ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ് തടയൽ സർക്കുലറുണ്ട്; പക്ഷേ, പരിശോധിക്കാൻ മടി
text_fieldsതിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ് തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും പരിശോധനക്ക് ആരോഗ്യവകുപ്പിന് മടി. സമാന്തര ആശുപത്രികൾക്ക് സമാനം സ്വകാര്യപ്രാക്ടീസ് തുടരുമ്പോഴും ആരോഗ്യവകുപ്പിന്റെ കാർക്കശ്യവും നടപടിയെടുക്കലും സർക്കുലറിൽ ഒതുങ്ങി.
മെഡിക്കൽ കോളജുകളിലൊഴികെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് ജോലി സമയത്തല്ലാതെ താമസസ്ഥലത്ത് രോഗികളെ ചികിത്സിക്കാൻ അനുമതിയുണ്ട്. എന്നാൽ, ആശുപത്രിക്ക് സമീപമോ മറ്റിടങ്ങളിലോ വാടകയിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടലംഘനമാണ്. താമസസ്ഥലത്ത് സ്വകാര്യ പ്രാക്ടീസിങ് നടത്തുന്ന ഡോക്ടർമാർ ‘താമസസ്ഥലമാണ്’ എന്നു വ്യക്തമാക്കുന്നതിന് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നാണ് പുതിയ നിർദേശം. എന്നാൽ, ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചതല്ലാതെ ഇതു സംബന്ധിച്ച് ഒരു പരിശോധനക്കും ആരോഗ്യവകുപ്പ് തയാറായിട്ടില്ല. താലൂക്കാശുപത്രികൾക്കു സമീപം മെഡിക്കൽ സ്റ്റോറുകളുടെ സഹായത്തോടെ മുറി വാടകക്കെടുത്ത് പ്രാക്ടീസിങ് നടത്തുന്നത് വ്യാപകമാകുമ്പോഴാണ് ഈ കണ്ണടയ്ക്കൽ. ആശുപത്രികളില്‍ കിടത്തിചികിത്സയിലുള്ള രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളില്‍വെച്ച് ചികിത്സിക്കുന്നത് കുറ്റകരമാണ്. അതേസമയം, സർക്കാർ ആശുപത്രികളിലെത്തുന്നവർക്ക് മുൻഗണനയും പരിഗണനയും വേണമെങ്കിൽ ‘റൂമിലെത്തി’ ഡോക്ടറെ കാണണമെന്ന അപ്രഖ്യാപിത വ്യവസ്ഥയുണ്ട്. കിടത്തിചികിത്സ വേണ്ട ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ഇത്തരത്തിൽ മുറികളിലെത്തി കാണലും പതിവാണ്. തുടർചികിത്സയും സ്കാനിങ്ങുമടക്കം സർക്കാർ ആശുപത്രികളിൽ ലഭ്യമാണെങ്കിലും മുറിയിലെത്തി കണ്ടില്ലെങ്കിൽ മതിയായ പരിഗണന കിട്ടില്ലെന്ന സ്ഥിതിയാണ്. സർക്കുലർ പ്രകാരം താമസസ്ഥലങ്ങളിൽ സ്വകാര്യ പ്രാക്ടീസിങ് നടത്തുമ്പോൾ നഴ്സുമാരെയോ മെഡിക്കല്‍ ടെക്നീഷ്യന്മാരെയോ നിയോഗിക്കാൻ വിലക്കുണ്ട്. എന്നാൽ, ഓർത്തോ വിഭാഗത്തിൽ നഴ്സുമാരടക്കം സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുണ്ട്.
ആരോഗ്യവകുപ്പിന് ആഭ്യന്തര വിജിലൻസ് സംവിധാനമുണ്ടെങ്കിലും പരിശോധന നടക്കാറില്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ നിവൃത്തിയില്ലാത്തവരും സർക്കാർ ആശുപത്രികൾ മാത്രം ആശ്രയമായുള്ളവരുമാണ് ഈ ഇടനില ചികിത്സ കേന്ദ്രങ്ങളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.