വി.ഇ.ഒമാരെ തരംതാഴ്ത്താൻ നീക്കം; ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും കൈമാറാൻ ശ്രമം
text_fieldsതൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണ പശ്ചാത്തലത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരുടെ (വി.ഇ.ഒ) ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും കൈമാറാൻ നീക്കം. ഇതിന് അഴിമതിയടക്കം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായി പരാതി. സംസ്ഥാനത്ത് ഗ്രാമവികസന വകുപ്പിന് കീഴിൽ 2000 വി.ഇ.ഒമാരാണ്ട്. സർക്കാറിെൻറ ലൈഫ് ഭവന പദ്ധതി, ഹരിത കേരള മിഷൻ എന്നിവയുടെ മേൽനോട്ടവും നടപ്പാക്കലും ഇവരാണ് നിർവഹിക്കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേൽനോട്ടവുമുണ്ട്.
എന്നാൽ, ജീവനക്കാരിൽ ഒരുശതമാനത്തിെൻറ അഴിമതിയുടെ പേരിൽ 2000 പേരെയും ചുമതലയിൽനിന്ന് ഒഴിവാക്കാനാണ് ശ്രമം. ഇതിന് വിജിലൻസ് റിപ്പോർട്ട് ഉപയോഗപ്പെടുത്തുകയാണെന്ന പരാതിയാണ് ജീവനക്കാർ ഉന്നയിക്കുന്നത്. അഴിമതി നടത്തിയവരെ ശിക്ഷിക്കുന്നതിന് പകരം മുഴുവൻ ജീവക്കാരെയും അവഹേളിക്കുന്ന തരത്തിലുള്ള നടപടിക്കാണ് സർക്കാർ മുതിരുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ഗ്രാമ വികസന കമീഷണറുടെ കാര്യാലയത്തിൽ ഈമാസം ഏഴിന് ഉന്നത ഉദ്യോഗസ്ഥ യോഗം ഓൺലൈനായി ചേരും. വിദ്യാഭ്യാസ, പരിചയ, പ്രായ കുറവ് മൂലം വി.ഇ.ഒമാർക്ക് ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചുമതലകൾ നിർവഹിക്കാൻ സാധിക്കുമോ എന്ന പരിശോധനയാണ് യോഗ ലക്ഷ്യം.
പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി സെക്രട്ടറി, അസി. സെക്രട്ടറിമാരുടെ പുനർവിന്യാസത്തിന് കളമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 40 ശതമാനത്തിന് മുകളിൽ മാർക്കും ജോലി കിട്ടിയ ശേഷം വകുപ്പുതല സർവിസ് പരിശീലനവും നേടിയ സ്വതന്ത്ര പദവിയുള്ള ഉദ്യോഗസ്ഥരാണ് വി.ഇ.ഒമാർ. ഈ അധികാരം പഞ്ചായത്ത് സെക്രട്ടറി/അസി. സെക്രട്ടറിമാർക്ക് നൽകുകയും വി.ഇ.ഒമാരെ ഫീൽഡ് സ്റ്റാഫ് മാത്രമായി തരം താഴുത്തുകയുമാണ് ലക്ഷ്യം. ഇതോടെ ഇവർ ക്ലർക്ക് തസ്തികയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.