സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡിവൈ.എസ്.പി
text_fieldsഡി.വൈ.എസ്.പി വൈ.ആർ റസ്തം
തൃശൂർ: കെ. സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡിവൈ.എസ്.പി വൈ.ആർ. റസ്റ്റം. മോൻസൺ മാവുങ്കലിനെ ജയിലിൽ ചോദ്യം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിവൈ.എസ്.പി. തെളിവുകൾ നേരേത്ത ലഭിച്ചതിനെത്തുടർന്നാണ് സുധാകരനെ കേസിൽ പ്രതി ചേർത്ത് റിപ്പോർട്ട് നൽകിയത്. ഇപ്പോഴത്തെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങളായി. ജയിലില്‍നിന്ന് മോന്‍സൺ സുധാകരനെ ഫോൺ വിളിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
ജയിലില്‍നിന്ന് ആകെ രണ്ടുപേരെ മാത്രമേ ബന്ധപ്പെടാനാകൂ. അത് നേരേത്ത എഴുതിനൽകണം. രേഖകള്‍ പരിശോധിക്കുമ്പോള്‍ മോന്‍സണ്‍ ആകെ ബന്ധപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്‍റെ മകനെയും അഭിഭാഷകനെയും മാത്രമാണ്. കോൺഫറൻസ് കാൾപോലും വിളിക്കാൻ പറ്റില്ലെന്നും ഡിവൈ.എസ്.പി റസ്റ്റം പറഞ്ഞു.
പോക്‌സോ കേസിൽ മോൻസണെ ഭീഷണിപ്പെടുത്തിയിട്ടില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൺതന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈ.എസ്.പി ചോദിച്ചു. പ്രായമായ അമ്മയുള്ള തന്‍റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത് ശരിയായില്ല. പോക്സോ കേസിൽ കെ. സുധാകരന് പങ്കുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും രാഷ്ട്രീയചോദ്യങ്ങളോട് മറുപടി പറയാനില്ലെന്നും ഡിവൈ.എസ്.പി പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.