അഭിപ്രായവ്യത്യാസമുണ്ട്; എങ്കിലും യു.ഡി.എഫ് വിടില്ല -ആർ.എസ്.പി
text_fieldsകൊല്ലം: നിലവിലെ യു.ഡി.എഫ് സംവിധാനത്തിൽ അതൃപ്തിയുണ്ടെങ്കിലും ആർ.എസ്.പി മുന്നണിയിൽതന്നെ തുടരണമെന്ന് ഭൂരിപക്ഷം പ്രതിനിധികളും. കോൺഗ്രസ് കാട്ടുന്ന അവഗണന ബന്ധപ്പെട്ട വേദികളിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.
എൽ.ഡി.എഫിലേക്ക് പോകേണ്ടെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടെങ്കിലും കൊല്ലത്തുനിന്നുള്ള പ്രതിനിധി അടക്കം ചുരുക്കം പേർ എൽ.ഡി.എഫിനോട് ചേരാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുതെന്ന നിലപാടെടുത്തു. ഇടതു നയവ്യതിയാനം വരാതെ ബഹുജനാടിത്തറ വിപുലീകരിച്ച് യഥാർഥ ഇടതുപാർട്ടിയായി തുടരുമെന്നും അഭിപ്രായമുയർന്നു.
സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടനത്തിൽ പിഴവുണ്ടായെന്ന് പ്രതിനിധികൾ രൂക്ഷവിമർശനം ഉന്നയിച്ചു. ചർച്ചയിൽ പങ്കെടുത്തവരെല്ലാം എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സംസ്ഥാന സെക്രട്ടറിയെ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്. 80 അംഗ സംസ്ഥാന കമ്മിറ്റിയിൽ 79 പേരെയും സംസ്ഥാന സെക്രട്ടറിയെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ പകുതിയോളം പേരും കൊല്ലം ജില്ലയിൽനിന്നുള്ളവരാണ്. മുതിർന്ന നേതാക്കളെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. ടി.ജെ. ചന്ദ്രചൂഢൻ, എസ്. സത്യപാലൻ, ചവറ വാസുപിള്ള, നെയ്ത്തിൽ വിൻസന്‍റ്, പി. സദാനന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കളെയാണ് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.