മരണമണ്ണിൽ ഇനി ഓർമകൾ മാത്രം
text_fieldsതകർന്നു തരിപ്പണമായ വീടുകളുടെയും തോട്ടം തൊഴിലാളികൾ താമസിച്ച പാടികളുടെയും അവശിഷ്ടങ്ങൾക്കടിയിൽ ജീവനുണ്ടോയെന്ന് തിരയുകയാണിപ്പോഴും
മുണ്ടക്കൈ (വയനാട്): പച്ചവിരിച്ച് പ്രതാപത്തോടെ നിന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ഗ്രാമങ്ങൾ മരണ മണ്ണായതോടെ ബാക്കിയായത് ഒരു പിടിയാളുകളെ കുറിച്ചുള്ള നല്ല ഓർമകൾ മാത്രം. ഒരായുസ്സ് കൊണ്ട് അവർ പടുത്തുയർത്തിയ സമ്പാദ്യങ്ങളപ്പാടെ മലവെള്ളം ഒഴുക്കിക്കളഞ്ഞിരിക്കുന്നു. കാരുണ്യം വറ്റാത്ത നാടിന്റെ നാനാ ഭാഗത്തുള്ള രക്ഷാപ്രവർത്തകർക്കൊപ്പം സർവ സന്നാഹങ്ങളുമായി സൈന്യവും അതിവേഗം ദൗത്യം നിറവേറ്റുകയാണ്. തകർന്നു തരിപ്പണമായ വീടുകളുടെയും തോട്ടം തൊഴിലാളികൾ താമസിച്ച പാടികളുടെയും അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പുകളുണ്ടോ എന്ന് തിരയുകയാണിപ്പോഴും എല്ലാവരും.
കണ്ണിലൊതുങ്ങില്ല ഈ ദുരന്ത കാഴ്ചകൾ
രണ്ടുകണ്ണിന്റെ കാഴ്ചയിലൊതുങ്ങില്ല പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും ദുരന്ത ദൃശ്യങ്ങൾ. ഹൃദയത്തെ പിളർത്തുന്നതാണ് ഇവിടത്തെ കാഴ്ചകൾ. യുദ്ധഭൂമിയിൽ പോലും അവശേഷിപ്പുകളും പാതിജീവനുകളും കണ്ടേക്കാം. ഇവിടെ അതൊന്നുമില്ല. കുത്തിയൊലിച്ചുവന്ന മലവെള്ളം എല്ലാം നക്കിതുടച്ചെടുത്തിരിക്കുന്നു. പ്രകൃതിയുടെ ഏറ്റവും വലിയ ക്രൂരതയുടെ നേർച്ചിത്രമാണീ ദുരന്ത ഭൂമി.
പ്രകൃതിയൊരുക്കിയ കൂട്ട കുഴിമാടം
പ്രകൃതി നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചേതനയറ്റ ആ ദേഹങ്ങൾക്ക് കൂട്ട കുഴിമാടമൊരുക്കുകയും ചെയ്ത അവസ്ഥയാണിവിടെ. ഒരു വീട്ടിൽ അന്തിയുറങ്ങിയ അമ്മക്കും അച്ഛനും മക്കൾക്കുമെല്ലാം അവിടെ തന്നെ അന്ത്യനിദ്രയൊരുക്കിയെന്നു പറയാം. പുതുതലമുറയുടെ നാമ്പുകൾ പോലും അവശേഷിപ്പിക്കാതെ കുടുംബങ്ങളുടെ ജീവൻ ഒന്നിച്ചെടുക്കുന്ന അപൂർവ ക്രൂരത.
കാണാനില്ല, സീതാമ്മകുണ്ട് വെള്ളച്ചാട്ടം
മുണ്ടക്കൈ അങ്ങാടിക്കുസമീപം പുഴയിലായിരുന്നു മനോഹരമായ സീതാമ്മകുണ്ട് വെള്ളച്ചാട്ടം. പ്രകൃതിയുടെ സുന്ദര വരദാനമായതിനാൽ പ്രദേശവാസികളെല്ലാം എത്തിയിരുന്ന ഈ വെള്ളച്ചാട്ടം നിന്ന സ്ഥലം കണ്ടെത്താൻ കഴിയാത്തവിധം കല്ലും മണ്ണും മരങ്ങളും നിറഞ്ഞു.
തകരപ്പാട്ട പോലെ വാഹനങ്ങൾ
പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചുരൽമല മേഖലകളിലായി നൂറിലേറെ വാഹനങ്ങളാണ് ചതുങ്ങിയ തകരപ്പാട്ട പോലെ പല ഭാഗങ്ങളിലായി കിടക്കുന്നത്. കാറുകൾ, ഓട്ടോകൾ, ജീപ്പുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. പല വാഹനങ്ങളും അപ്പാടെ ഒഴുകി പോയിട്ടുമുണ്ട്.
സർവനാശം മൂന്ന് വാർഡുകളിൽ
മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ മൂന്ന് വാർഡുകളിലാണ് ഉരുൾ പൊട്ടൽ സർവനാശം വിതച്ചത്. ഒമ്പതാം വാർഡായ മുണ്ടക്കൈയെയാണ് ഉരുൾ പൂർണമായി തകർത്തത്. പത്താം വാർഡായ അട്ടമല, 12ാം വാർഡായ ചൂരൽ മല എന്നിവയിലും നാശം വലുതാണെങ്കിലും മുഴുവൻ പ്രദേശങ്ങളെയും ബാധിച്ചിട്ടില്ല.
എങ്ങും കല്ലും മണ്ണും മരങ്ങളും മാത്രം
സർവനാശത്തിന്റെ അവശേഷിപ്പായി എങ്ങുമുള്ളത് കുറ്റൻ പാറക്കല്ലുകളും അടിഞ്ഞുകൂടിയ മണ്ണും, ഒഴുകിയെത്തിയ മരത്തടികളും മാത്രമാണ്. രണ്ടു നില കെട്ടിടത്തിന്റെ വലുപ്പമുള്ള പാറക്കല്ലുകളടക്കമാണ് വനമേഖലയിൽ നിന്ന് ഒഴുകിയെത്തിയത്. സമാനമായ രീതിയിൽ തന്നെ മരങ്ങളും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.