തീപിടിത്തത്തിൽ അട്ടിമറി സംശയമില്ലെന്ന് മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് തുമ്പ കിൻഫ്ര പാർക്കിലെ തീപിടിത്തത്തിൽ അട്ടിമറി സംശയമില്ലെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡി ജീവൻ ബാബു. നേരത്തെ കൊല്ലത്തെ മരുന്നുസംഭരണകേന്ദ്രത്തിലും തീപ്പിടിത്തമുണ്ടായത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. പൊട്ടിത്തെറിയെ തുടർന്ന് തീപിടിച്ചെന്നാണ് പ്രാഥമിക വിവരമെന്ന് അദ്ദേഹം പറഞ്ഞു.
മരുന്നുകളും ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെ രാസവസ്തുക്കളും വേറെവേറെയായാണ് സൂക്ഷിച്ചിരുന്നത്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ഇല്ലായിരുന്നു. ബ്ലീച്ചിങ് പൗഡർ പരിശോധനയ്ക്ക് അയക്കും. കൊല്ലത്തും തുമ്പയിലും ഗോഡൗണുകളില്‍ തീ പിടിച്ചതെങ്ങനെയെന്ന് വിശദമായ പരിശോധന നടത്തും. വിശദമായ ഫോറൻസിക് പരിശോധന ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുലർച്ചെ ഒരുമണിയോടെയാണ് കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ മരുന്നുസംഭരണ കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത്. രാസവസ്തുകൾ സൂക്ഷിക്കുന്ന ഗോഡൗൺ കെട്ടിടം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും എത്തിയാണ് തീയണച്ചത്. തീയണക്കുന്നതിനിടെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) മരിച്ചിരുന്നു. ഭിത്തി തകർന്ന് ദേഹത്ത് വീണതിനെ തുടർന്നായിരുന്നു ദാരുണാന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.