കോഴിക്കോട് എൻ.ഐ.ടിയെ കാവിവത്കരിക്കാൻ ശ്രമം ശക്തം
text_fieldsചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയെ കാവിവത്കരിക്കാനുള്ള നീക്കം ശക്തം. ഒരു ഭാഗത്ത് നിയമനങ്ങളിൽ സംഘ് പരിവാറുകാരെ തിരുകിക്കയറ്റുമ്പോൾ മറുഭാഗത്ത് സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാൻ അധികൃതർതന്നെ അവസരം ഒരുക്കുകയാണ്.
ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കാമ്പസിൽ നടന്നത്. ഞായറാഴ്ച രാത്രി കാമ്പസിനകത്തെ നിലത്ത് കാവിനിറത്തിലുള്ള ഭൂപടം വരച്ച് ജയ് ശ്രീറാം മുഴക്കിയപ്പോൾതന്നെ വിദ്യാർഥികൾ പ്രതിഷേധമുയർത്തിയിരുന്നു. വികൃതമാക്കപ്പെട്ട ഭൂപടം വരച്ചു എന്ന് ആരോപിച്ച് മലയാളി വിദ്യാർഥികൾ പരാതിപ്പെട്ടപ്പോൾ തങ്ങളുടെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് അധികൃതരിൽനിന്ന് കിട്ടിയ മറുപടിയത്രെ.
പ്രതിഷേധിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെ വിദ്യാർഥികൾ രംഗത്തിറങ്ങിയപ്പോൾ പ്രതിഷേധക്കാരെ പറഞ്ഞുവിടാനാണ് നീക്കമുണ്ടായതെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. പരാതിക്കിടയാക്കിയ ഭൂപടം നീക്കാനോ ഇതിനെതിരെ നടപടിയെടുക്കാനോ അധികൃതർ തയാറായില്ലെന്ന ആക്ഷേപമുണ്ട്. സ്ഥാപനത്തെ കാവിവത്കരിക്കാനുള്ള നീക്കങ്ങൾ കുറച്ചുകാലങ്ങളായി നടക്കുകയാണ്.
2023 ഫെബ്രുവരി ആദ്യത്തിൽ എ.ബി.വി.പിക്ക് പരിപാടി നടത്താൻ അവസരമൊരുക്കിയത് വിവാദമായിരുന്നു. വിദ്യാർഥികൾക്ക് അന്തർ സംസ്ഥാന ജീവിതാനുഭവങ്ങൾ പകരാനെന്ന പേരിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ക്ലബിന്റെ ബാനറിലാണ് പരിപാടി നടത്തിയത്. എ.ബി.വി.പി സംസ്ഥാന സെക്രട്ടറിയോടൊപ്പം എൻ.ഐ.ടി ഡയറക്ടറും സ്റ്റുഡന്റ്സ് വെൽഫെയർ ഡീനും പരിപാടിയിൽ പങ്കെടുത്തിരുന്നു.
എ.ബി.വി.പിയുടെ പേര് ഒഴിവാക്കിയാണ് എൻ.ഐ.ടിയിലെ ഗ്രൂപ്പുകളിൽ പരിപാടിയുടെ നോട്ടീസ് പങ്കുവെച്ചതെങ്കിലും ഡയറക്ടർ പ്രസംഗത്തിൽ എ.ബി.വി.പിയെ പരാമർശിക്കുകയും ചെയ്തു. സ്റ്റുഡന്റ്സ് അഫയേഴ്സ് കമ്മിറ്റി പരാതി നൽകിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ചാലപ്പുറം കേസരി ഭവനിൽ പ്രവർത്തിക്കുന്ന മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) എൻ.ഐ.ടിയും തമ്മിൽ സഹകരിച്ചുപ്രവർത്തിക്കാൻ 2023 ഫെബ്രുവരി 24ന് ധാരണപത്രം ഒപ്പിട്ടിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ. എൻ.ഐ.ടിയെ കാവിവത്കരിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ കരാറിനു പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബിനു കീഴിൽ ഒഡിഷ സംഘം എൻ.ഐ.ടിയിൽ എത്തിയത് അടക്കമുള്ള വിവിധ പരിപാടികളും സംഘ്പരിവാർ ആശയപ്രചാരണത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയർന്നതാണ്. സംഘ്പരിവാർ ആശയമുള്ളവർ വ്യാപകമായി നിയമിക്കപ്പെടുന്നുമുണ്ട്.
ഉത്തരേന്ത്യയിൽനിന്നുള്ളവർ മാത്രമല്ല, മലയാളികളായ സംഘ്പരിവാർ പ്രവർത്തകരടക്കം ഇത്തരത്തിൽ നിയമിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.