കിരണിന് പിന്നിൽ ഗൂഢസംഘമുണ്ട്; തനിക്ക് ഭീഷണിക്കത്ത് ലഭിച്ചതായി വിസ്മയയുടെ അച്ഛന്‍
text_fieldsകൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മുഖ്യപ്രതിയും ഭർത്താവുമായ കിരൺകുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി വിസ്മയയുടെ അച്ഛന്‍. കിരൺ ജയിലിൽ കിടക്കുന്ന സമയത്ത് തനിക്ക് ഭീഷണിക്കത്ത് ലഭിച്ചതായി വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. കിരണിന് പിന്നിൽ ഗൂഢസംഘമുണ്ടെന്നും ഇവർ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം മിഡിയ വണ്ണിനോട് വെളിപ്പെടുത്തി.
ഇവർ സാക്ഷികളെ സ്വാധീനിക്കാന്‍ നോക്കിയെങ്കിലും ആരും വഴങ്ങിയില്ല. സമൂഹമാധ്യമങ്ങൾ വഴിയും പ്രതിയെ അനുകൂലിച്ച് പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
പ്രതിക്ക് മാതൃകപരമായ ശിക്ഷതന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ കുടുംബം പറഞ്ഞു. സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെയുള്ള വിധിയായി ഇത് മാറുമെന്ന് പ്രതീക്ഷയുണ്ട്. കേസിൽ നല്ല അന്വേഷണമാണ് നടന്നതെന്നും അന്വേഷണത്തിൽ തൃപ്തരാണെന്നും അവർ കൂട്ടിച്ചേർത്തു.
കേസിൽ കൊല്ലം ഒന്നാം അഡീഷനണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. 2021 ജൂൺ 21നാണ് നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ ഭർത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് ഭർത്താവ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. 42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 120 രേഖകളിൽനിന്നും 12 മുതലുകളിൽനിന്നും കുറ്റകൃത്യങ്ങൾ പൂർണമായി തെളിഞ്ഞതായി വാദിച്ചിട്ടുണ്ട്.
ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി 10ന് വിചാരണ ആരംഭിച്ച കേസിൽ മേയ് 18ന് വാദം പൂർത്തിയായി. ജി. മോഹൻരാജാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.