റാങ്ക് ലിസ്റ്റിൽ ആളുണ്ട്, ഫാർമസികളിൽ ഇല്ല
text_fieldsകോഴിക്കോട്: റാങ്ക് ലിസ്റ്റിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഉള്ളപ്പോഴും ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളെ നിയമിക്കുന്നില്ലെന്ന് ആക്ഷേപം. സർക്കാർ മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ ഫാർമസികളിൽ ജീവനക്കാരില്ലാത്തത് പ്രതിസന്ധിയാവുകയാണ്.
മരുന്ന് വാങ്ങാൻ വരിയിൽ കാത്തുനിന്ന് ജനങ്ങളും ദുരിതത്തിലാവുകയാണ്. ഫാർമസികളിലേക്കാവശ്യമായ തസ്തികകൾ സർക്കാർ സൃഷ്ടിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.സംസ്ഥാനത്ത് ആർദ്രം പദ്ധതി വഴി 679 പി.എച്ച്.സികൾ എഫ്.എച്ച്.സികളായി മാറ്റപ്പെട്ടപ്പോൾ 150 ഫാർമസിസ്റ്റ് തസ്തികകൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
ഇത്തരത്തിൽ ഉയർത്തപ്പെട്ട ആശുപത്രികളിൽ ഒരു പി.എസ്.സി ഫാർമസിസ്റ്റ് മാത്രം ഫാർമസി കൈകാര്യം ചെയ്യുന്ന അവസ്ഥയാണ്. ആർദ്രം പദ്ധതിയുടെ പ്രോട്ടോകോൾ പ്രകാരം ഒരു ഫാമിലി ഹെൽത്ത് സെന്ററിൽ മിനിമം രണ്ട് ഫാർമസിസ്റ്റുകൾ വേണമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള ചട്ടലംഘനങ്ങൾ നടക്കുന്നതെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
ആർദ്രം ഒന്നാം പദ്ധതിയിൽ 177 പി.എച്ച്.സികൾ എഫ്.എച്ച്.സികളായി ഉയർത്തിയപ്പോൾ 340 നഴ്സ്, 170 ലാബ് ടെക്നീഷ്യൻ, 170 ഡോക്ടർ തസ്തികകൾ സൃഷ്ടിച്ചപ്പോൾ 150 ഫാർമസിസ്റ്റ് തസ്തികകൾ മാത്രമാണ് ഉണ്ടായത്. ആർദ്രം രണ്ടാം ഘട്ടത്തിൽ 502 പി.എച്ച്.സികൾ എഫ്.എച്ച്.സികളായി ഉയർത്തിയപ്പോൾ 400 നഴ്സ്, 400 ഡോക്ടർ, 200 ലാബ് ടെക്നീഷ്യൻ തസ്തികകളാണ് സൃഷ്ടിക്കപ്പെട്ടത്. അതിൽ ഫാർമസിസ്റ്റുകളെ പാടെ ഒഴിവാക്കി.
ജീവനക്കാരുടെ അഭാവത്തിൽ താൽക്കാലികക്കാരെ നിയമിക്കുമ്പോൾ, റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടും ഒട്ടുമിക്ക ജില്ലകളിലും ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും ചുരുങ്ങിയ ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും മൂന്നിൽ ഒരു ശതമാനം പേർക്കുപോലും ജോലി ഉറപ്പാക്കാൻ സാധ്യമാവുന്നില്ല. പല ജില്ലകളിലും ലിസ്റ്റ് നിലവിൽ വന്നിട്ട് മാസങ്ങളായി. ഒഴിവുകൾ ഇല്ലാത്തതിനാൽ റാങ്ക് ലിസ്റ്റിെൻറ കാലാവധി തീർന്നുകൊണ്ടിരിക്കുകയാണ്.
എഫ്.എച്ച്.സികളായി ഉയർത്തപ്പെട്ടപ്പോൾ പി.എച്ച്.സികളുടെ പ്രവർത്തന സമയം ഒമ്പതു മുതൽ ആറുവരെ ആക്കി. ഒരു പി.എസ്.സി ഫാർമസിസ്റ്റ് മാത്രം ഉള്ള ആശുപത്രികളിൽ ഷിഫ്റ്റ് ഡ്യൂട്ടി എടുക്കാനോ അവധി വരുമ്പോൾ പകരം ജോലി ചെയ്യാനോ ആളില്ല. താൽക്കാലിക നിയമനം ചുരുക്കി അർഹതപ്പെട്ടവർക്കു മാത്രം ഫാർമസി കൈകാര്യം ചെയ്യാൻ അനുവാദം നൽകി റാങ്ക് ലിസ്റ്റ് നിലവിലുള്ള ജില്ലകളിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ തയാറാകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.