ഫോൺ നമ്പർ ചേർക്കൽ പാളി; 'വാഹനി'ൽ അധികവും ഇടനിലക്കാരുടെ നമ്പറുകൾ
text_fieldsതിരുവനന്തപുരം: 'വാഹൻ' പോർട്ടലിലെ വിവരങ്ങളിൽ വാഹന ഉടമയുടെ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടുത്തി സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനുള്ള നീക്കം പാളി. വാഹനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ഭൂരിഭാഗവും ഇടനിലക്കാരുടേത്.
സംസ്ഥാനത്തെ 1.40 കോടി വാഹനങ്ങളുടെ വിവരങ്ങള്‍ രാജ്യവ്യാപക കേന്ദ്രീകൃത രജിസ്ട്രേഷന് സംവിധാനമായ 'വാഹനി'ലേക്ക് മാറിയതിന് തൊട്ടുപിന്നാലെയാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് സൗകര്യമൊരുക്കിയത്. വാഹനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ പൂർത്തീകരിക്കാൻ ഈ നമ്പറിലേക്കാണ് ഒ.ടി.പി എത്തുക.
സേവനങ്ങൾ ഏജന്റുമാരില്ലാതെയും ഓഫിസിലെത്താതെയും ഓൺലൈനായി നിർവഹിക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം അപേക്ഷകളും ഇടനിലക്കാർ വഴിയാണ് ഓഫിസിലെത്തുന്നത്. നേരിട്ട് നൽകിയാൽ സമയത്ത് കിട്ടില്ലെന്നതിനാലാണിത്. വാഹന ഉടമയുടെ ഫോൺ നമ്പർ വഴി ഒ.ടി.പി എത്തുകയും പിന്നീടത് കൈമാറുകയും ചെയ്യാനുള്ള കാലതാമസം ഒഴിവാക്കാൻ മിക്ക ഇടനിലക്കാരും സ്വന്തം ഫോൺ നമ്പർ നൽകിയാണ് ഓൺലൈൻ നടപടികൾ നിർവഹിക്കുന്നത്. വാഹന ഉടമയുടെ ഫോൺ നമ്പറിന്റെ സ്ഥാനത്ത് ഇടനിലക്കാരുടെ നമ്പറാകും രജിസ്റ്റർ ചെയ്യുക.
എന്നാൽ, ഒ.ടി.പി സ്വീകരിക്കാൻ മാത്രം പ്രത്യേക ഫോണും സിമ്മും ഉപയോഗിക്കുന്ന ഇടനിലക്കാരുമുണ്ട്. ഒ.ടി.പി ലഭിക്കേണ്ട സമയത്ത് മാത്രമായിരിക്കും ഈ ഫോൺ ഓണാക്കുക. ഉടമയുടെ നമ്പറല്ലാത്തതിനാൽ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും 'ഇടപെടലുകളിൽ'നിന്ന് സുരക്ഷിതമാകാനാണ് ഈ രീതി.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെ വിവരങ്ങൾ മൊബൈലില്‍ സന്ദേശമായി ലഭിക്കലും അപേക്ഷയുടെ തൽസ്ഥിതി എസ്.എം.എസ് ആയി ഉടമയെ അറിയിക്കലുമടക്കം നിരവധി ലക്ഷ്യങ്ങളാണ് ഫോൺ നമ്പർ അപ്ഡേഷനിലൂടെ ലക്ഷ്യമിട്ടിരുന്നത്. ടാക്സി വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമായിരുന്നു ഈ സംവിധാനം. ഡ്രൈവര്‍മാര്‍ കാട്ടിയ പിഴവിന് ഏറെക്കാലം കഴിയുമ്പോള്‍ ഉടമ പിഴ നല്‍കേണ്ടിവരുന്നത് ഒഴിവാക്കാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.