തട്ടിപ്പുകേസ് പ്രതിക്കെതിരായ പരാതിയിൽ നടപടിയില്ലെന്ന്; എസ്.എച്ച്.ഒക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ഉൾപ്പെടെയുള്ള വീഴ്ചകളെ തുടർന്ന് പാലാരിവട്ടം സ്റ്റേഷൻ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
യൂസ്ഡ് കാർ തട്ടിപ്പുകേസ് പ്രതിക്കെതിരെ യഥാസമയം കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് എസ്.എച്ച്.ഒ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. പാലാരിവട്ടം ആലിൻചുവട് ഭാഗത്ത് യൂസ്ഡ് കാർ സ്ഥാപനം നടത്തിയിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അമലിനെതിരായ പരാതി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാർ ഡി.സി.പിയെ സമീപിച്ചു. അമലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും അന്വേഷണം മന്ദഗതിയിലാണെന്നും ഡി.സി.പിക്കു നൽകിയ പരാതിയിലുണ്ടായിരുന്നു.
തുടർന്ന് തട്ടിപ്പ് സംബന്ധിച്ച അന്വേഷണച്ചുമതല മെട്രോ സ്റ്റേഷൻ എസ്.എച്ച്.ഒക്ക് കൈമാറി. ഇദ്ദേഹത്തിന്‍റെ അന്വേഷണത്തിൽ അമലിന്‍റെ എളമക്കരയിലെ ഫ്ലാറ്റിൽനിന്ന് കൈവിലങ്ങ്, എയർപിസ്റ്റൾ, ബീക്കൺലൈറ്റ് എന്നിവ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും മറ്റും വീഴ്ചവരുത്തിയതായും കണ്ടെത്തി. അമലുമായുള്ള ജോസഫ് സാജന്‍റെ മുൻപരിചയമാണ് കേസെടുക്കാത്തതിനു പിന്നിലെന്നാണ് വിലയിരുത്തൽ.
ഫ്ലാറ്റിൽ കണ്ടെത്തിയ കൈവിലങ്ങ് സിറ്റി പൊലീസിന്റേതല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അമൽ ഓൺലൈനായി വാങ്ങിയതായാണ് സൂചന. ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് കൈവിലങ്ങുകളുടെ എണ്ണം രണ്ടുവട്ടം ശേഖരിച്ചിരുന്നു.
പൊലീസുകാരനാണെന്നും സസ്‌പെൻഷനിലാണെന്നുമാണ് അമൽ ഇടപാടുകാരോട് പറഞ്ഞിരുന്നത്. ഇതു ബോധ്യപ്പെടുത്താനാണ് ഇവ കൈവശംവെച്ചതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.