സമസ്തയെ ഉൾകൊള്ളാത്ത സ്ഥാപനങ്ങളുമായി ബന്ധമില്ല -ജിഫ്രി തങ്ങൾ
text_fieldsമലപ്പുറം: സുന്നത്ത് ജമാഅത്തിന്റെ സരണിയില്‍ അടിയുറച്ച് നിന്ന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഭാഗഭാക്കാവാനും മലപ്പുറത്ത് ചേര്‍ന്ന സമസ്ത നയവിശദീകരണ സംഗമം ആഹ്വാനം ചെയ്തു. സമുദായത്തിന്റെ വിശ്വാസവും കർമവും സംരക്ഷിച്ചു നിര്‍ത്തലാണ് സമസ്തയുടെ മുഖ്യലക്ഷ്യം. അതില്‍ നിന്നും വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവിെല്ലന്നും സംഗമം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് സമുദായത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരട് രൂപവും സംഗമത്തില്‍ അവതരിപ്പിച്ചു.
പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്തയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങൾ സംഘടനയുടെ നിർദേശങ്ങൾ പൂർണമായി അംഗീകരിക്കാൻ തയാറാകണമെന്നും ആശയങ്ങൾ ഉൾക്കൊള്ളണമെന്നും അല്ലാത്ത വിദ്യാഭ്യാസ ഏജൻസിയുമായി സമസ്തക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റു മുസ്ലിം സംഘടനകളുമായി വേദി പങ്കിടാമെന്ന ഹകീം ഫൈസിയുടെ നിലപാട് ആദർശ വ്യതിയാനമാണെന്ന് വിഷയാവതരണം നടത്തിയ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാരംഭ പ്രാർഥന നിര്‍വഹിച്ചു. ഹമീദലി ശിഹാബ് തങ്ങള്‍ വിഡിയോ സന്ദേശം നൽകി. അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി എസ്.വി. മുഹമ്മദലി അവതരിപ്പിച്ചു. സമസ്ത വൈസ് പ്രസിഡന്റുമാരായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്, എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര് നെല്ലായ, സെക്രട്ടറി കെ. ഉമര്‍ഫൈസി മുക്കം, കോഴിക്കോട് വലിയ ഖാദി നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുശാവറ അംഗങ്ങളായ കെ.ടി. ഹംസ മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, പി.കെ. ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, അസ്ഗറലി ഫൈസി പട്ടിക്കാട്, എന്‍. അബ്ദുല്ല മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, സി.കെ. അബ്ദുറഹ്മാന് ഫൈസി അരിപ്ര, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കാടേരി മുഹമ്മദ് മുസ്ലിയാര്, സെയ്താലിക്കുട്ടി ഫൈസി കോറാട് തുടങ്ങിയവർ സംബന്ധിച്ചു. മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര സ്വാഗതവും മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി നന്ദിയും പറഞ്ഞു.
ആരോപണത്തിനുള്ള തെളിവ് കുരുക്കായി
മലപ്പുറം: സമസ്ത വിശദീകരണ സംഗമത്തിൽ സി.ഐ.സിയുടെയും അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെയും ആദർശ വ്യതിയാനത്തിനുള്ള തെളിവായി പുസ്തകം ഉദ്ധരിച്ചത് കുരുക്കായി മാറി. ഉദ്ഘാടന പ്രസംഗത്തിൽ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും അധ്യക്ഷ പ്രസംഗത്തിൽ എം.ടി. അബ്ദുല്ല മുസ്ലിയാരുമാണ് സലഫി കർമശാസ്ത്ര ആശയമുള്ള പാഠപുസ്തകം വാഫി സിലബസിലുണ്ടെന്ന് പറഞ്ഞ് കുരുക്കിലായത്.
ഈജിപ്തിലെ സലഫി പണ്ഡിതനായ അഹ്മദ് ഈസ ആശൂർ രചിച്ച ‘അൽ ഫിഖ്ഹുൽ മുയസ്സർ’ എന്ന ഗ്രന്ഥമാണ് ഇരുവരും തെളിവായി ഉദ്ധരിച്ചത്. അതിൽ തറവീഹ് നമസ്കാരം എട്ട് റകഅത്താണെന്ന് പറയുന്ന ഭാഗം ഉദ്ധരിച്ച് ഇത് സുന്നി കർമശാസ്ത്രമല്ലെന്നും സലഫികളുടേതാണെന്നും സമർഥിച്ചു.
ഇക്കാര്യം വിശദീകരിച്ച് എം.ടി. അബ്ദുല്ല മുസ്ലിയാർ പ്രസംഗിക്കുന്നതിനിടെ, പുസ്തകം തെറ്റായി എം.ടി ഉസ്താദ് ഉദ്ധരിച്ചതാണെന്ന് പറഞ്ഞ് തനിക്ക് ലഭിച്ച വാട്ട്സ്ആപ്പ് സന്ദേശം ജിഫ്രി മുത്തുക്കോയ തങ്ങൾ മൈക്കിനടുത്തെത്തി വായിച്ചു കേൾപ്പിച്ചു. പുസ്തകത്തിലുള്ളത് തന്നെയാണ് പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് പേജ് നമ്പർ അടക്കം വായിച്ച് എം.ടി. അബ്ദുല്ല മുസ്ലിയാർ വിശദീകരിച്ചു. ഇതോടെ വാഫി സിലബസിൽ പ്രസ്തുത പുസ്തകം ഇല്ലെന്നും ഇതേ പേരിലുള്ള മറ്റൊരു പുസ്തകമാണെന്നും വ്യക്തമാക്കി സമൂഹ മാധ്യമങ്ങളിലടക്കം പോസ്റ്റുകൾ വരാൻ തുടങ്ങി. സുന്നികൾ പിന്തുടരുന്ന ശാഫി മദ്ഹബിലെ പ്രമുഖ പണ്ഡിതൻ തഖിയുദ്ദീൻ ഹുസനിയുടെ ‘കിഫായത്തുൽ അഖിയാർ’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹ രൂപമായ ‘അൽ ഫിഖ്ഹുൽ മുയസ്സറാ’ണ് വാഫി സിലബസിലുള്ളതെന്നും എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ധരിച്ചത് തെറ്റാണെന്നും വ്യക്തമാക്കിയായിരുന്നു പോസ്റ്റുകൾ. പട്ടിക്കാട് ജാമിഅ നൂരിയയിലെ അധ്യാപകനായ അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, കുണ്ടൂർ കോളജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഖാസിമി, അബ്ദുല്ല ഖാസിമി എന്നിവർ ചേർന്നാണ് ഈ സംഗ്രഹം തയാറാക്കിയത്.
തെളിവ് ഉദ്ധരിച്ചതിൽ വസ്തുതാപരമായ പിശക് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായതോടെ പിന്നീട് പ്രസംഗിച്ച അബ്ദുസമദ് പൂക്കോട്ടൂർ അത് തിരുത്തി. എം.ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞപ്പോൾ ഒരു കിതാബിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും ആ കിതാബല്ല പഠിപ്പിക്കുന്നതെന്ന് അവരുടെ ആളുകൾ വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.