നെല്ല് സംഭരണത്തിൽ പ്രതിസന്ധിയില്ല, കിഴിവ് അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ -മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ പ്രതിസന്ധിയില്ലെന്നും മാനദണ്ഡപ്രകാരമുള്ള കിഴിവ് അംഗീകരിക്കുക മാത്രമേ വഴിയുള്ളൂവെന്നും മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കിഴിവിനെ സംബന്ധിച്ച തർക്കമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകാൻ കാരണം. കേന്ദ്രസർക്കാറിന്റെ വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും നെല്ലെടുക്കുന്നത്. എഫ്.സി.ഐ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡമായ ഫെയർ ആവറേജ് ക്വാളിറ്റി (എഫ്.എ.ക്യു) പാലിക്കുന്ന നെല്ല് മാത്രമേ എടുക്കാൻ പാടുള്ളൂ.
നെല്ലിൽ ബാഹ്യഘടകങ്ങളുടെ സാന്നിധ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ജൈവം - ഒരു ശതമാനം, അജൈവം - ഒരു ശതമാനം, കേടായത്/മുളച്ചത്/കീടബാധയേറ്റത് - നാല് ശതമാനം, നിറം മാറിയത് - ഒരു ശതമാനം, പതിര് മൂന്ന് ശതമാനം, താഴ്ന്ന ഇനങ്ങളുടെ കലർപ്പ് -ആറ് ശതമാനം, ഈർപ്പം - 17 ശതമാനം എന്നിങ്ങനെയാണ് പരിധി. അതിലപ്പുറം ബാഹ്യഘടകങ്ങളുള്ള നെല്ല് സംഭരിക്കേണ്ടതില്ലെന്നാണ് കേന്ദ്രനിർദേശം. കുട്ടനാട് പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലിൽ ഈയളവിൽ കവിഞ്ഞ് ബാഹ്യഘടകങ്ങൾ കാണുന്നുണ്ട്. എന്നാൽ, കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംസ്ഥാന സർക്കാർ സംഭരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുഴുവൻ നെല്ലും സംഭരിക്കുന്നതിന് ഈ നിബന്ധനകൾ മറികടക്കുന്നതിനാണ് കിഴിവ് എന്ന ക്രമീകരണം നിലവിലുള്ളത്. മുൻവർഷങ്ങളിലെല്ലാം ഇത് നിലനിന്നിട്ടുണ്ട്. ഈ വർഷം കിഴിവില്ലാതെ സംഭരിക്കണമെന്ന് കർഷകരുടെ പേരിൽ ചിലർ തെറ്റായ സമ്മർദം ചെലുത്തുകയാണ്. ബാഹ്യഘടകങ്ങളുടെ ശാസ്ത്രീയമായ തോത് നിശ്ചയിച്ച് നൽകാമെന്നു പറഞ്ഞിട്ടും അതിന് വഴങ്ങാതെ, ചിലർ സമ്മർദം ചെലുത്തുകയും കർഷകരെ വഴിതെറ്റിക്കുകയുമാണ്. തർക്കങ്ങൾ ഉടലെടുക്കുന്ന സ്ഥലങ്ങളിൽ കലക്ടർമാർ ഉൾപ്പെടെ ഇടപെടുന്നുണ്ട്.
ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാംവിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു. ഇനി ഏകദേശം 1.67 ലക്ഷം മെട്രിക് ടൺ സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഏകദേശം 45ഉം കുട്ടനാട് 70 ശതമാനത്തോളവും കൊയ്ത്ത് പൂർത്തിയായി. മാർച്ച് 15 വരെ പി.ആർ.എസ് അംഗീകാരമുള്ള കർഷകർക്ക് വില നൽകാനാവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നൽകി വരികയാണെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.