ചാൻസലർ പദവി മാറ്റാൻ കടമ്പകളേറെ
text_fieldsതിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചെങ്കിലും കടമ്പകളേറെ. ഓർഡിനൻസ് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന വേണ്ടിവരുമെന്നതിനാൽ എളുപ്പം തീരുമാനമുണ്ടാകില്ല. പല ബില്ലുകളുടെയും കാര്യത്തിൽ മാസങ്ങളോ വർഷങ്ങളോവരെ വേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടാൽ ഇതേ വിഷയത്തിൽ ബിൽ കൊണ്ടുവരുന്നതിന്റെ നിയമപ്രശ്നങ്ങളുമുണ്ട്.
ഓർഡിനൻസ് വെള്ളിയാഴ്ച ഗവർണർക്ക് സമർപ്പിക്കുമെന്നാണ് വിവരം. ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കിൽ തുടർനടപടി അപ്പോൾ ആലോചിക്കുമെന്നും മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. ഒപ്പിടുന്നില്ലെങ്കിൽ വേഗം തിരിച്ചയക്കണമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്.
ഒപ്പിട്ടില്ലെങ്കിൽ എത്രയും വേഗം തിരിച്ചയക്കുകയാണ് വേണ്ടതെന്ന നിലപാട് മന്ത്രി പി. രാജീവ് പ്രകടിപ്പിച്ചു. ഗവർണർ ഓർഡിനൻസ് ഒപ്പിട്ടില്ലെങ്കിൽ ബിൽ കൊണ്ടുവരാം. സാധാരണ രാഷ്ട്രപതിക്ക് അയച്ച വിഷയത്തിൽ ബിൽ പതിവില്ല. എന്നാൽ, അതിന് തടസ്സമില്ലെന്നാണ് സൂചന. സാഹചര്യം നോക്കി നിയമോപദേശം തേടി നിലപാട് എടുക്കാനാണ് സർക്കാറിലെ ധാരണ.
ഓർഡിനൻസ് കേന്ദ്ര നിയമത്തിന് വിരുദ്ധമാണെങ്കിലാണ് സാധാരണ ഗവർണർമാർ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുന്നത്. ഈ ഓർഡിനൻസ് രാജ്ഭവനിലെത്തും മുമ്പേ ഗവർണർ രാഷ്ട്രപതിക്ക് വിടുമെന്ന് പ്രഖ്യാപിച്ചു. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് കേന്ദ്ര നിയമമായ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന വാദം ചിലർ ഉയർത്തുന്നുണ്ട്. യു.ജി.സി ചട്ടത്തിൽ ഗവർണർതന്നെ ചാൻസലർ ആകണമെന്നോ ചാൻസലറുടെ യോഗ്യതയോ പറയുന്നില്ലെന്നാണ് സർക്കാർ നിലപാട്. വിദ്യാഭ്യാസം സംയുക്ത പട്ടികയിലായതിനാൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണം നടത്താം. ഓർഡിനൻസ് കേന്ദ്ര നിയമത്തിന് വിരുദ്ധമല്ലെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. രാഷ്ട്രപതിക്ക് അയക്കുന്നവ ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലവും തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളും പരിശോധിക്കും. ഇതിന് സമയപരിധിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.