അട്ടപ്പാടിയിൽ വ്യാപകമായി പുഴ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ വ്യാപകമായി പുഴ പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് റിപ്പോർട്ട്. ജില്ലാ സർവേ സൂപ്രണ്ടും ജില്ലാ എച്ച്.എസും ചേർന്ന് ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.
അട്ടപ്പാടി താലൂക്കിലെ രഹ്ന ബിജോയുടെ അപേക്ഷയുടെ ഫയൽ ആണ് ആദ്യം പരിശോധിച്ചത്. ഇവർ അടക്കമുള്ളവരുടെ അപേക്ഷയും ഹൈകോടതിയുടെ ഉത്തരവും ഫയലിൽ ഉണ്ട്. അഗളി വില്ലേജിലെ സർവേ നമ്പർ 386 ൽ പെട്ട "സർക്കാർ പുറമ്പോക്ക് പുഴ' എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും കൂടെ ചേർത്ത് അപേക്ഷകരുടെ പേരിൽ സബ്ഡിവിഷൻ രേഖ തയാറാക്കിയെന്നാണ് ഫയലിൽ കണ്ടെത്തിയത്.
2024 ആഗസ്റ്റ് 13ന് ഈ നടപടി അട്ടപ്പാടി ഭൂരേഖ തഹസിൽദാർ തള്ളി. ഇത് ഗുരുതരമായ കുറ്റമായി തഹസിൽദാർ രേഖപെടുത്തുകയും ചെയ്തു. ഫയലിൽ സർവേയറും ഹെഡ് സർവേയറും ചെയ്‌ത നടപടികൾ ശരിയാണോ എന്ന് വിശദമായ ഫയൽ /ഫീൽഡ് പരിശോധനയിലൂടെ മാത്രമേ മനസിലാക്കാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
സംഘം രണ്ടാമത് പരിശോധിച്ചത് ലീലാമണിയുടെ അപേക്ഷയും അതിലെ നടപടിയും രേഖപ്പെടുത്തിയ ഫയലാണ്. കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 1326 / 4 ൽ പെട്ട "സംസ്ഥാനം" എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയാണ്. ഇത് അപേക്ഷകയുടെ പേരിൽ ചേർത്ത് നികുതി അടച്ച് നൽകണമെന്നാണ് സർവേയർ ആവശ്യപ്പെട്ടിരുന്നത് .ഈ അപേക്ഷയോടൊപ്പം തന്നെ ഹെഡ് സർവേയറും ഡെപ്യൂട്ടി തഹസിൽദാറും ഒപ്പിട്ട സീൽ പതിച്ച സ്കെച്ച് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ഫയൽ സർവേയർക്ക് കൈമാറിയതായി രേഖയില്ല. ഇ അപേക്ഷയിൽ സർവേയർ ഫീൽഡ് പരിശോധന നടത്തിയതായും കുറിച്ചിട്ടില്ല.
പക്ഷെ ഹെഡ് സർവേയറും ഡെപ്യൂട്ടി തഹസിൽദാറും ഒപ്പിട്ട പതിച്ച സ്കെച്ച് അപേക്ഷക സമർപ്പിച്ചിരുന്നു. അപേക്ഷയിൽ, താലൂക്ക് സർവേയറെ കൊണ്ട് അളന്ന് നോക്കി ഭൂരേഖ തയാറാക്കി എന്നും പ്രതിപാദിച്ചിട്ടുണ്ട്. ഈ അപേക്ഷ ലഭിക്കാതെ തന്നെ ഹെഡ് സർവേയർ ഒപ്പിട്ട് സ്കെച്ച് കക്ഷിക്ക് ലഭ്യമായത് സംശയാസ്പദമാണ്. അത് സംബന്ധിച്ച് വിശദമായി അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.
ദണ്ഡപാണിയുടെ അപേക്ഷയും നടപടിയുമാണ് പിന്നീട് പരിശോധിച്ചത്. അപേക്ഷ പ്രകാരം പുതൂർ വില്ലേജിൽ സർവേ നമ്പർ 805, 820 എന്നിവ എ ആൻഡ് ബി രജിസ്റ്ററിൽ 'വരഗാർ" (പുഴ) എന്നും ജന്മിയായി എറാൾപ്പാട് രാജ എന്നും രേഖപ്പെടുത്തിയ ഭൂമിയാണ്. പുതൂര്‍ പഞ്ചായത്തിലെ പത്ത് ഊരുകളിലായി 3000 ആദിവാസികള്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് വരഗാറിനെയാണ്. അട്ടപ്പാടിലെ ആദിവാസി മേഖലകളില്‍ വെള്ളമെത്തിക്കുന്ന ഭവാനിനദിയുടെ പ്രധാന പോഷക നദിയാണ്. ആദിവാസികളുടെ ജീവിതത്തിന്റെ ഭാഗമായ വരഗാർ.
സർവേയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കക്ഷിയുടെ പേരിൽ സബ്‌ഡിവിഷൻ ചെയ്ത് റെക്കോർഡ് തയാറാക്കി. അത് അഗീകരിച്ച് തഹസിൽദാർ നടപടി സ്വീകരിച്ചിട്ടില്ല. ഏതു സാഹചര്യത്തിലാണ് പുഴ പുറമ്പോക്ക് സബ്‌ഡിവിഷൻ ചെയിതു നൽകിയത് എന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളു.
പരിശോധിച്ച നാലാമത്തെ ഫയൽ നബീസയുടെ അപേക്ഷയാണ്. പാടവയൽ വില്ലേജിൽ സർവേ നമ്പർ 721 ൽ ഉൾപ്പെട്ട ഭൂസ്ഥിതി പുഴ" എന്ന് രേഖപ്പെടുത്തിയ ഭൂമിയാണിത്. ഇത് അപേക്ഷകയുടെ പേരിൽ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. അത് പ്രകാരം സർവേയറുടെ പരിശോധന റിപ്പോർട്ട് പരിഗണിച്ച് ഹെഡ് സർവേയർ ഒപ്പിട്ട് സബ് ഡിവിഷൻ റിപ്പോർട്ട് തയാറാക്കി. ഹെഡ് സർവേയറുടെ ഈ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഈ അപേക്ഷ തഹസിൽദാർ തള്ളി ഉത്തരവായി. ഇതിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന റിപ്പോർട്ടിൽ വ്യക്തമാക്കി. പരിമിതമായ സമയത്തിൽ ലഭ്യമായ രേഖകൾ പതിശോധിച്ചാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. അട്ടപ്പാടിയിൽ സർക്കാർ പുഴ പുറമ്പോക്ക് ഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.