കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് പുനഃക്രമീകരിക്കണമെന്നാവശ്യം ശക്തം
text_fieldsതിരൂർ: പൊതുവിദ്യാലയങ്ങളിലെ കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് പുനഃക്രമീകരിക്കണമെന്നാവശ്യം ശക്തമാവുന്നു. പരിമിത സൗകര്യങ്ങളും പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് താരങ്ങൾ സംസ്ഥാന, ദേശീയ മെഡൽ ജേതാക്കളായി മാറുന്നത്. എന്നിട്ടും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ അർഹതപ്പെട്ട ഗ്രേസ് മാർക്കും പരിഗണനയും നൽകുന്നില്ലെന്നാണ് കായിക താരങ്ങളുടെ പരാതി. സംസ്ഥാന കായികമത്സരത്തിലെ ഒന്നാം സ്ഥാനക്കാരന് അഞ്ച് മുതൽ 10 ശതമാനവും രണ്ടാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ശതമാനവും മൂന്നാം സ്ഥാനക്കാർക്ക് മൂന്ന് ശതമാനവും നാല് മുതൽ എട്ട് വരെ സ്ഥാനം വരെ നേടുന്നവർക്ക് രണ്ട് ശതമാനം മാർക്കുമാണ് മുമ്പ് നൽകിയിരുന്നത്. എന്നാൽ, ഇത് 20, 17, 14, ഏഴ് മാർക്ക് എന്നീ ക്രമത്തിൽ ആദ്യ നാല് സ്ഥാനക്കാർക്ക് മാത്രമായി കഴിഞ്ഞവർഷം പരിമിതപ്പെടുത്തി. ദേശീയമത്സര പങ്കാളിത്തത്തിന് ലഭിച്ചിരുന്ന 10 ശതമാനം മാർക്ക്, 25 മാർക്ക് മാത്രമായും നിജപ്പെടുത്തി.
അത് ലറ്റിക്സ്, അക്വാറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ നാലാം സ്ഥാനം വരെ നേടുന്നവർക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്. എന്നാൽ, കലോത്സവങ്ങളിലും മറ്റും ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയതോടെ പങ്കെടുക്കുന്ന മിക്ക വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട്. ജില്ലതല മത്സരങ്ങളിൽ പരാജയപ്പെട്ടാലും അപ്പീൽ മുഖേന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരവുമുണ്ട്. എട്ടാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നും വെബ്സൈറ്റ് തുറന്ന് നൽകി പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് രേഖപ്പെടുത്താൻ സൗകര്യമേർപ്പെടുത്തണമെന്നും കെ.പി.എസ്.പി.ഇ.ടി.എ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്പോർട്സ് കോ ഓഡിനേറ്റർ എന്നിവർക്ക് നിവേദനം നൽകി.
ഗ്രേസ് മാർക്ക് പോർട്ടൽ ക്ലോസ് ചെയ്തു; കായികതാരങ്ങൾ പ്രതിസന്ധിയിൽ
തിരൂർ: സംസ്ഥാന കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാകും മുമ്പ് ഗ്രേസ് മാർക്ക് പോർട്ടൽ ക്ലോസ് ചെയ്തതോടെ നിരവധി ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്കിന് അപേക്ഷിക്കാനായില്ല. ഗ്രേസ് മാർക്ക് അപ് ലോഡ് ചെയ്യാനുള്ള ഉത്തരവ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചതിലെ അപാകതയാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ഫെബ്രുവരി 21 വരെയായിരുന്നു ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് അപ് ലോഡ് ചെയ്യാനുള്ള സമയപരിധി. ജനുവരി 19 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഹയർ സെക്കൻഡറി ജോയൻറ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദൻ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.