പ്രോസിക്യൂട്ടർമാരില്ല; വിജിലൻസ് കോടതിയിൽ കുന്നുകൂടി കേസുകൾ
text_fieldsതിരുവനന്തപുരം: ആവശ്യത്തിന് പ്രോസിക്യൂട്ടർമാർ ഇല്ലാത്തതുകാരണം വിജിലൻസ് കോടതികളിൽ അഴിമതിക്കേസുകള്‍ കുന്നുകൂടുന്നു.
ആറ് വിജിലൻസ് കോടതികളിലായി വിചാരണ പൂർത്തിയാകാനുള്ളത് 1415 കേസുകളാണ്. കോടതികളിൽ കേസ് നടത്തിപ്പിനായി ആകെയുള്ളത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രമാണ്. അതിനിടെ വിജിലൻസ് പ്രോസിക്യൂട്ടർമാരെ താൽക്കാലികമായി നിയമിക്കാൻ നടത്തിയ നീക്കത്തിൽ അട്ടിമറി നടെന്നന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പ്രോസിക്യൂട്ടർ നിയമനത്തിനായി നടന്ന ആദ്യ അഭിമുഖ പട്ടിക റദ്ദാക്കി രണ്ടാമതും തയാറാക്കിയ പട്ടികയെക്കുറിച്ചാണ് ആക്ഷേപം. സർക്കാർ നിർദേശപ്രകാരം അഭിമുഖം നടത്തി റാങ്ക് പട്ടിക തയാറാക്കുന്നതിന് പകരം 15 പേരുടെ ചുരുക്കപ്പട്ടികയാണ് അഭിമുഖ സമിതി തയാറാക്കിയത്. സർക്കാറിന് താൽപര്യമുള്ളവരെ പ്രോസിക്യൂട്ടർമാരാക്കുന്നതിന് വേണ്ടിയാണ് ഒളിച്ചുകളിയെന്നാണ് ആക്ഷേപം.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി റിമാന്‍ഡിൽ പോകുന്ന ഉദ്യോഗസ്ഥർ ഏതാനും മാസങ്ങള്‍ക്കകം സർവിസിൽ തിരികെ കയറുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത്തരം അഴിമതിക്കാർ സർവിസിലിരിക്കുമ്പോള്‍തന്നെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചാലും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കുന്നില്ല. വർഷങ്ങൾക്ക് ശേഷം കേസ് വിചാരണക്കെടുമ്പോള്‍ സാക്ഷികളെല്ലാം കൂറുമാറുകയോ പല സാക്ഷികളും മരിക്കുകയോ ചെയ്തിട്ടുണ്ടാകും. ഒരു അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ പൂത്തിയാകാൻ പത്തുവർഷത്തിൽ കൂടുതലെടുക്കുന്ന സാഹചര്യമാണ്.
കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത് മൂവാറ്റുപുഴ കോടതിയിലാണ്. 389 കേസുകളിൽ 324 എണ്ണത്തിന് കുറ്റപത്രം നൽകിയിട്ട് അഞ്ചുവഷത്തിലധികമായി. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിചാരണ പൂർത്തിയാകാനുള്ളത് 279 കേസുകളാണ്. 121 കേസുകള്‍ അഞ്ച് വർഷം മുമ്പ് കുറ്റപത്രം നൽകിയതാണ്. തൃശൂർ- 249, കോട്ടയം- 226, തലശ്ശേരി -166, കോഴിക്കോട്-106 കേസുകൾ എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്നത്.
വിചാരണ പൂർത്തിയാക്കാനുള്ളതിൽ മലബാർ സിമന്‍റ്സ് കേസും പാലാരിവട്ടം അഴിമതിക്കേസും ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന കേസും ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.