‘ഇനി ആരെയും ഇത്തരത്തിൽ അധിക്ഷേപിക്കരുത്’ നിയമപോരാട്ടത്തിൽനിന്ന് പിന്നോട്ടില്ല -മറിയക്കുട്ടി
text_fieldsഅടിമാലി: പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് തെരുവിൽ ഭിക്ഷയെടുക്കാൻ സമരം നടത്തിയ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണം നടത്തിയവരെ നിയമപോരാട്ടത്തിലൂടെ നേരിടുമെന്ന് ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി. ഒരു പത്രവും പാർട്ടി പ്രവർത്തകരും തനിക്കെതിരെ വ്യാപക ആക്ഷേപമാണ് നടത്തിയത്. വീടിനുനേരെ കല്ലേറും നടത്തി.
തെരുവിൽ ഭിക്ഷയെടുത്തതിന് പരസ്യമായി അധിക്ഷേപിച്ചു. വില്ലേജിൽനിന്ന് സ്വത്തില്ലെന്ന സാക്ഷ്യപത്രം കിട്ടിയതോടെ ആക്ഷേപം അൽപം കുറഞ്ഞെങ്കിലും വയോധികയായ താൻ നേരിട്ട പ്രയാസവും പ്രതിസന്ധിയും വിവരണാതീതമാണെന്ന് ഇവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മാനനഷ്ടക്കേസ് നൽകും. ഇനി ആരെയും ഇത്തരത്തിൽ അപമാനിക്കാതിരിക്കാനാണ് ഈ നടപടിയെന്നും മറിയക്കുട്ടി പറഞ്ഞു.
പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് നവംബർ എട്ടിനാണ് വയോധികരായ അടിമാലി ഇരുന്നൂറേക്കര്‍ പൊന്നെടുക്കാന്‍പാറ മറിയക്കുട്ടി (87), പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പ് (80) എന്നിവർ ചട്ടിയുമായി അടിമാലി ടൗണില്‍ ഭിക്ഷയെടുത്തത്. സി.പി.എം മുഖപത്രത്തിൽ മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്ന തരത്തിൽ വാർത്ത വന്നിരുന്നു. പിന്നാലെ 1.5 ഏക്കർ സ്ഥലം മറിയക്കുട്ടിക്കുണ്ടെന്നും രണ്ട് വാർക്കവീടുകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നും മകള്‍ വിദേശത്താണെന്നുമടക്കമുള്ള വാർത്തകൾ സൈബർ ഇടങ്ങളിലും പ്രചരിച്ചു. ഒടുവിൽ മറിയക്കുട്ടി തന്നെ ഇറങ്ങി തനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങളുടെ മുനയൊടിച്ചു.
ബുധനാഴ്ച മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണെന്നും ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ വന്ന വാര്‍ത്ത പിശകാണെന്ന് പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’ തിരുത്തും നൽകി.
തനിക്കെതിരെ നടന്ന പ്രചാരണങ്ങളിൽ നടപടിയാവശ്യപ്പെട്ടും കൃത്യമായി പെന്ഷന് നല്കണമെന്നുമാവശ്യപ്പെട്ടുമാണ് മറിയക്കുട്ടി കോടതിയെ സമീപിക്കുന്നത്. വിവിധ സംഘടനകളും നിയമസഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.