മുന്നണി മാറ്റം സംബന്ധിച്ച് എൻ.സി.പിയിൽ ഒരു ചർച്ചയും നടന്നിട്ടില്ല -എ.കെ. ശശീന്ദ്രൻ
text_fieldsപാലക്കാട്: മുന്നണി മാറ്റം സംബന്ധിച്ച് ഒരു ചർച്ചയും എൻ.സി.പിക്കുള്ളിൽ നടന്നിട്ടില്ലെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ എ.െക. ശശീന്ദ്രൻ. അങ്ങനെ ചർച്ച ചെയ്യാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹംപറഞ്ഞു. പാലാ സീറ്റ് വേണമെന്ന് അവിടുത്തെ എം.എൽ.എയായ മാണി സി.കാപ്പൻ പറയുന്നതിൽ അസ്വഭാവികതയില്ല. പാലാക്ക് പകരം മറ്റ് സീറ്റ് എന്ന് ചിന്തിക്കേണ്ടതില്ല. തങ്ങളുടെ പാർട്ടിക്ക് നിലവിൽ മത്സരിച്ച സീറ്റ് മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോൾ പാർട്ടി നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിലവിലുള്ള മുന്നണി ബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള സീറ്റിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അത് വിവാദമായി മാറിയിട്ടുണ്ടെന്നത് സത്യമാണ്. ഈ വിവാദത്തിൽ എൻ.സി.പി ദേശീയ നേതൃത്വം ഇടപെടാൻ തീരുമാനിച്ചിട്ടുണ്ട്. അവർ അതിലൊരു തീരുമാനം കൈക്കൊള്ളുന്നതുവരെ ഇവിടെയിരുന്ന് കലഹിച്ചിട്ട് കാര്യമില്ല.
ഏതെങ്കിലും സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്നോ, മൃദുസമീപനം സ്വീകരിക്കണമെന്നോ മുന്നണി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു ആവശ്യമുയരാതെ അക്കാര്യത്തിൽ മറുപടി പറയുന്നില്ല. എൻ.സി.പിക്ക് ഇടതുമുന്നണിയിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന അഭിപ്രായം തനിക്കില്ല. എന്നാൽ അങ്ങനെ അഭിപ്രായപ്പെടുന്നവരും പാർട്ടിയിലുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു.
തനിക്ക് പാർട്ടി സീറ്റു തന്നാൽ മാത്രം മത്സരിക്കും. എന്‍റെ സീറ്റിൽ ഞാൻ തന്നെ മത്സരിക്കുമെന്ന ശീലം എനിക്കില്ല. പാർട്ടി പറയുന്നത് കേൾക്കും. പാർട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ റിബലായി മത്സരിക്കില്ല. എൻ.സി.പിയിൽ ഭിന്നതയില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.