എല്ലാവർക്കും ഓണക്കിറ്റില്ലെന്ന് ധനമന്ത്രി; സപ്ലൈകോയിൽ സാധനങ്ങളില്ല
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണക്കിറ്റ് നൽകാനാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഓണക്കിറ്റ് നൽകും, എന്നാൽ ഇത് ആർക്കൊക്കെയാണെന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ലെന്നും ധനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുമ്പുള്ള രീതിയല്ല, കോവിഡിന്റെ സാഹചര്യം മാറി. ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും. സംസ്ഥാനത്തിന്റെ കടമെടുപ്പിന് പരിധിയുണ്ട്. കൂടുതൽ കടമെടുക്കാനുള്ള അവസരം വേണം. അല്ലെങ്കിൽ കേന്ദ്രം നികുതി വിഹിതം വർധിപ്പിക്കണം. നികുതി വിഹിതം വെട്ടിക്കുറച്ചതിനാൽ സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന് ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന നികുതി വരുമാനം ലഭിക്കുന്നില്ല. അതു ലഭിച്ചാൽ 20,000 കോടി രൂപ അധികവരുമാനം ഉണ്ടാകും. കടമെടുപ്പ് വെട്ടിക്കുറക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോയിൽ സാധനങ്ങളില്ല
തിരുവനന്തപുരം: പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരവെ ജനങ്ങൾക്ക് ആശ്വാസം പകരേണ്ട സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾപോലും കിട്ടാത്ത സ്ഥിതിയാണ്. മുൻകാല കുടിശ്ശിക കിട്ടാനുള്ളതാണ് കാരണം. സാധനങ്ങൾ നൽകുന്ന പല സ്ഥാപനങ്ങളും ഇ-ടെൻഡറിൽനിന്നും ലേലത്തിൽനിന്നും വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ജീരകം, മുളക്, വൻപയർ, തുവരൻ പരിപ്പ് അടക്കമുള്ള സബ്സിഡി സാധനങ്ങൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.
പല സ്റ്റോറുകളിലും അരിക്കും ക്ഷാമമുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ തുടക്കംമുതൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകിയത് പ്രകാരം കഴിഞ്ഞ ഏഴ് വർഷത്തിനിടെ സപ്ലൈകോക്ക് ചെലവായത് 3780 കോടി രൂപ. ഇതിന് സർക്കാറിൽനിന്ന് ആകെ ലഭിച്ചത് 780 കോടിയാണ്. ഓണവിപണി ലക്ഷ്യമാക്കി അരിയെത്തിക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ലഭിച്ച ക്വട്ടേഷനുകൾ നിലവിൽ പൊതുവിപണിയെക്കാൾ രണ്ടിരട്ടിയാണ്. പണമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഭക്ഷ്യവകുപ്പ്. അടിയന്തര വിപണി ഇടപെടൽ ഉണ്ടാകായില്ലെങ്കിൽ വരും ദിവസങ്ങളിൽ അരിക്കടക്കം ക്ഷാമം ഉണ്ടാകുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ സപ്ലൈകോക്ക് താൽക്കാലിക ആശ്വാസമായെങ്കിലും കുറച്ച് തുക അനുവദിക്കുന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.