നാടോടുമ്പോൾ നടുവേ ഓടാനാകാതെ പൊലീസ്
text_fieldsതൃശൂർ: എന്നും വാഹനാപകടങ്ങൾ. ചിലത് ആളുകളുടെ മരണത്തിൽ കലാശിക്കുന്നു. അശ്രദ്ധക്കൊപ്പം നിയമലംഘനവും അപകട കാരണമാവുന്നുണ്ട്. ഒരുഭാഗത്ത് ലഹരി വിപത്ത്. മറുഭാഗത്ത് പിടിച്ചുപറി. ഇപ്പുറം അക്രമപരമ്പര.
അപ്പുറം തട്ടിപ്പ്. നവീന സംവിധാനങ്ങൾ ഉപയോഗിച്ച് പുത്തൻ അക്രമ രീതികളെ തുരത്താൻ നിയമപാലന സംവിധാനം നവീകരിക്കാതെ രക്ഷയില്ല. വമ്പൻ സന്നാഹങ്ങളുമായി അക്രമികൾ വിലസുമ്പോൾ നവീന സംവിധാനങ്ങളുടെ അഭാവം പൊലീസിനെ അടക്കം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം സുരക്ഷിതമായി പുറത്തിറങ്ങാൻ അവസരം ഒരുക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായതിനൊപ്പം വാഹനപ്പെരുപ്പവും അപകടങ്ങൾ കൂട്ടുകയാണ്. അപകടങ്ങൾ ഒപ്പിയെടുക്കാനുള്ള സംവിധാനങ്ങൾ വല്ലാതെ കുറവാണ്. ഉള്ളവതന്നെ മിക്കതും മിഴിയടച്ചു.
ന്യൂജെൻ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് വലിയ തോതിലാണ് പ്രശ്നം സൃഷ്ടിക്കുന്നത്. നൂതന സംവിധാനങ്ങൾ നൽകാതിരുന്നാൽ പൊലീസ് വകുപ്പ് നിർവീര്യമാവും.
പരിമിതമായ സൗകര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഇത്തരം സംവിധാനങ്ങൾ കൂടി നൽകിയാൽ അത് നാട്ടിലെ ക്രമസമാധാന പാലനത്തിന് വലിയ മുതൽക്കൂട്ടാവും.
ദൃശ്യങ്ങൾക്ക് സ്വകാര്യ കാമറകളെ ആശ്രയിച്ച് പൊലീസ്
തൃശൂർ: രാത്രിയോ പകലോ എന്നില്ലാതെ ഏത് സമയത്തും നടക്കുന്ന അതിക്രമങ്ങൾ ഒപ്പിയെടുക്കാൻ അത്യാധുനിക കാമറകൾ ഏറെയുണ്ട്. എന്നാൽ, ആഭ്യന്തര വകുപ്പ് പൊലീസിന് ഇത്തരം സംവിധനങ്ങൾ തുലോം കുറവാണ് നൽകുന്നത്.
ഇത്തരം പ്രശ്നം ഉണ്ടായാൽ ദൃശ്യങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങളെയോ വീട്ടുകാരെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊലീസ്. അതേസമയം, ദൃശ്യങ്ങൾ പൊലീസ് അന്വേഷിച്ച് വരുന്നതിനാൽ വീട്ടുവളപ്പിലേക്ക് കാമറ ഒതുക്കുകയാണ് വീട്ടുകാർ. പൊല്ലാപ്പ് പിടിക്കേണ്ടതില്ലെന്ന തിരിച്ചറിവാണ് പലരെയും പിന്തിരിപ്പിക്കുന്നത്.
അത്യാധുനിക നിർമിതബുദ്ധി കാമറകൾ എവിടെ
തൃശൂർ: റോഡിലെ നിയമലംഘനം കൈയോടെ പിടികൂടുന്ന അത്യാധുനിക നിർമിതബുദ്ധി കാമറകൾ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചുവെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. കെൽട്രോൺ സജ്ജമാക്കുന്ന 60 നിർമിതബുദ്ധി കാമറകളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
ദേശീയപാതകളിലും സംസ്ഥാനപാതകളിലുമാകും കൂടുതൽ കാമറകൾ. സ്ഥിരം അപകട റൂട്ടുകളിലും നിയമലംഘനം നടക്കുന്ന റോഡുകളിലും കാമറകളുണ്ട്. തിരക്കേറിയ ഗ്രാമീണ റോഡുകളിൽ വരെ ഇവയുണ്ട്.
മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റിന്റെ കൺട്രോൾ റൂം വഴി നിയന്ത്രിക്കുന്ന സംവിധാനത്തിൽ വാഹനത്തിനുള്ളിലെ ദൃശ്യം വരെ ഒപ്പിയെടുക്കാൻ കാമറക്കാകും. കാമറയിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് തപാൽ വഴി നോട്ടീസ് നൽകും.
പിഴ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിയും വരും. ഖജനാവിലേക്ക് പണം എത്തിക്കുന്ന സംവിധാനമായിട്ടും അധികൃതർ പുറംതിരിഞ്ഞു നിൽക്കുന്നത് എന്താണെന്ന് നാട്ടുകാർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.