ഹൈകോടതി വിധിയിൽ അപ്പീലിനില്ല; ഇനി സൺഫിലിം ഒട്ടിക്കാമെന്ന് ട്രാൻസ്പോർട് കമീഷണർ
text_fieldsകൊച്ചി: വാഹന ചില്ലുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ച് സേഫ്റ്റി ഗ്ലെയ്സിങ് (നേർത്ത സൺഫിലിം) ഉപയോഗിക്കാമെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. വിധി നടപ്പാക്കാനാണ് തീരുമാനമെന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഹൈകോടതി ഉത്തരവ് യുക്തിസഹമാണെന്ന നിഗമനത്തിലാണ് വകുപ്പ്. നേരത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും സമാന പ്രതികരണം നടത്തിയിരുന്നു. കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം.
അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ തുടരും. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനവും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാല്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈകോടതി വിധി. 2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റി ഗ്ലേസിങ്’ കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്.
ചട്ടത്തിൽ ഭേദഗതി വന്ന ശേഷം ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നവർക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ചട്ട ഭേഗതിക്കു മുന്‍പ് വാഹനത്തിന്റെ ഗ്ലാസില്‍ ടിന്റഡ്, ബ്ലാക്ക് ഫിലിമുകള്‍ ഒട്ടിക്കുന്നത് 'അവിഷേക് ഗോയങ്ക കേസില്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്ന സേഫ്റ്റി ഗ്ലാസ് മാത്രമേ വാഹന നിര്‍മാതാവ് ഉപയോഗിക്കാവൂ എന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.