന പുതിയ ഭേദഗതി ബിൽ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാനും ദുരുപയോഗത്തിനും കാരണമാകുമെന്നാണ് വിമർശനം. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിൽ സർക്കാറിന് പ്രധാന പങ്ക് നൽകാൻ ബിൽ നിർദേശിക്കുന്നു. ഒരു വസ്തു വഖഫ് ചെയ്തതാണോ എന്നതിൽ വഖഫ് ട്രൈബ്യൂണലിന്റേതായിരുന്നു നിലവിൽ അന്തിമ തീരുമാനം.
പുതിയ ബില്ലിൽ ഈ അധികാരം ജില്ല കലക്ടർക്ക് നൽകുന്നു. സംസ്ഥാന വഖഫ് ബോർഡുകളുടെ ഘടനയിൽ കാര്യമായ മാറ്റമുണ്ടാകും. അമുസ്ലിം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാരെയും കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെയും നിയമിക്കാൻ ബിൽ അനുവദിക്കുന്നു. മതപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള തുടർച്ചയായ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ വസ്തുവകകൾ വഖ്ഫ് ആയി കണക്കാക്കാൻ അനുവദിക്കുന്ന ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന ആശയം ഇല്ലാതാക്കാൻ ബിൽ ശ്രമിക്കുന്നു.
വഖഫ് സ്വത്ത് കൈമാറ്റം ചെയ്യാൻ പാടില്ല എന്ന നിലവിലെ വ്യവസ്ഥ പൊളിച്ചെഴുതുന്നതാണ് ഏറ്റവും വിമർശനം നേരിട്ടത്. 12 വർഷത്തിനുശേഷം വഖഫ് ഭൂമിയുടെ കൈവശാവകാശം കൈയേറ്റക്കാർക്ക് അവകാശപ്പെടാം എന്നത് വഖഫ് സ്വത്ത് അന്യാധീനപ്പെടാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ നിയമിക്കുന്ന ഒരു ഓഡിറ്റർ വഴി ഏതു സമയത്തും ഏത് വഖഫിന്റെയും ഓഡിറ്റ് നടത്താൻ കേന്ദ്ര സർക്കാറിന് ബിൽ അധികാരം നൽകുന്നു.
സുപ്രധാന കോടതി വിധികൾ
1.ഇലക്ടറൽ ബോണ്ടുകളുടെ വിൽപന നിർത്തിവെക്കാൻ സുപ്രീംകോടതി നിർദേശിച്ചു. 2019 ഏപ്രിൽ 12 മുതൽ ഇന്നുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ ഇ.സി.ഐക്ക് സമർപ്പിക്കാൻ എസ്.ബി.ഐക്ക് നിർദേശം നൽകി.
2. വോട്ടർമാരുടെ വിശ്വാസം നിർണായകമാണെങ്കിലും വി.വിപാറ്റ് പരിശോധന 100 ശതമാനം ആക്കുന്നത് അനാവശ്യ കാലതാമസങ്ങൾക്കും പിശകുകൾക്കും ഇടയാക്കുമെന്ന് സുപ്രീംകോടതി. പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങുന്നത് അപ്രായോഗികമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
3. ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാൻ അതു സ്ഥാപിച്ചത് ന്യൂനപക്ഷമായാൽ മതിയെന്നും ഭരണനിർവഹണം ന്യൂനപക്ഷത്തിനാകണമെന്നില്ലെന്നും ആർട്ടിക്കിൾ 30 പ്രകാരം അലീഗഢ് സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
4. ഒക്ടോബർ 17ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4:1 ഭൂരിപക്ഷത്തിൽ 1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 6A യുടെ ഭരണഘടന സാധുത ശരിവെച്ചു.
5. ആരാധനാലയങ്ങളുടെ അവകാശ തർക്കവുമായി ബ ന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് വ്യക്തമാക്കി. സർവേകളിൽനിന്നും പുതിയ ഉത്തരവുകൾ പാസാക്കുന്നതിൽനിന്നും വിട്ടുനിൽക്കാൻ ട്രയൽ കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകി. അവകാശ തർക്കത്തിന് അനുമതി നൽകിയ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
6. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രസംഗത്തിനോ വോട്ട് ചെയ്യാനോ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്.
7. ജാതി അടിസ്ഥാനത്തിൽ ജോലി ഏർപ്പെടുത്തുന്ന ജയിൽ മാന്വലിലെ വ്യവസ്ഥകൾ സുപ്രീം കോടതി റദ്ദാക്കി. പാർശ്വവത്കരിക്കപ്പെട്ട ജാതിക്കാർക്ക് താഴ്ന്ന തരം ജോലികൾ ഏൽപ്പിക്കുന്നത് തടയാൻ ജയിൽ മാന്വൽ പരിഷ്കരിക്കാൻ കോടതി നിർദേശം നൽകി.
ജപ്തിവിരുദ്ധ ബിൽ നിയമസഭ പാസാക്കി
കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തിവിരുദ്ധ ബിൽ കേരള നിയമസഭ പാസാക്കി. എല്ലാത്തരം ജപ്തി നടപടികളിലും ഇടപെടാനും സ്റ്റേ നൽകാനും മൊറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാറിന് പുതിയ ജപ്തിവിരുദ്ധ ബിൽ അധികാരവും അവകാശവും നൽകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.