വന്ദേഭാരത് കെ റെയിലിന് ബദലാവില്ല, ഗുണനിലവാരമുള്ള ട്രെയിനുകൾ കേന്ദ്രത്തിന്‍റെ ഔദാര്യമല്ല -മന്ത്രി റിയാസ്
text_fieldsകണ്ണൂർ: വന്ദേഭാരത് ട്രെയിൻ സിൽവർ ലൈനിന് ബദലാവില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകൾ എന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളിയുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ധർമടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളം. അതിന് അനുയോജ്യമായ തരത്തിൽ പുതിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിനുകൾ അനുവദിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. നിലവിലുള്ള പാത നവീകരിക്കാതെ വന്ദേഭാരത് ഉപയോഗപ്രദമാവില്ല. ജനശതാബ്ദി എക്സ്പ്രസിന്റെ വേഗത്തിൽ മാത്രമേ വന്ദേഭാരതിന് ഇപ്പോൾ സഞ്ചരിക്കാൻ കഴിയൂ. യഥാർഥ വേഗത്തിൽ സഞ്ചരിക്കണമെങ്കിൽ നിലവിലുള്ള പാതയിലെ 600ലധികം വളവുകൾ നിവർത്തേണ്ടതുണ്ട്.
നിലവിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടാതെ ഭൂമി ഏറ്റെടുത്ത് ഈ അവസ്ഥ പരിഹരിക്കാൻ ശ്രമിച്ചാൽതന്നെ 10 മുതൽ 20 വർഷത്തിനുള്ളിലേ ഇത് സാധ്യമാകൂ. എന്നാൽ, ഇത് നടപ്പാക്കാൻ ആവശ്യമായ സ്ഥിതി സംസ്ഥാനത്ത് ഇപ്പോൾ നിലവിലില്ല. അതിനുവരുന്ന ചെലവ് കൂടി പരിശോധിക്കുമ്പോൾ അത് അതിഭീകരമായി മാറുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.