തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലേക്ക് നേരിട്ട് വിമാന സർവിസില്ല; ഹാജിമാരും പ്രവാസികളും വലയുന്നു
text_fieldsശംഖുംമുഖം: തിരുവനന്തപുരത്തുനിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ട് വിമാന സർവിസുകള്‍ ഇല്ലാത്തത് ഹാജിമാരെയും പ്രവാസികളെയും വലയ്ക്കുന്നു.
ജിദ്ദയിലെത്താന്‍ കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കുന്നത് കാരണം യാത്രക്കാര്‍ മണിക്കൂറുകളോളം മറ്റ് രാജ്യങ്ങളുടെ വിമാനത്താവളങ്ങളില്‍ കാത്തിരിക്കേണ്ടിവരുന്നു. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവിസുകള്‍ നടത്തുമ്പോഴാണ് മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് നേരിട്ട് സർവിസ് നടത്താത്തത്. സൗദി എയര്‍ലൈന്‍സ് അധികൃതര്‍ നേരത്തേ ആഴ്ചയിൽ രണ്ടുദിവസം തിരുവനന്തപുരത്തേക്ക് സർവിസ് നടത്തിയിരുന്നു. തുടര്‍ന്ന് പറക്കാന്‍ അനുമതി പുതുക്കി നല്‍കാന്‍ കേന്ദ്രം തയാറാകാതെ വന്നതോടെ സൗദി എയര്‍ലൈന്‍സ് കൊച്ചിയില്‍നിന്നും കരിപ്പൂരില്‍നിന്നും മാത്രം സർവിസ് പരിമിതപ്പെടുത്തി.
സർവിസുകളുടെ എണ്ണം കൂടിയാലേ വിമാന ടിക്കറ്റ് നിരക്ക് കുറയൂ. അധിക തുക നല്‍കി പറക്കേണ്ടിവരുന്നത് കാരണം കൊല്ലത്തും പത്തനംതിട്ടയിലുമുള്ള യാത്രക്കാര്‍ വിദേശത്തേക്ക് പറക്കാന്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞ കൊച്ചിയെ ആശ്രയിക്കുകയാണ്. തമിഴ്നാട്ടില്‍ കന്യാകുമാരി ജില്ലയില്‍നിന്നും വിദേശത്തേക്ക് പറക്കുന്ന യാത്രക്കാര്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത് തിരുവനന്തപുരം വിമാനത്താവളത്തെയാണ്. എന്നാല്‍, ടിക്കറ്റ് നിരക്കിലെ വർധന കാരണം തമിഴ്നാട്ടിലെ തന്നെ മറ്റ് എയര്‍പോര്‍ട്ടുകളെ ഇവരും ആശ്രയിച്ചുതുടങ്ങി.
കൂടുതല്‍ സർവിസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ അദാനി ഗ്രൂപ് തുടങ്ങിയെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിലെ പക്ഷയിടിയും ലാന്‍ഡിങ്ങിന് തടസ്സമായി നില്‍ക്കുന്ന നിർമിതികളും കാരണം പല വിദേശ എയര്‍ലൈനുകളും പറക്കാന്‍ മടിക്കുന്ന അവസ്ഥയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതൽ സർവിസ് ആരംഭിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ എയര്‍ലൈന്‍സുകളെ സമീപിച്ചിരിക്കുകയാണ്. നിലവില്‍ തിരുവനന്തപുരത്തുനിന്ന് കുവൈത്തിലേക്ക് കുവൈറ്റ് എയര്‍വേസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത്.
ജെസീറ എയര്‍വേസ് പോലുള്ള വിമാനങ്ങൾ വന്നാല്‍ ടിക്കറ്റ് നിരക്ക് കുറയുന്നതിനൊപ്പം നേരിട്ടുള്ള സർവിസുമാകുമെന്ന് യാത്രക്കാർ പറയുന്നു.
ആഭ്യന്തര സർവിസുകൾ വർധിപ്പിക്കുന്നു
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള ആഭ്യന്തര സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നു. യാത്രക്കാരുടെ നിരന്തര ആവശ‍്യം പരിഗണിച്ചാണ് ആഴ്ചയിൽ സർവിസുകളുടെ എണ്ണം അറുപതിൽനിന്ന് 79 ആയി വർധിക്കുന്നത്. ഇതോടെ വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവിസുകൾ തലസ്ഥാനത്തുനിന്ന് പറന്നുതുടങ്ങും.
ഇൻഡിഗോ എയർലൈൻസ് ബംഗളൂരുവിലേക്കുള്ള സർവിസുകളുടെ എണ്ണം ആഴ്ചയിൽ ഏഴിൽനിന്ന് 20 ആയി വർധിപ്പിക്കും. ദിവസേന രാവിലെയും വൈകീട്ടും ഒരോ സർവിസുണ്ടാകും.
കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സർവിസ് ഉണ്ടാകും. നിലവിൽ ആഴ്ചയിൽ നാലുദിവസമാണ് സർവിസുള്ളത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സർവിസ് ഉണ്ടാകും. വേനൽക്കാല ഷെഡ്യൂളിൽ ഡൽഹി, പുണെ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും കൂടുതൽ സർവിസ് തുടങ്ങുമെന്ന് വിമാനത്താവള അധികൃതർ വ‍്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.