മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിൽ മാറ്റമില്ല; ജനറൽ സെക്രട്ടറിയായി പി.എം.എ സലാം തുടരും
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് നേതൃസ്ഥാനത്ത് പാണക്കാട് സാദിഖലി തങ്ങളും പി.എം.എ. സലാമും തുടരും. ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപനം. വെള്ളിയാഴ്ച ജില്ല ഭാരവാഹികളുമായും ശനിയാഴ്ച ഉന്നത നേതാക്കളുമായും സാദിഖലി തങ്ങൾ നടത്തിയ ചർച്ചക്കുശേഷം തയാറാക്കിയ പാനൽ കൗൺസിലിൽ പ്രഖ്യാപിക്കുകയും ഐകകണ്ഠ്യേന അംഗീകരിക്കുകയുമായിരുന്നു. റിട്ടേണിങ് ഓഫിസറായ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
സി.ടി. അഹമ്മദലി തന്നെയാണ് ട്രഷറർ. വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ. കരീം, സി.എച്ച്. റഷീദ്, ടി.എം. സലീം, സി.പി. ബാവഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുല്ല, സി.പി. സൈതലവി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, സി.പി. ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പി.എം. സാദിഖലി, പാറക്കൽ അബ്ദുല്ല, യു.സി. രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം എന്നിവരെ തെരഞ്ഞെടുത്തു. 26 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളെയും പ്രഖ്യാപിച്ചു.
പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രഷറർ എന്നിവക്കുപുറമെ എട്ടുവീതം വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും 21 സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് വ്യവസ്ഥയെങ്കിലും സമവായ നീക്കങ്ങളുടെ ഭാഗമായി കൗൺസിൽ അംഗീകാരത്തോടെ കൂടുതൽ പേരെ ഉൾപ്പെടുത്തുകയായിരുന്നു.
ഇതനുസരിച്ച് 10 വൈസ് പ്രസിഡന്റുമാരും 11 സെക്രട്ടറിമാരും 26 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണുണ്ടാവുക. ഹൈദരലി തങ്ങളുടെ മരണത്തെത്തുടർന്നാണ് സാദിഖലി തങ്ങൾ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.പി.എ. മജീദ് ജന.
സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ മുതൽ ജന. സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു പി.എം.എ. സലാം. അടുത്ത നാലുവർഷം ഇനി ഇവരാകും ലീഗിനെ നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.