തദ്ദേശ സ്ഥാപനങ്ങളിൽ ആറുമാസത്തിലേറെയായി ജനപ്രതിനിധികളില്ല
text_fieldsകൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളില്ലാതായി ആറുമാസം പിന്നിടുമ്പോൾ ദുരിതത്തിലായി ലക്ഷദ്വീപ് നിവാസികൾ. പഞ്ചായത്തുകളിൽ ആവശ്യങ്ങൾ ഉന്നയിക്കാനും പരാതികൾ പറയാനും വാർഡ് അംഗങ്ങൾ പോലുമില്ല. നിലവിൽ ലക്ഷദ്വീപിലെ ഏക ജനപ്രതിനിധി മുഹമ്മദ് ഫൈസൽ എം.പി മാത്രമാണ്.
അഡ്മിനിസ്ട്രേഷന്റെ വാർഡ് വിഭജന തീരുമാനമാണ് തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളാൻ വഴിവെച്ചത്. 2022 ഡിസംബർ 18ന് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലെയും 2023 ജനുവരിയിൽ ജില്ല പഞ്ചായത്തിന്റെയും കാലാവധി പൂർത്തിയായതാണ്. നിലവിലുണ്ടായിരുന്ന 10 വില്ലേജ് ദ്വീപ് പഞ്ചായത്തുകൾ വിഭജിച്ച് 18 ആക്കാനായിരുന്നു തീരുമാനം. മിനിക്കോയ്, ആന്ത്രോത്ത്, കവരത്തി എന്നീ ദ്വീപുകളിൽ മൂന്ന് പഞ്ചായത്ത് വീതം രൂപവത്കരിക്കാനായിരുന്നു പദ്ധതി. അഗത്തി, അമിനി, കടമത്ത് എന്നിവിടങ്ങളിൽ രണ്ടുവീതവും കൽപേനി, ചെത്ത്ലത്ത്, കിൽത്തൻ എന്നിവിടങ്ങളിൽ ഓരോ പഞ്ചായത്ത് വീതവുമാക്കുക, ജനസംഖ്യ കുറവുള്ള ബിത്ര ചെത്ത്ലത്തിനെ വാർഡാക്കുക എന്നിങ്ങനെയുമായിരുന്നു ആസൂത്രണം ചെയ്തത്.
ജനസംഖ്യാനുപാതികമായിട്ടല്ല വിഭജനമെന്ന് കാട്ടി കവരത്തി മുൻ വൈസ് ചെയർപേഴ്സൻ എ.പി. നസീർ ഹൈകോടതിയെ സമീപിച്ചു. അഡ്മിനിസ്ട്രേഷന്റെ വിജ്ഞാപനം അപക്വമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി നടപടി റദ്ദാക്കുകയും ജനസംഖ്യാനുപാതികമായ നടപടി ഉണ്ടാകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ അഡ്മിനിസ്ട്രേഷന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ദ്വീപിലെ വിവിധ പദ്ധതികൾ മുടങ്ങിയ നിലയിലാണ്. വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ (വി.ഡി.പി) സ്പെഷൽ ഓഫിസർമാർക്കാണ് ഇപ്പോൾ ചുമതല. ലക്ഷദ്വീപിൽ ജനവിരുദ്ധനയങ്ങളുമായി രംഗത്തെത്തിയ അഡ്മിനിസ്ട്രേഷന് പരമാവധി ജനപ്രതിനിധികളില്ലാതിരിക്കുന്നതാണ് താൽപര്യമെന്നും വിമർശനമുണ്ട്. വില്ലേജ് ദ്വീപ് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഭരണസമിതികളുടെ അനുമതിയോടെ നടത്തേണ്ട പദ്ധതികൾ ഒരു ചർച്ചയുമില്ലാതെ നടത്താനാകുമെന്നത് അവർ ഗുണകരമായി കാണുകയാണെന്ന് വേണം കരുതാനെന്ന് കോൺഗ്രസ് ലക്ഷദ്വീപ് സൗത്ത് ഡി.സി.സി പ്രസിഡൻറ് എം.ഐ. ആറ്റക്കോയ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ലക്ഷദ്വീപ് ജില്ല പഞ്ചായത്ത് ഭരിച്ചിരുന്നത്. ഏഴ് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ കോൺഗ്രസും മൂന്നിടത്ത് എൻ.സി.പിയുമാണ് ഭരണം നടത്തിയിരുന്നത്.
കൽപേനി, കിൽത്തൻ, അമിനി എന്നിവിടങ്ങളിലാണ് എൻ.സി.പി ഭരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.