സന്ദീപ് വാര്യരെ പുറത്താക്കിയതിൽ രണ്ടഭിപ്രായമില്ല, ആളുകളെ പുറത്താക്കുന്നതും ചേർക്കുന്നതും പ്രസിഡന്റ് ഒറ്റക്കല്ല -കെ. സുരേന്ദ്രൻ
text_fieldsമലപ്പുറം: ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് ജി വാര്യരെ പുറത്താക്കിയ തീരുമാനത്തിൽ പാർട്ടിയിൽ രണ്ടഭിപ്രായമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രസിഡന്റ് ഒറ്റക്കല്ല ഇത്തരം വിഷയത്തിൽ തീരുമാനം എടുക്കുന്നത്. ആരെയൊക്കെ കമ്മിറ്റികളിലും മറ്റും ഉൾപ്പെടുത്തണമെന്നും പുറത്താക്കണമെന്നും പാർട്ടി നേതൃത്വം ഒറ്റക്കെട്ടായാണ് തീരുമാനിക്കുന്നത്. സന്ദീപ് വാര്യരെ പുറത്താക്കിയതും നേതൃയോഗത്തിന്റെ തീരുമാനപ്രകാരമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
കോർ കമ്മറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അത് നല്ല തീരുമാനമാണ്. പാർട്ടി കേന്ദ്രകമ്മറ്റിയും സംസ്ഥാനവും ജില്ലയും മണ്ഡലവും എല്ലാം പരസ്പരം ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയാണ് പാർട്ടിയിൽ എല്ലാ തീരുമാനവും എടുക്കുന്നത്. സുരേഷ് ഗോപി കോർകമ്മിറ്റിയിൽ വരുന്നുണ്ടെങ്കിൽ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ എം.പി എന്ന നിലയിലുള്ള പ്രവർത്തനം ശ്രദ്ധേയമായിരുന്നു -സുരേന്ദ്രൻ പറഞ്ഞു. തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. സംഘടിപ്പിക്കുന്ന പ്രഖ്യാപന കൺവെൻഷന്റെ ഭാഗമായി തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അതേസമയം, സന്ദീപിനെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ബി.ജെ.പിയിലും ആർ.എസ്.എസിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയാണ് ആർ.എസ്.എസിൽ സജീവമായവർ ഉൾപ്പെടെ പ്രതിഷേധമുയർത്തുന്നത്. നിരവധി യുവമോർച്ച പ്രവർത്തകർ ഫേസ്ബുക്കിലും പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സുരേന്ദ്രനെതിരെ ഒളിയമ്പുകളെയ്യുകയാണ്. പെട്രോൾ പമ്പിന്റെ പേരിൽപണം പിരിച്ചതിനാണ് നടപടിയെന്ന് ചില മാധ്യമങ്ങളിൽ തിങ്കളാഴ്ച രാവിലെ വാർത്ത നൽകിയത് സുരേന്ദ്രപക്ഷം ആണെന്നാണ് ആരോപണം. സുരേന്ദ്രന്റെ നാട്ടിലെ പാർട്ടിയുടെ സജീവ പ്രവർത്തകരടക്കം പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങി.
കെ. സുരേന്ദ്രനും കേന്ദ്ര മന്ത്രി വി. മുരളീധരനും ഇഷ്ടമില്ലാത്ത ശോഭ സുരേന്ദ്രൻ, പി.ആർ. ശിവശങ്കർ, എം.ടി. രമേശ്, കെ.പി. ശ്രീശൻ തുടങ്ങിയവരെ ഒതുക്കിയതിന്റെ ബാക്കിയാണ് സന്ദീപിനെതിരായ നടപടിയെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.