എക്സൈസ് വകുപ്പിൽ വാഹനങ്ങൾ ധാരാളം; ഡ്രൈവർമാരില്ല
text_fieldsകൊല്ലം: എക്സൈസ് വകുപ്പിലെ വാഹനങ്ങൾ ഓടിക്കാനാളില്ലാതെ കിടക്കുമ്പോൾ പി.എസ്.സി നടത്തിയ ഡ്രൈവർ പരീക്ഷയിലെ റാങ്ക് പട്ടിക കാലാവധി പൂർത്തിയായി റദ്ദാക്കപെടുന്ന സ്ഥിതിയിൽ. വകുപ്പിൽ ആകെ 277 ഡ്രൈവർമാരാണുള്ളത്. ഔദ്യോഗികമായി 337 വാഹനങ്ങൾ കൂടാതെ വകുപ്പിന് വേണ്ടി നാനൂറോളം വാഹനങ്ങൾ വേറെയും ഓടുന്നുണ്ട്.
എക്സൈസ് വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത കാലത്താണ് ടാറ്റ ഹെക്സ, മഹീന്ദ്ര ടി.യു.വി അടക്കം 79 വാഹനങ്ങൾ വാങ്ങിയത്. ഈ വാഹനങ്ങൾക്കൊന്നും ഡ്രൈവർമാരില്ല. സിവിൽ എക്സൈസ് ഓഫിസർമാരടക്കം മറ്റ് ജീവനക്കാരെ കൊണ്ടാണ് വാഹനങ്ങൾ ഓടിപ്പിക്കുന്നത്.
എക്സൈസിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കും ഹൈവേ പട്രോളിങിനും ചെക്ക്പോസ്റ്റുകളിലും മറ്റ് ഓഫിസുകളിലുമൊന്നും വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവർ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നാണ് പരാതി. റാങ്ക് ലിസ്റ്റിൽ പേര് വന്ന് എട്ടുമാസത്തിലേറെയായി നിരവധിപേരാണ് ജോലിക്കായി കാത്തിരിക്കുന്നത്.
കൊല്ലം, എറണാകുളം അടക്കം പല ജില്ലകളിലും റേഞ്ച് ഓഫിസുകൾ ഡ്രൈവർമാർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ പരിപാലനം നടത്തേണ്ടത് ഡ്രൈവർമാരാണ്. തൽകാലികമായി വാഹനം ഓടിക്കുന്നവർ പരിപാലനത്തിൽ ശ്രദ്ധിക്കില്ലന്നും ചൂണ്ടികാട്ടപ്പെടുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടികാട്ടി റാങ്ക് ഹോൾഡേഴ്സ് മന്ത്രി അടക്കം അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.