ഒഴിവുണ്ടായിട്ടും നിയമനമില്ല; എൽ.പി അധ്യാപക റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ
text_fieldsകൊച്ചി: ഒഴിവുണ്ടായിട്ടും നിയമനം ലഭിക്കാതെ ജില്ലയിലെ എൽ.പി എസ്.ടി റാങ്ക് പട്ടികയിലെ ഇരുന്നൂറോളം ഉദ്യോഗാർഥികൾ. 2018 ഡിസംബറിൽ വന്ന റാങ്ക് പട്ടിക ഒരുവർഷം മാത്രം ബാക്കിനിൽക്കെയാണ് ജില്ലയിൽ നൂറോളം ഒഴിവുണ്ടായിട്ടും നിയമനം നടക്കാത്ത അവസ്ഥ.
കഴിഞ്ഞവർഷം 67 ഒഴിവ് തസ്തികമാറ്റ പ്രകാരം നിയമനം നടത്താൻ മാറ്റിവെച്ചതാണ് ഇതിന് കാരണം. ഒന്നോ രണ്ടോ അപേക്ഷകർ മാത്രം ഉള്ളപ്പോഴാണ് ജില്ലയിലെ കാഡർനില ചൂണ്ടിക്കാട്ടി ഇത്തരത്തിൽ ഒഴിവുകൾ മാറ്റിവെക്കാറുള്ളത്. എന്നാൽ, മറ്റ് പല ജില്ലയിലും പത്തിൽ താഴെ ഒഴിവ് മാത്രമാണ് ഇപ്രകാരം മാറ്റിവെക്കുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
വിവിധ സംഘടനകളെയും രാഷ്ട്രീയ നേതാക്കളെയും സമീപിച്ച് പരാതി അറിയിച്ചപ്പോഴാണ് ഈ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. ബാക്കി അറുപതോളം ഒഴിവ് മാറ്റി ലഭിക്കാൻ കടമ്പകളേറെയാണെന്നും അവർ പറഞ്ഞു.
2019ൽ പ്രധാനാധ്യാപകർ വിരമിച്ചതുമൂലം ഉണ്ടാകേണ്ട 62ഓളം ഒഴിവ് കേസ് കാരണം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അടുത്തവർഷം ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കാർ നിർദേശം. ജില്ലയിൽ ഈ തസ്തികയിൽ മാത്രം 47 അധ്യാപകരും 64 പ്രധാനാധ്യാപകരും വിരമിക്കുന്ന ഒഴിവുകളിൽ ഒരെണ്ണംപോലും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വർഷത്തെയും അടുത്ത വർഷത്തെയുംകൂടി ഇരുന്നൂറോളം ഒഴിവ് ഉണ്ടെങ്കിലും ഒരെണ്ണം പോലും ലഭിക്കാത്ത വിഷമത്തിലാണ് ഉദ്യോഗാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.